കാസര്‍കോട്: ഓരോരുത്തര്‍ക്കും ഒരോ ലിറ്റര്‍ പെട്രോളുമായി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന നിയമം പാലിച്ചവര്‍ക്കാണ് ഒരു ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ വാഹന വകുപ്പ് സമ്മാനിക്കുന്നത്. റോഡ് സുരക്ഷാ വാരത്തിന് തുടക്കം കുറിച്ചാണ് അധികൃതര്‍ സമ്മാന വിദ്യ നടപ്പിലാക്കിയത്. കാസര്‍കോട് ചന്ദ്രഗിരിപ്പാലം റോഡ്, വിദ്യാനഗര്‍ അന്ധവിദ്യാലയത്തിനു സമീപം, പഴയ പ്രസ് ക്ലബ് ജംഗ്ഷന്‍ എന്നിവിടങ്ങളിലായി നാല്‍പതോളം വാഹനങ്ങള്‍ പരിശോധിച്ചതില്‍ കാര്‍ ഓടിച്ച രണ്ടു വനിതകളുള്‍പ്പെടെ ഇരുപതു പേരാണു സമ്മാനത്തിന് അര്‍ഹരായത്.
മോട്ടോര്‍ വാഹന വകുപ്പ്, കെഎല്‍14 റൈഡേഴ്‌സ് ക്ലബ് നേതൃത്വത്തില്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സമ്മാനാര്‍ഹരെ കണ്ടെത്തിയത്. റോഡ് സുരക്ഷാനിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയമം പാലിക്കാനുള്ള പ്രവണത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഓഫറുമായി വാഹന വകുപ്പ് രംഗത്തെത്തിയത്. വില കുതിച്ചുകയറിയ പെട്രോള്‍ തന്നെ സമ്മാനമായി കിട്ടിയപ്പോള്‍ വിജയികള്‍ക്ക് ഏറെ അദ്ഭുതവും കൗതുകവും.
നിയമം പാലിച്ചു വാഹനം ഓടിക്കുന്നവരില്‍ വനിതകളാണ് മുന്നിലെന്ന് അധികൃതര്‍ അറിയിച്ചു. ആറു കാര്‍, രണ്ട് ഓട്ടോ, ഒരു പിക്കപ്പ് വാന്‍, 11 ഇരുചക്ര വാഹനങ്ങള്‍ക്കുമാണ് ഒരു ലീറ്റര്‍ വീതം പെട്രോള്‍ സമ്മാനമായി ലഭിച്ചത്. നിരത്തില്‍ വാഹനപരിശോധന കണ്ട് കാര്യമറിയാതെ ഒട്ടേറെ വാഹനങ്ങള്‍ തിരിഞ്ഞോടി. ആര്‍ടിഒ ബാബു ജോണ്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എകെ രാജീവന്‍, അസി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിഷോര്‍, റൈഡര്‍ മൂസ ഷരീഫ് പെര്‍വാഡ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പെട്രോള്‍ സമ്മാനത്തോടെയുള്ള വാഹന പരിശോധന ഇന്നും തുടരുമെന്ന് അധകൃതര്‍ അറിയിച്ചു.
Post Your Comments