രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കുറ്റവിമുക്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഒരു ഓഫീസ് മാത്രമാണോ വിജിലന്‍സ്. അങ്ങനെയുള്ള ചില സംശയങ്ങള്‍ പൊതു ജനത്തില്‍ ഉണ്ടാവുക സ്വാഭാവികം. കാരണം കെ എം മാണിയ്ക്ക് പിന്നാലെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ടോം ജോസ് കുറ്റവിമുക്തന്‍. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണം അവസാനിപ്പിച്ചത്.
തൊഴില്‍ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അവസാനിപ്പിച്ചു. അനധികൃത സ്വത്തുക്കളില്ലെന്നു കണ്ടെത്തി ടോം ജോസിനെ കുറ്റവിമുക്തനാക്കി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു. വിജിലന്‍സിന് പുതിയ മുഖം നല്‍കിയ ഡിജിപി ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണു ടോം ജോസിനെതിരെ കേസ് എടുത്തത്. ജേക്കബ് തോമസ് മാറിയതോടെ കേസിന്റെ ഗതി തന്നെ മാറി. ടോം ജോസ് കുറ്റവിമുക്തനുമായി.
ടോം ജോസ് അനധികൃതമായി 1.19 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നായിരുന്നു ജേക്കബ് തോമസ് രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയത്. 2010 മുതല്‍ 2016 സെപ്റ്റംബര്‍ വരെയുള്ള കാലത്ത് ടോം ജോസ് 1.19 കോടി രൂപയുടെ അനധികൃത സ്വത്തു സമ്പാദിച്ചെന്നു ആരോപിക്കുന്ന എഫ് ഐആര്‍ വിജിലന്‍സ് ഡിവൈഎസ്‌പി കെ.ആര്‍. വേണുഗോപാല്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍, അനധികൃത സ്വത്തില്ലെന്നും കുടുംബ ആസ്തി മാത്രമാണുള്ളതെന്നും വ്യക്തമാക്കിയാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്.
ടോം ജോസിന്റെ കലൂര്‍ ജവാഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയം ലിങ്ക് റോഡിലുള്ള ഇംപീരിയല്‍ ടവര്‍, തിരുവനന്തപുരം വെള്ളയമ്പലത്തെ വാടക ഫ്‌ളാറ്റ്, ഭാര്യയുടെ ഇരിങ്ങാലക്കുടയിലെ വീട് എന്നിവിടങ്ങളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ 170 രേഖകള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചില്ലെന്നാണു വിജിലന്‍സ് വ്യക്തമാക്കിയത്. ഐഎഎസ് അസോസിയേഷന്റെ എതിർപ്പ് മറികടന്ന് ടോം ജോസിനെ എട്ടര മണിക്കൂർ ചോദ്യം ചെയ്തു. ഇതിനെല്ലാമൊടുവിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിലാണ് ടോം ജോസിനെ അന്വേഷണ സംഘം കുറ്റവിമുക്തനാക്കിയത്. കൂടാതെ ഭാര്യാപിതാവില്‍ നിന്നു ടോം ജോസിന്റെ മകനു ലഭിച്ച പണം പിന്നീടു ടോം ജോസിനു നല്‍കിയെന്നും ഇത് അനധികൃത സ്വത്തായി കാണാനാവില്ലെന്നും വിജിലന്‍സ് വാദിച്ചു.ആ പണത്തിന്റെ കണക്കു സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കണമെന്നു കോടതി മുന്പ് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ചും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണു കേസ് അവസാനിപ്പിച്ചത്. കുട്ടാ വിമുക്തനായത്തോടെ ചീഫ് സെക്രട്ടറിയാകാനുള്ള സാധ്യതയും ടോം ജോസിന് മുമ്പില്‍ തുറക്കുപ്പെടുകയാണ്.
Post Your Comments