Latest NewsDevotional

നിലവിളക്ക് കൊളുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട എട്ടുകാര്യങ്ങള്‍

ഹൈന്ദവ വിശ്വാസം പുലര്‍ത്തുന്ന വീടുകളില്‍ നിലവിളക്ക് കൊളുത്തുന്ന പതിവ് കേരളീയ സംസ്കാരത്തോളം പഴക്കമുള്ള ഒന്നാണ്. ഐശ്വര്യത്തിന്റെ പ്രതീകമായാണ് ദിവസവും നിലവിളക്കു കൊളുത്തുന്നത്. അന്ധകാരമകറ്റി ജീവിതത്തെ പ്രകാശപൂരിതമാക്കാനുള്ള പ്രാർത്ഥനയെന്നോണം നിലവിളക്കു കൊളുത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഓട്, വെള്ളി, പിത്തള, സ്വര്‍ണ്ണം എന്നീ ലോഹങ്ങളിൽ നിർമ്മിച്ച നിലവിളക്കുകവാണ് ദിനവും കൊളുത്തേണ്ടത്. ബ്രഹ്മാ-വിഷ്ണു-മഹേശ്വരൻമാരുടെ ചൈതന്യം ഉൾക്കൊള്ളുന്ന നിലവിളക്കിനെ ദേവിയുടെ പ്രതിരൂപമായാണ് കണക്കാക്കുന്നത്. ഈ ചൈതന്യശ്രോതസ്സിന്റെ ഭാരം ഭൂമീദേവിക്കു നേരിട്ടു താങ്ങാനാവില്ല എന്നാണ് വിശ്വാസം. അതിനാൽ പീഠത്തിനു മുകളിൽ വച്ചാണ് വിളക്ക് കൊളുത്തേണ്ടത്. കൂടാതെ ദിനവും കഴുകി മിനുക്കിയ ശേഷം മാത്രമാവണം വിളക്കു കൊളുത്തേണ്ടത്. വിളക്കു തെളിയിക്കുന്ന വ്യക്തിക്കും തിക‍ഞ്ഞ ശുദ്ധി ഉണ്ടായിരിക്കണം. വിളക്ക് കൊളുത്തുന്നതിനു മുന്പ് തുളസിയിലകൊണ്ടു വെള്ളം തളിച്ച് സ്ഥലശുദ്ധി വരുത്തണം.

ദേഹശുദ്ധി വരുത്തിയ ശേഷം മാത്രമേ വിളക്കു കൊളുത്താവൂ. ഈ സമയം പാദരക്ഷകൾ ഉപയോഗിക്കയോ കൈയ്യടിക്കുകയോ ചെയ്യുന്നത് ഐശ്വര്യക്കേടായി പഴമക്കാര്‍ പറയുന്നു. വിളക്ക് സന്ധ്യാ സമയത്ത് മാത്രമല്ല പുലര്കാലത്തും കത്തിക്കാവുന്നതാണ്. ആദിത്യ ദേവനെ വണങ്ങുന്നതിനാണ് നിലവിളക്കു കൊളുത്തുന്നത്. അതിനാൽ സൂര്യോദയത്തിലും അസ്തമയസമയത്തും നിലവിളക്ക് കൊളുത്തേണ്ടതുണ്ട്. രണ്ടു സമയങ്ങളിലും തിരി കൊളുത്തുന്നതിലും ശ്രദ്ധിക്കണം. പ്രഭാതത്തിൽ ഉദയ സൂര്യനെ നമിക്കുന്നതിനായി കിഴക്കു ഭാഗത്തെ തിരിയും സായാഹ്നത്തിൽ അസ്തമയ സൂര്യനെ വണങ്ങി പശ്ചിമദിക്കിലേയ്ക്കുള്ള തിരിയുമാണ് ആദ്യം കൊളുത്തേണ്ടത്.

കിഴക്കു ദിക്കിലേക്കും പടിഞ്ഞാറു ദിക്കിലേക്കും ഈരണ്ടു തിരികളിട്ട് വിളക്കു കൊളുത്തണമെന്നാണ് പ്രമാണം. രണ്ടു തിരികളിടുന്നതിലൂടെ ധനവൃദ്ധിക്കും അഞ്ചുതിരികൾ കൊളുത്തുന്നത് സര്‍വൈശ്വര്യത്തിനും കാരണമാകും. ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയെ ക്ഷണിച്ചു വരുത്തുമെന്നാണ് വിശ്വാസം. മൂന്നു തിരികളും നാലു തിരികളുമിടുന്നത് ദാരിദ്ര്യത്തിന് കാരണമാകുമെന്നാണ് വിശ്വാസം. വിളക്കിലെ എണ്ണമുഴുവന്‍ വറ്റി കരിന്തിരി കത്തുന്നതും അശുഭമാണ്. പാചകം ചെയ്ത എണ്ണയോ, വെള്ളം കലർന്ന എണ്ണയോ നിലവിളക്കിൽ ഉപയോഗിക്കരുത്. മൃഗക്കൊഴുപ്പിൽ നിന്നെടുത്ത എണ്ണ ഉപയോഗിക്കുന്നതും ദോഷകരമാണ്. എള്ളെണ്ണ ഉപയോഗിക്കുന്നത് ഉത്തമമായി കരുതുന്നു. പിന്നെയുള്ളത് തിരികളണയ്ക്കുമ്പോൾ ഊതി കെടുത്തരുത്. പുഷ്പം ഉപയോഗിച്ച് കെടുത്തുന്നതാണ് ഉത്തമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button