തോമസ് ചെറിയാന്‍ കെ
ബിജെപി ദേശീയ അധ്യക്ഷന്‍ പ്രതിയെന്ന് “ആരോപണ”മുയര്‍ന്ന വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവേ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിബിഐ പ്രത്യേക ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണം സ്വതന്ത്രമായി അന്വേഷണം നടത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയതോടെ കേസ് വീണ്ടും അനിശ്ചിതത്ത്വത്തിലേക്ക് നീങ്ങുമോ എന്ന ചിന്തയിലാണ് ഇപ്പോള്‍ രാജ്യം . 2014 ഡിസംബര്‍ ഒന്നിന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജസ്റ്റിസ് ലോയ അക്കാലയളവില്‍ കൈകാര്യം ചെയ്തിരുന്നത് രാജ്യം ഞെട്ടലോടെ കണ്ട സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കേസില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്തതോടെയാണ് വിഷയം അതീവ ഗൗരമായി മാറിയതും ഏറെ ചര്‍ച്ചകള്‍ക്കും വിവിധ നിലപാടിനും വിമര്‍ശന ശരങ്ങള്‍ക്കും ആരംഭം കുറിച്ചത് .
സത്യം തെളിയും മുന്‍പ് തന്നെ ബിജെപി സര്‍ക്കാരിനു നേരയെുള്ള തുറുപ്പു ചീട്ടായി മറ്റു പാര്‍ട്ടികള്‍ക്ക് കേസിനെ മാറ്റാനും അധികം സമയം വേണ്ടി വന്നില്ല. കേസ് ബോംബേ ഹൈക്കോടതിയിലടക്കം വാദം നടന്നപ്പോള്‍ അടിക്കടി ജഡ്ജിമാര്‍ മാറിയതും ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. നിലവില്‍ കോടതി തള്ളിയ സ്വതന്ത്രാന്വേഷണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പൊതു താല്‍പര്യ ഹര്‍ജികളും കോടതി മുന്‍പാകെ ഹാജരായെന്ന വസ്തുതയും ഈ സമയത്ത് മറന്നു കൂടാ. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്‍കൈ എടുത്ത് നടത്തിയ തുടര്‍ച്ചയായ ഈ “ഹര്‍ജി നല്‍കല്‍” കേസിനെ രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടി ഉപയോഗിക്കുകയായിരുന്നോ എന്നും ഭരണ പക്ഷമായ ബിജെപിയ്ക്ക് നേരെയുള്ള രാഷ്ട്രീയ വജ്രായുധമായി കേസിനെ വളച്ചൊടിച്ച് നീതിപീഠത്തിന്‌റെ വിലയേറിയ സമയം കോണ്‍ഗ്രസ് നഷ്ടപ്പെടുത്തുകയായരുന്നോ എന്നും ജനങ്ങളില്‍ സംശയമുയരുന്നുണ്ട്.
നിലവില്‍ കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ചിനു മുന്‍പാകെയാണ് പൊതു താല്‍പര്യ ഹര്‍ജികള്‍ പലതും എത്തിയത്. എന്നാല്‍ പൊതു താല്‍പര്യ ഹര്‍ജികള്‍ ഒരാളെ മാത്രം ലക്ഷ്യം വയ്ക്കുന്നതാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. ജസ്റ്റിസ് ലോയ മരണപ്പെടുന്ന സമയം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവര്‍ ഇപ്പോള്‍ ബോംബേ ഹൈക്കോടതിയില്‍ ജഡ്ജിമാരാണ്. കേസില്‍ സ്വതന്ത്രാന്വേഷണം പ്രഖ്യാപിച്ചാല്‍ ക്രിമിനല്‍ നിയമം 161ാം വകുപ്പ് പ്രകാരം ഈ ജഡ്ജിമാരുടെ മൊഴി രേഖപ്പെടുത്തണം. ഇതില്‍ ഊന്നല്‍ നല്‍കി തന്നെയാകണം കോണ്‍ഗ്രസ് നേതാവ് തെഹ്സിന്‍ പൂനാവാല, ബോംബേ ലോയേഴ്സ് അസോസിയേഷന്‍ എന്നിവര്‍ ലോയയുടെ മരണത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പര്യ ഹര്‍ജികള്‍ നല്‍കിയത്. ഹര്‍ജി സുപ്രീം കോടതി തള്ളുന്നതിനു മുന്‍പും സ്വതന്ത്രാന്വേഷണം നടത്തെണ്ടെന്ന വാദം പലഭാഗത്തു നിന്നും ഉയര്‍ന്നിരുന്നു. ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനു വിവരങ്ങളൊന്നും ഇല്ലെന്ന് ആഭ്യന്തര സഹമന്ത്രി ഹാന്‍സ് രാജ് ഗംഗാറാം ആഹിര്‍ രാജ്യസഭയില്‍ പറഞ്ഞതും ഈ വിഷയത്തില്‍ സര്‍ക്കാരിനു മേല്‍ ഏറെ വിമര്‍ശനങ്ങളുണ്ടാകുന്നതിന് കാരണമായിരുന്നു. ക്രമസമാധാനമെന്നത് അതതു സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്നതാണെന്ന അദ്ദേഹത്തിനറെ വാദം മഹാരാഷ്ട്ര സര്‍ക്കാരിന് കേസില്‍ ഇടപെടാമെന്നതാണോ എന്നും ചോദ്യശരങ്ങളുണ്ടായി.
ഇതിനിടെ ജസ്റ്റിസ് .ബി.എച്ച് ലോയയുടെ മൃതദ്ദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തതില്‍ വന്‍ ബാഹ്യ ഇടപെടല്‍ നടന്നതായി വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടും പുറത്തായിരുന്നു. ‘കാരവന്‍’ എന്ന മാസികയാണ് ആരോപണവുമായി രംഗത്തെത്തിയത് . ലോയയുടെ മരണം കൊലപാതകമാണെന്ന കുടുംബാംഗങ്ങളുടെ സംശയം ശരിവയ്ക്കും വിധം പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ ബാഹ്യ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് കാരവന്‍ പുറത്തു വിട്ടത്. മരണകാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. നാഗ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കാരവന്‍ നടത്തിയ അന്വേഷണത്തില്‍ പറയുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകളായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് രേഖകളില്‍ പേര് ചേര്‍ക്കപ്പെട്ടിട്ടില്ലാത്ത ഒരു ഡോക്ടര്‍ റിപ്പോര്‍ട്ടില്‍ എന്തൊക്കെ വേണം , വേണ്ട എന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നെന്ന വാര്‍ത്ത കേസിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. പല പോസ്റ്റ്‌മോര്‍ട്ടങ്ങളിലും തന്റെ സ്വാധീനം ഉപയോഗിച്ച് ഈ ഡോക്ടര്‍ ക്രമക്കേട് നടത്തിയതായി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ അന്വേഷണവും നടന്നിരുന്നു. നാഗ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്ക് വിഭാഗം മേധാവി ഡോ. എന്‍.കെ. തും റാംമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നാണ് ഔദ്യോഗിക രേഖകളിലെ വിവരം. എന്നാല്‍ ഇന്ദിരഗാന്ധി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക്ക് മേധാവി ഡോ. മകരന്ദ് വ്യവഹാരയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്ന ആരോപണവും പിന്നീട് പുറത്ത് വന്നു.
മഹാരാഷ്ട്ര സര്‍ക്കാരിലെ രണ്ടാമനായ ധനമന്ത്രി സുധീര്‍ മുങാന്തിവാറിന്റെ സഹോദരീ ഭര്‍ത്താവ് കൂടിയാണ് വ്യവഹാരെ. ഇദ്ദേഹം മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍ അംഗവുമാണ്. ലോയയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മുറിയില്‍ നേരത്തെ എത്തിയ ഇദ്ദേഹം ലോയയുടെ തലയ്ക്കു പിന്നിലുളള മുറിവ് ചൂണ്ടിക്കാട്ടി അത് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താതിരുന്നത് ചോദ്യം ചെയ്ത ജൂനിയര്‍ ഡോക്ടറെ ശകാരിച്ചെന്ന വാര്‍ത്തയും കാരവന്‍ പുറത്തു വിട്ടിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് നിലവില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണകാരണം മറ്റൊന്നാണെന്ന് സംശയമുണര്‍ത്തുന്നതിന് കാരണമാകുന്ന വസ്തുതകളൊക്കെ ചേര്‍ക്കാതിരിയ്ക്കാന്‍ വ്യവഹാരെ ശ്രമിച്ചിരുന്നുവെന്നും കാരവന്‍ പറയുന്നു. രേഖകളില്‍ പേരുവയ്ക്കാത്ത ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു മേല്‍ വന്‍ സ്വാധീനം ചെലുത്തിയെന്നത് കേസില്‍ ബാഹ്യശക്തിയുടെ ഇടപെടല്‍ ശക്തമാണെന്നതിനറെ തെളിവാണെന്നുമാണ് കാരവന്‌റെ ആരോപണം. ലോയ മരണപ്പെടുന്നതിന് മുന്‍പെടുത്തെന്ന പേരിലുള്ള ഇസിജി റിസല്‍ട്ടും ഇതിനിടെ പ്രചരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വൈരുദ്ധ്യങ്ങളും ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. എന്നാല്‍ സ്വതന്ത്രാന്വേഷണം വേണമെന്ന വാദത്തെ എതിര്‍ത്ത മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ ഇസിജി റിപ്പോര്‍ട്ട് സുപ്രീം കോടതിയ്ക്കു മുന്‍പാകെ ഹാജരാക്കാതിരുന്നതും കേസില്‍ അട്ടിമറി നീക്കം നടന്നതായുള്ള സംശയത്തിന് ആക്കം കൂട്ടുന്നുവെന്ന് കാരവന്‍ പറഞ്ഞിരുന്നു.
ലോയയുടെ മരണം സ്വാഭാവികമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ആരേപണങ്ങള്‍ ഈ റിപ്പോര്‍ട്ടിനെ സംശയത്തിന്റെ കരിനിഴലില്‍ വീഴ്ത്തുന്നു. നാഗ്പൂര്‍ മെഡിക്കല്‍ കോളേജിലെ മുന്‍പും ഇപ്പോഴുമുള്ള ജീവനക്കാരില്‍ നിന്നാണ് കാരവന്‍ വിവരശേഖരണം നടത്തിയതായി പറയുന്നത്. എന്നാല്‍ ഇവര്‍ പൊലീസ്, ഭരണകൂടം, കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഉന്നതര്‍ എന്നവരെ ഭീതിയോടെയാണ് കാണുന്നതെന്നും കാരവന്‍ ആരോപിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ സ്വാധീനം ചെലുത്തി കൃത്രിമം കാട്ടിതിന് വിവിധ കേസുകളില്‍ അന്വേഷണം നേരിടേണ്ടി വന്ന വ്യക്തിയാണ് വ്യവഹാരെയെന്നു പല മാധ്യമങ്ങളും ആരോപണം നടത്തിയിരുന്നു.
2014 ഡിസംബര്‍ ഒന്നിന് ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ നാഗ്പൂരിലെത്തിയ ലോയ പിറ്റേന്ന് മരണപ്പെട്ടതു മുതല്‍ നാളിതു വരെ നടന്ന അന്വേഷണത്തില്‍ ഉന്നതരുടെ സ്വാധീനമുണ്ടെന്ന പ്രചരണത്തിന് തടയിടാനെന്നവണ്ണമായിരുന്നു സ്വതന്ത്രാന്വേഷണം നടത്തണമെന്ന ഹര്‍ജി സുപ്രീം കോടതി മുന്‍പാകെ എത്തുന്നത് എന്നാല്‍ കോടതി ഇത് തള്ളിയതോടെ കേസ് തെളിയിക്കപെടാത്ത അനവധി കേസുകളുടെ കൂട്ടത്തിലേക്ക് നീങ്ങുമോ അതോ കൃത്യമായ അന്വേഷണം ഉറപ്പു വരുത്തി സത്യം തെളിയിക്കുന്നതില്‍ കോടതി നേതൃത്വം നല്‍കുമോയെന്ന ചിന്തയാണ് ജനമനസുകളില്‍ നിറയുന്നത്. എന്നാല്‍ രാജ്യത്തെ ഞെട്ടിച്ച അനവധി കേസുകളില്‍ സത്യത്തിന്‌റെ പൊന്‍ വെളിച്ചം വീശിയ സുപ്രീം കോടതി ഈക്കാര്യത്തില്‍ എടുത്ത നിലപാടും ശരിയാണെന്നും, ആരോപണ ശരങ്ങള്‍ക്ക് കാതു നല്‍കാതെ ലോയയുടെ മരണം കൊലപാതകമോ അതോ സ്വാഭാവിക മരണമോ എന്നതിലുള്ള യാഥാര്‍ത്ഥ്യം ജനങ്ങളിലേക്കെത്തിക്കുവാനും എക്കാലത്തെയും പോലെ ഈ കേസിലും സുപ്രീം കോടതിയ്ക്ക് സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയും സത്യത്തിനായി കാതോര്‍തിരിക്കുകയും ചെയ്യാം.
Post Your Comments