തിരുവനന്തപുരം: കൗമാര പ്രായത്തിൽ പിതാവിനാലും പിതാവിന്റെ ഒത്താശയോടെ മറ്റു പതിനൊന്നു പേരാലും ബലാൽസംഗം ചെയ്യപ്പെട്ട യുവതിക്ക് പറയാനുള്ളത് ഇതാണ്.”ഞാനെന്തിന് മറഞ്ഞിരിക്കണം? അങ്ങനെ മൂടിവയ്ക്കപ്പെടേണ്ട ഒന്നാണ് എന്റെ വ്യക്തിത്വം എന്ന് എനിക്ക് തോന്നിയിട്ടില്ല. കൊച്ചുപെണ്‍കുട്ടി ആയിരിക്കെ മനുഷ്യത്വമില്ലാതെ എന്നെ ബുദ്ധിമുട്ടിച്ചവരെയൊക്കെ കോടതി ശിക്ഷിച്ചു. മുഖം പുറത്തുകാട്ടാനും സ്വന്തം പേരു വെളിപ്പെടുത്താനും ലജ്ജ തോന്നേണ്ടത് അവര്‍ക്കല്ലേ?’- കൗമാരപ്രായത്തില്‍ തന്നെ ബലാത്സംഗം ചെയ്ത, സ്വന്തം പിതാവ് ഉള്‍പ്പെടെ പന്ത്രണ്ടുപേര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതി ശിക്ഷ ഉറപ്പാക്കിയ ഈ പെണ്‍കുട്ടി പറയുന്നു.
ഞാന്‍ വെറുമൊരു സ്ഥലപ്പേരല്ല, എന്റെ പേര് രഹനാസ്. മറ്റു പതിനൊന്നു പേര്‍ക്കുകൂടി സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ അവസരമൊരുക്കിക്കൊടുത്ത എന്‍പികെ ഹാരിസ് ആണ് രഹനാസിന്റെ ബാപ്പ. ഒന്നാം പ്രതി. അയാള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നു. അന്ന് കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്ന എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ കേസന്വേഷണം വളരെ നന്നായി നടന്നതും പ്രതികള്‍ക്ക് കടുത്ത ശിക്ഷ കിട്ടാനിടയാക്കി. അന്വേഷണ സംഘത്തെ നയിച്ചവരുടെ ജാഗ്രത മൂലം അന്വേഷണത്തിന്റെ പേരിലുള്ള ബുദ്ധിമുട്ടിക്കലുകള്‍ രഹനാസിനു കാര്യമായി ഉണ്ടായില്ല.
കേസായി, അടുത്ത വര്‍ഷംതന്നെ വിധിയും വന്നു. പൊതുപരിപാടികളുടെ മൈക്ക് അനൗണ്‍സ്‌മെന്റ് ജോലിയായിരുന്നു ഹാരിസിന്. നിയന്ത്രണമില്ലാതെ കുടിച്ച് വീട്ടിലെത്തിയാല്‍ ഭാര്യയ്ക്കും നാല് മക്കള്‍ക്കും ചീത്തവിളിയും തല്ലും. മൂത്തമകളാണ് രഹനാസ്. താഴെ രണ്ട് അനിയത്തിമാരും ആങ്ങളയും. മക്കളെ പഠിപ്പിക്കുന്നതിലൊന്നും ഹാരിസിന് താല്‍പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് ഒൻപതാം ക്ലാസില്‍ എത്തുന്നതിനു മുൻപ് മൂത്ത മകളുടെ പഠനം നിലച്ചു. പപ്പടം ഉണ്ടാക്കുന്നിടത്തും തുണിക്കടയിലുമൊക്കെ ഹാരിസ് ഇടയ്ക്കു കൊണ്ടുചെന്നു ജോലിക്കു നിര്‍ത്തി. പിന്നീട് ഹാരിസിനും മറ്റുള്ളവര്‍ക്കും എതിരേ പൊലീസ് കേസെടുത്തതോടെ ജീവിതം തിരുവനന്തപുരത്തേക്കു മാറി.
രഹനാസിന്റെ ദുരിതജീവിതത്തില്‍ ഇടപെട്ട പ്രാദേശിക സാമൂഹികപ്രവര്‍ത്തകരാണ് അതിനും വഴിയൊരുക്കിയത്. തിരുവനന്തപുരത്തെത്തി വൈകാതെ പഠനം തുടര്‍ന്നു. 2009 മാര്‍ച്ചില്‍ പത്താം ക്ലാസ് ജയിച്ചു. ആ വര്‍ഷം തന്നെയാണ് കേസില്‍ വിധിയും ഉണ്ടായത്. തനിക്കുണ്ടായ ദുരനുഭവങ്ങള്‍ക്കു പിന്നിലെ ആളുകളേക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരോടും കോടതിയിലും പറയാന്‍ മടിച്ചില്ല. അവര്‍ക്ക് ശിക്ഷ ലഭിക്കുക തന്നെ വേണമെന്ന് ഉറച്ചാണ് രഹനാസ് നീങ്ങിയത്. മഹിളാ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി ആയിരുന്ന ഇപ്പോഴത്തെ മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ നേരിട്ടുതന്നെ ഇടപെട്ടിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം ടീച്ചര്‍ മന്ത്രിയും രഹനാസ് നിയമ വിദ്യാര്‍ത്ഥിയുമായി അവര്‍ കണ്ടുമുട്ടി.അച്ഛനുള്‍പ്പെടെ പന്ത്രണ്ടുപേര്‍ ബലാല്‍സംഗം ചെയ്ത കൗമാരക്കാരി വിട്ടുവീഴ്ചയില്ലാതെ പൊരുതി പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കി. ഒൻപതാംക്ലാസില്‍ നിന്നുപോയ പഠനം വീണ്ടെടുത്ത് ഉന്നത വിദ്യാഭ്യാസം നടത്തുകയും ചെയ്തു. ഇപ്പോള്‍ 25 ല്‍ എത്തിയ പെണ്‍കുട്ടി മെയ് 12ന് അഭിഭാഷകയായി എന്റോള്‍ ചെയ്യും. ഒരു ഓൺലൈൻ മാധ്യമമാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments