ഗുവാഹാട്ടി: മിസോറമില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ അപൂര്‍വ്വ സഖ്യം. മിസോറമിലെ ചക്മ ട്രൈബല്‍ കൗണ്‍സിലിലേക്കു നടന്ന തിരഞ്ഞെടുപ്പിലാണ് സഖ്യം. ബുദ്ധമതക്കാരുടെ സ്വയംഭരണ സ്ഥാപനമായ ചക്മ ജില്ലാ കൗണ്‍സില്‍. ഇവിടേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. നിലവില്‍ അധികാരം കൈയ്യാളിയിരുന്ന കോണ്‍ഗ്രസിന് 20 അംഗ കൗണ്‍സിലില്‍ ആറ് സീറ്റുകള്‍ മാത്രമാണ് കിട്ടിയത്.
ബിജെപിക്ക് അഞ്ച് സീറ്റുകളും ലഭിച്ചു. ബിജെപിയുടെ വിശാല സഖ്യത്തില്‍ ഉള്‍പ്പെട്ട എംഎന്‍എഫ് എട്ട് സീറ്റുകള്‍ നേടി കൗണ്‍സിലിലെ ഏറ്റവും വലിയ കക്ഷിയായി. എംഎന്‍എഫുമായി ചേര്‍ന്ന് ഭരണം പിടിക്കാനായിരുന്നു ബിജെപി പദ്ധതി. ഇക്കാര്യം വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ എംഎന്‍എഫിനെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താനായിരുന്നു ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം.
അങ്ങനെയാണ് കോണ്‍ഗ്രസുമായി സഖ്യത്തിലെത്താന്‍ ധാരണയായത്. കോണ്‍ഗ്രസുമായുണ്ടാക്കിയ ഉടമ്പടി പ്രകാരം ബിജെപി നേതാവിന് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനവും കോണ്‍ഗ്രസിന് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും നല്‍കും. മിസോ നാഷണല്‍ ഫ്രണ്ടിനെതിരെയാണ് (എംഎന്‍എഫ്) കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചത്.
Post Your Comments