ദുബായ് : യുഎസില്‍ മരിച്ച പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ കാത്തിരുന്ന സൗദി അറേബ്യന്‍ കുടുംബം ശവപ്പെട്ടി തുറന്നപ്പോള്‍ ഞെട്ടി. ശവപ്പെട്ടിയുടെ ഷിപ്പിങ്ങ് നമ്പറും യുഎസ് അധികൃതര്‍ നല്‍കിയ രേഖകളിലെ നമ്പറും ചേരുന്നില്ല എന്നതായിരുന്നു ആദ്യത്തെ പ്രശ്‌നം. സംശയത്തെ തുടര്‍ന്ന് ശവപ്പെട്ടി തുറന്നപ്പോള്‍ അതില്‍ പിതാവിന്റെ മൃതദേഹമായിരുന്നില്ല ഉണ്ടായിരുന്നത്. ആളുമാറിപ്പോയിരുന്നു. പിതാവിനെ നഷ്ടപ്പെട്ട കുടുംബത്തിന് വീണ്ടും വേദനയും ഞെട്ടലും ഉണ്ടാക്കുന്നതായിരുന്നു ഈ സംഭവം.
വാഷിങ്ടണില്‍ അടുത്തിടെയാണ് സൗദി പൗരന്‍ മരിച്ചതെന്ന് അദ്ദേഹത്തിന്റെ മൂത്ത മകന്‍ ബദാര്‍ അബു തലീബ് പ്രതികരിച്ചു. മരണാനന്തര ചടങ്ങുകള്‍ക്കായി മൃതദേഹം സൗദിയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിക്കുകയും ഇതിനായുള്ള നടപടികള്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് ശവപ്പെട്ടി ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. ഇവിടെ വച്ചാണ് രേഖകളിലെ പൊരുത്തക്കേട് മനസിലായതെന്നും തലീബ് പറഞ്ഞു.
യുഎസില്‍ നിന്നും എത്തിയ ശവപ്പെട്ടിയില്‍ യൂറോപ്യന്‍ പൗരനെന്നു സംശയിക്കുന്ന ഒരു വ്യക്തിയുടെ മൃതദേഹമായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് പിതാവിന്റെ മൃതദേഹത്തിനായി 20 ദിവസത്തോളം അന്വേഷണം നടത്തി. ഒടുവില്‍ മറ്റൊരു രാജ്യത്തു നിന്നും സ്വന്തം പിതാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏതു രാജ്യത്തു നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് കുടുംബം വ്യക്തമാക്കിയില്ല.
Post Your Comments