Latest NewsKeralaNews

സംസ്ഥാനത്ത് വര്‍ഗീയ കലാപം ലക്ഷ്യമിട്ട് തീവ്രവാദികള്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ നുഴഞ്ഞുകയറുന്നു : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ഇങ്ങനെ

തിരുവനന്തപുരം : മതതീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി രഹസ്യബന്ധം പുലര്‍ത്തുന്നവര്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ നുഴഞ്ഞുകയറുന്നതായി ഇന്റലിജന്‍സ്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള ഇരുമുന്നണിയിലുംപെട്ട പ്രധാന രാഷ്ട്രീയ പാര്‍ട്ടികളിലെല്ലാം ഇവരുടെ സാന്നിധ്യമുണ്ട് . രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗങ്ങളായവരും അനുഭാവികളായവരും ഇത്തരത്തില്‍ തീവ്രസ്വഭാവമുള്ള മത സംഘടനകളുമായി ബന്ധപ്പെടുന്നുണ്ടെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.

ഏതെല്ലാം രാഷ്ട്രീയ പാര്‍ട്ടികളിലാണു ഇത്തരക്കാര്‍ കൂടുതലായുള്ളതെന്നും അവരുടെ വിവരങ്ങളും ഇന്റലിജന്‍സ് ശേഖരിക്കുന്നുണ്ടെന്നാണറിയുന്നത്. വര്‍ഗീയകലാപം ലക്ഷ്യമിട്ട് ഏതെങ്കിലും വിഷയത്തില്‍ പ്രതിഷേധം ആളിക്കത്തിച്ച് ജനവികാരം ഇളക്കിവിടാനാണ് ചില സംഘടനകള്‍ ശ്രമിക്കുന്നത്. ഇക്കാര്യം പോലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനും വ്യക്തമായിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കിടയിലോ കലാപത്തിനിടയിലോ പിടിയിലാവുന്നവര്‍ മതതീവ്രവാദസംഘടനയിലുള്ളവര്‍ മാത്രമല്ലെന്നും പ്രധാന രാഷ്ട്രീയപാര്‍ട്ടിയിലുള്ളവര്‍ക്കു പങ്കുണ്ടെന്നും വരുത്തിത്തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നുഴഞ്ഞുകയറുന്നതെന്നാണ് ഇന്റലിജന്‍സിനു ലഭിച്ച വിവരം.

ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കൊപ്പം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരെയോ അനുഭാവികളെയോ പിടികൂടിയാല്‍ രാഷ്ട്രീയപാര്‍ട്ടികളും സമാനചിന്താഗതി പുലര്‍ത്തുന്നവരാണെന്ന് പ്രചരിപ്പിക്കാനും ഇതിലൂടെ മതതീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്കു സാധിക്കും. ഇത്തരം ലക്ഷ്യവുമായി ചില സംഘടനകളുടെ നേതൃത്വം അണിയറയില്‍ സജീവമായി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞതായി ഇന്റലിജന്‍സ് കരുതുന്നു. അടുത്തിടെ നടന്ന വാട്ട്‌സ്ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഒരുപ്രത്യേക വിഭാഗത്തിനുനേരെ വിരല്‍ ചൂണ്ടുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴാണ് പിടികൂടിയവരില്‍ പ്രധാനരാഷ്ട്രീയ പാര്‍ട്ടിയിലുള്ളവര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്താവുന്നത്.

ഇതോടെ വാട്സ് ആപ്പ് ഹര്‍ത്താലിനു പിന്തുണയ്ക്കുന്നില്ലെന്ന് പരസ്യമായി പ്രതികരിച്ച പാര്‍ട്ടിവരെ പ്രതിസ്ഥാനത്തായി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ നേതൃത്വം പോലും അറിയാതെയാണ് ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയാനും കടകള്‍ അടപ്പിക്കാനും ചിലര്‍ രംഗത്തെത്തിയത്. വാട്‌സ് ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പിടിയിലായവരെല്ലാം ഒരേ ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്നവരാണെന്നാണു പോലീസ് കരുതുന്നത്. സംഘടിതമായാണ് ഹര്‍ത്താല്‍ ആക്രമണം നടന്നിട്ടുള്ളത്.

ഓരേ രീതിയില്‍ ഇത്തരത്തിലുള്ള ആക്രമണം നടത്തിയതിനു പിന്നില്‍ ഗൂഢാലോചനയും നടന്നിട്ടുണ്ട്. ഇതിനുള്ള തെളിവുകള്‍ ശേഖരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണു പ്രധാനരാഷ്ട്രീയ പാര്‍ട്ടികള്‍ ലക്ഷ്യമിട്ട് നുഴഞ്ഞുകയറാന്‍ ചിലര്‍ ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button