തിരുവനന്തപുരം: കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ലിഗയുടെ സഹോദരി ഇലീസയെ സഹായിക്കാനായി പണപ്പിരിവ് നടത്തിയെന്ന പേരില്‍ അശ്വതി ജ്വാലക്കെതിരെയുള്ള പരാതി കള്ളക്കേസില്‍ കുടുക്കാന്‍ ആണെന്ന് ആരോപണം. സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരെ അന്വേഷണം നടത്താനായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തനിക്ക് ലഭിച്ച പരാതി ഐ.ജി.മനോജ് എബ്രഹാമിന് കൈമാറി. എന്നാല്‍ ഇതിനെതിരെ ഇപ്പോഴേ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നു കഴിഞ്ഞു.
അശ്വതി അനധികൃത പണപ്പിരിവ് നടത്തിയെന്ന് കോവളം പനങ്ങോട് സ്വദേശി അനില്‍കുമാറാണ് പരാതിപ്പെട്ടത്. 3.8 ലക്ഷം രൂപ ഇത്തരത്തില്‍ അശ്വതി പിരിച്ചെടുത്തുവെന്നാണ് പരാതി. എന്നാൽ നേരത്തെ, വിദേശവനിതയെ കാണാതായത് സംബന്ധിച്ച പരാതി പറയാനെത്തിയ തങ്ങളോട് മുഖ്യമന്ത്രിയും ഡി.ജി.പിയും മോശമായി പെരുമാറിയെന്ന അശ്വതി ജ്വാലയുടെ ആരോപണം വിവാദമായിരുന്നു. ഇതിന് പ്രതികാരമായി കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നു എന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
ഇപ്പോഴും വാടകവീട്ടിൽ താമസിക്കുകയാണ് അശ്വതിയും കുടുംബവും. ജ്വാല ഫൗണ്ടേഷന്റെ പേരിൽ കഴിഞ്ഞ വർഷമാണ് വളരെയേറെ കഷ്ടപ്പെട്ട് 12 സെന്റ് ഭൂമി വാങ്ങിയത്. ഇതിൽ തന്നെ ഏഴെട്ടു ലക്ഷം രൂപ കടബാധ്യതയും ഇവർക്കുണ്ടെങ്കിലും ഇപ്പോഴും പാവപ്പെട്ടവർക്കായുള്ള പൊതിച്ചോറ് വിതരണം മുടങ്ങാതെ ഇവർ നടത്തുന്നുണ്ട്. ഇവർക്കെതിരെ മറ്റു ചില സാമൂഹിക പ്രവർത്തകരും ഏറെ നാളായി പ്രവർത്തിക്കുന്നുണ്ടെന്നാണ് അശ്വതിയോടു അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കാണുന്ന വിഷയവുമായി ബന്ധപ്പെട്ട അശ്വതി സർക്കാരിനെതിരെ പ്രതികരിച്ചത് വിവാദമായിരുന്നു.
Post Your Comments