പിണറായിയിലെ അരും കൊലകൾ ചെയ്തത് എന്തിനെന്ന് വെളിപ്പെടുത്തി സൗമ്യ: മറ്റു രണ്ടുപേർ കസ്റ്റഡിയിൽ

കണ്ണൂര്‍/തലശേരി : പിണറായി പടന്നക്കരയിലെ കുടുംബാംഗങ്ങളുടെ ദുരൂഹമരണം ആസൂത്രിതമായ അരുംകൊല. മക്കളും മാതാപിതാക്കളും അടക്കം നാലുപേരെ ഇല്ലാതാക്കിയശേഷം കുടുംബത്തില്‍ അവശേഷിച്ച ഏകവ്യക്‌തി സൗമ്യ കേസില്‍ അറസ്‌റ്റില്‍. പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), ഭാര്യ കമല (65), പേരക്കുട്ടി ഐശ്വര്യ കിഷോര്‍(8) എന്നിവര്‍ മരിച്ച കേസിലാണ് കുട്ടിയുടെ അമ്മ സൗമ്യ(28)യെ അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. ഭക്ഷണത്തില്‍ വിഷംകലര്‍ത്തി നല്‍കിയാണ് മകളെയും അച്ഛനമ്മമാരെയും കൊലപ്പെടുത്തിയതെന്ന് പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചു.

ഒന്നരവയസുള്ള മകള്‍ കീര്‍ത്തനയുടെ മരണം സ്വാഭാവികമാണെന്ന് പൊലീസ് പറഞ്ഞു. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ രാത്രി സൗമ്യ ക്രൈം ബ്രാഞ്ചിനോടു കുറ്റം സമ്മതിക്കുകയായിരുന്നു. മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്മക്ക് മീൻ കറിയിലുമാണ് വിഷം കലര്‍ത്തി നല്‍കിയത്. തന്റെ സുഖജീവിതത്തിന് തടസ്സമാവുമെന്ന് കണ്ടാണ് മകളെയും അച്ഛനമ്മമാരെയും ഇല്ലാതാക്കിയതെന്നാണ് പ്രതിയുടെ കുറ്റസമ്മതമൊഴി.പിടിവീഴുമെന്നറിഞ്ഞ സൗമ്യ ഇതേവിഷം കഴിച്ച്‌ ആശുപത്രിയിലായതിനു പിന്നാലെയാണ്‌ അറസ്‌റ്റ്‌.ആദ്യം സഹകരിക്കാതിരുന്ന യുവതി പിടിച്ചുനില്‍ക്കാനാവാതെ ഒടുവില്‍ വിഷംനല്‍കി കൊലപ്പെടുത്തിയ കാര്യം സമ്മതിക്കുകയായിരുന്നു.

സൗമ്യയുമായി ബന്ധമുള്ള മൂന്നു യുവാക്കാള്‍ കസ്‌റ്റഡിയിലാണ്‌. ഇവരുടെ അറസ്‌റ്റ്‌ ഇന്ന്‌ രേഖപ്പെടുത്തിയേക്കും. യുവാക്കള്‍ക്ക്‌ കൊലപാതകത്തില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്‌. മകള്‍ ഐശ്വര്യയുടെ മൃതദേഹം തിങ്കളാഴ്ച വൈകിട്ട് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയതിനു പിന്നാലെയാണ് അമ്മയെ കസ്റ്റഡിയിലെടുത്തത്. പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ആന്തരികാവയവങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തിലും വിഷാംശം ചെന്നതായി കണ്ടെത്തിയിരുന്നു.

കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ശരീരത്തില്‍ വിഷാംശം കലര്‍ന്നതായി നേരത്തെ പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായതാണ്. വര്‍ഷങ്ങളായി വിവാഹബന്ധം വേര്‍പ്പെടുത്തി കഴിയുന്ന സൗമ്യയുടെ ഫോണ്‍ രേഖകളും പോലീസ്‌ പരിശോധിച്ചു വരികയാണ്‌. മരണവുമായി ബന്ധപ്പെട്ട് സൗമ്യയുടെ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ മുപ്പതിലേറെ പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളും ശാസ്ത്രീയതെളിവുകളും വെച്ചായിരുന്നു ചോദ്യംചെയ്യല്‍. കീര്‍ത്തനയുടേതൊഴികെ മൂന്ന് മാസത്തിനിടെ നടന്ന മൂന്നുമരണവും എലി വിഷത്തില്‍ ഉപയോഗിക്കുന്ന അലുമിനിയംഫോസ്ഫേറ്റ് അകത്തു ചെന്നായിരുന്നുവെന്നു പരിശോധനയിൽ തെളിഞ്ഞു.

പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ പിതാവ്‌ കുഞ്ഞിക്കണ്ണന്‍ (78), മാതാവ്‌ കമല (68) പെണ്‍മക്കളായ ഐശ്വര്യ (ഒന്‍പത്‌), കീര്‍ത്തന (ഒന്ന്‌) എന്നിവരാണ്‌ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്‌. കീര്‍ത്തന 2012 സെപ്‌റ്റംബറിലും മറ്റുമൂന്നുപേര്‍ കഴിഞ്ഞ നാലുമാസത്തിനിടെയുമാണ്‌ കൊല്ലപ്പെട്ടത്‌. നാലുപേരുടേയും മരണം വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനു പിന്നാലെയായിരുന്നു. കഴിഞ്ഞ ജനുവരി ഏഴിനാണ് മൂത്തകുട്ടി ഐശ്വര്യയെ ഛര്‍ദിയും വയറില്‍ അസുഖവുംബാധിച്ച്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച തികയുമ്ബോഴേക്കും മരിച്ചു. സൗമ്യയുടെ അമ്മ കമലയെ മാര്‍ച്ച്‌ നാലിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴിന് മരിച്ചു. പത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ മൂന്നാംനാള്‍ മരിച്ചു. ഇതോടെയാണ് അന്വേഷണ ആവശ്യം ശക്തമായത്.

ഭര്‍ത്താവ്‌ തന്നെ മുൻപൊരിക്കല്‍ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അതില്‍നിന്നാണ്‌ എലിവിഷം നല്‍കാന്‍ പ്രചോദനമുണ്ടായതെന്നും സൗമ്യ പറയുന്നു. അതേസമയം ആറുവര്‍ഷം മുൻപ് മരിച്ച കീര്‍ത്തനയുടെ മരണത്തില്‍ പങ്കില്ലെന്നാണു സൗമ്യയുടെ അവകാശവാദം. മരണവീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയതില്‍ സൗമ്യ അസ്വസ്‌ഥയായിരുന്നു എന്നു പറയപ്പെടുന്നു. അന്വേഷണം തനിക്കുനേരെയും തിരിയുമെന്നുവന്നതോടെ വിഷം കഴിച്ചു ദുരൂഹത സൃഷ്‌ടിക്കാനായിരുന്നു നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസ്‌ നേരിട്ട്‌ ഇടപെട്ടതോടെ ക്രൈം ബ്രാഞ്ച്‌ ഡി.വൈ.എസ്‌.പി രഘുരാമന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുന്നതിനായി തലശേരിയില്‍ എത്തുകയായിരുന്നു.

Share
Leave a Comment