Latest NewsLife StyleFood & CookeryHealth & Fitness

അഗത്തിച്ചീര എന്ന അത്ഭുതസസ്യത്തിന്റെ ഗുണങ്ങളെ അറിയാം…

അഗസ്ത്യാര്‍മുനിയുടെ പേരില്‍ അറിയപ്പെടുന്ന ഈ അത്ഭുതസസ്യത്തിന്റെ ഗുണങ്ങളെപ്പറ്റി നോക്കാം. കാഴ്ചവൈകല്യങ്ങള്‍, സന്ധിവാതം, അള്‍സര്‍, പൈല്‍സ, മൈഗ്രേന്‍, ഗൗട്ട്, അള്‍ഷിമേഴ്‌സ്, ത്വക്ക്‌രോഗങ്ങള്‍, സ്ത്രിരോഗങ്ങള്‍ എന്നിവയെ അകറ്റുന്നു. പറഞ്ഞാലും തീരാത്തത്ര ഗുണങ്ങളുളളതാണ് ഈ ചെടി. തമിഴിനാട്ടില്‍ അഗത്തിക്കീരയെന്നാണ് ഇതറിയപ്പെടുന്നത്. കേരളത്തില്‍ ധാരാളമായിക്കാണുന്ന ഈ ചെടി നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുകയും ചെയ്യും. വെളളയോ ചുവപ്പോ പൂക്കളോടുകൂടിയവയാണ് അഗത്തി ചീര.

തിളങ്ങുന്ന ചര്‍മ്മത്തിനും കണ്ണുകള്‍ക്കും- കുറച്ച് ഉലുവയും അഗത്തിച്ചീരയുടെ ഇലയും നല്ലപോലെ അരച്ച് ഉരുളകളാക്കി എളെളണ്ണ ചൂടാക്കി അതില്‍ വറുത്തെടുത്ത ശേഷം ആ എണ്ണ അരിച്ചെടുക്കുക. ഈ എണ്ണചര്‍മ്മ സൗന്ദര്യത്തിന് ഉത്തമമാണ്. ശരീരത്തില്‍ ഈ എണ്ണപുരട്ടി മസാജുചെയ്താല്‍ തിളങ്ങുന്നചര്‍മ്മം ലഭിക്കും എന്നാണ് നാട്ടുവൈദ്യം പറയുന്നത്. ഈ എണ്ണ തേച്ചുകൂളിക്കുന്നത് കണ്ണുകള്‍ക്ക് തണുപ്പേകും.
കാഴ്ചശക്തി- ചെടിയുടെ പൂവിന്റെ ചാറാണ് മനുഷ്യരിലെ കാഴ്ചപ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഉപയോഗിക്കുന്നത്. ഇത് കാഴ്ചമങ്ങുന്ന അവസ്ഥ മാറ്റുന്നു. കണ്ണുകളുടെ ഞരമ്പുകളെ ശക്തമാക്കുന്നു. കന്നുകാലികളിലുണ്ടാകുന്ന നിശാന്ധത മാറ്റാനായും അഗസ്ത്യാര്‍ ചീരയുടെ ഇലയാണ് ഉപയോഗിച്ചുവരുന്നു.

സ്ത്രീരോഗങ്ങള്‍– ശരീരത്തിലെ അമിതമായ ചൂടും, ദുര്‍ഗന്ധത്തോടെയുളള വെളള പോക്കും ഇല്ലാതാക്കാന്‍ അഗസ്ത്യാര്‍ ചീര കഴിക്കുന്നത് നല്ലതാണ്.

വിട്ടുമാറാത്ത പനി– ഇടക്കിടെ ഉണ്ടാകുന്ന പനി മാറാന്‍ ഇലപിഴിഞ്ഞ് മൂക്കില്‍ ഇറ്റിച്ചാല്‍ മതിയാവും. സൈനസിനും ഇതിന്റെ ജ്യൂസ് ഫലപ്രദമാണ്.

തലവേദന, മൈഗ്രേന്‍– ഇല പിഴിഞ്ഞ് വേദന ഉളള ഭാഗത്തു പുരട്ടി ആവിപിടിച്ചാല്‍ തലവേദനക്കും മൈഗ്രേനും വേഗത്തില്‍ ആശ്വാസം ലഭിക്കും. നീര് നെറുകയില്‍ പുരട്ടുന്നത് ശരീരത്തില്‍ തണുപ്പു ലഭിക്കാന്‍ സഹായകമാണ്. റൈബോഫളേവിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ആണ് ഇത് സാധ്യമാകുന്നത്.

പൈല്‍സ്– കടുക്കപൊട്ടിച്ചതും അഗത്തിച്ചീരയുടെ ചാറും ചേര്‍ത്ത് പൈല്‍സുളള ഭാഗത്തു പുരട്ടുന്നതും വലിയ പാത്രത്തില്‍ എടുത്ത ഈ ഔഷധത്തില്‍ പൈല്‍സുളള ഭാഗം മുങ്ങത്തക്കവിധത്തില്‍ അരമണിക്കൂര്‍ ഇരിക്കുന്നതും നല്ല ഫലം നല്‍കുമെന്നാണ് പാരമ്പര്യവൈദ്യത്തില്‍ പറയുന്നത്. രക്തത്തോടുകൂടിയുളള പൈല്‍സിനും രോഗാണുക്കള്‍ നശിപ്പിക്കാനും ഈ രീതി നല്ലതാണ്. വൃത്തിയും വെടിപ്പുമുളള പാത്രം വേണം ഉപയോഗിക്കേണ്ടത്.

പിത്തവെളളത്തെ പുറന്തളളുന്നു– ശരീരത്തിലെ അമിതമായി ഉളള പിത്തവെളളത്തെ പുറന്തളളാന്‍ ഈ ചീരനല്ലതാണ്. ഒരുപീടി ഇല എടുത്ത് ഉപ്പുമായി ചേര്‍ത്ത് ചാറുകുടിച്ചാല്‍ പിത്തവെളളം ചര്‍ദ്ദിച്ചു പോകും.

വിഷാംശം അകറ്റുന്നു– ഇടവേളകളില്‍ കുറഞ്ഞ അളവില്‍ കഴിക്കുന്നതിലൂടെ ഭക്ഷണം വഴി ശരീരത്തില്‍ എത്തപ്പെട്ട വിഷാംശങ്ങളെ പുറന്തളളുന്നു.

കൃമിശല്യം– തേങ്ങയും അഗത്തി ചീരയുടെ ഇലയും തുല്യഅളവില്‍ എടുത്ത് അരച്ച് പുരട്ടിയാല്‍ ചൊറിച്ചില്‍ ,കൃമിശല്യം, തടിപ്പ് എന്നിവമാറും. വയറു ശുദ്ധമാക്കാനും ഇതിനുകഴിവുണ്ട്.

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു– ഇല കറിവെച്ചു കഴിക്കുന്നത് മുലപ്പാല്‍ കൂട്ടാന്‍ സഹായിക്കും.

ട്യൂമര്‍, ആര്‍ത്രൈറ്റിസ് എന്നിവയെ നിയന്ത്രിക്കുന്നു– ക്യാന്‍സര്‍കാരികളായ മുഴകളെ തടയുന്നു. ആര്‍ത്രൈറ്റിസ് ഉളള ഭാഗത്ത്ഇലച്ചാര്‍ പുരട്ടുന്നത് വേദനകുറയാന്‍ നല്ലതാണ്.

പൂക്കള്‍, ഗൗട്ട് രോഗത്തിനും ഇലകള്‍ ചുഴലി, കുഷ്ഠം, തുടങ്ങി നിരവധിരോഗങ്ങള്‍ക്കും ഉപയോഗിക്കുന്നു. മലേഷ്യയില്‍, ഇതിന്റെ ഇലചതച്ചത് ഉളുക്കിനും ചതവിനും ഉപയോഗിക്കാറുണ്ട്. വായയും തൊണ്ടയും ശുദ്ധമാക്കാനായി ഇലച്ചാറ് ഗാര്‍ഗ്ഗിള്‍ ചെയ്യാറുണ്ട്. ജാവാക്കാര്‍ വായയും തൊണ്ടയും അണുമുക്തമാക്കാനും ഇതിന്റെ ഇലചവക്കുന്ന പതിവുണ്ട്. ഇതിന്റെ തൊലി പൊടിച്ച് വായിലെയും അന്നനാളത്തിലെയും അള്‍സറിനും ഉപയോഗിച്ചുവരുന്നു. നല്ലൊരു ആസ്ട്രിജന്റും കൂടിയാണ് ഈ ചെടി. പനി, പ്രമേഹം തുടങ്ങിയവക്കും ഇത് ഫലപ്രദമാണ്. കൈയ്യും കാല്‍പ്പാദങ്ങളും ചുട്ടുപെളളുന്ന അവസ്ഥ മാറുന്നു. ശരീരത്തെ തണുപ്പിക്കുന്നു.

ശക്തമായ എല്ലുകള്‍- എല്ലുകള്‍ക്ക് ബലക്ഷയം ഉളളവര്‍ ഇടക്കിടെ ഭക്ഷണത്തില്‍ അഗത്തിച്ചീര ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രയമാകുന്നതോടെ എല്ലുകള്‍ക്കുണ്ടാകുന്ന തേയ്മാനവും പൊട്ടലും ഒഴിവാക്കാന്‍ സഹായിക്കും. കാല്‍ഷ്യം ധാരാളമായി ഇതിലടങ്ങിയിട്ടുണ്ട്.

അള്‍ഷിമേഴ്‌സ്– ഓര്‍മ്മക്കുറവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളെ തടയാന്‍ ഈ ഭക്ഷണം ഇടക്കിടെ ശീലമാക്കുന്നത് നല്ലതാണ്. വൈറ്റമിന്‍ ബി1 ആണ് ഇതിനു സഹായിക്കുന്നത്. അള്‍ഷിമേഴ്‌സ് രോഗത്തിന്റെ ചികിത്‌സയില്‍ ഈ വെറ്റമിനാണ് പ്രതിദിനം 100മി.ഗ്രം എന്ന അളവില്‍ നല്കുന്നത്.

ക്ഷീണം തളര്‍ച്ച– ധാരാളം ഫോസ്ഫറസ് ഉളളതിനാല്‍ പേശികളുടെ ബലക്ഷയം തടയാന്‍ ഒരു പരിധിയോളം ഈ ഭക്ഷണം സഹായിക്കുന്നു.

കാല്‍ വിണ്ടുകീറുന്നതിന്– മഞ്ഞളും മൈലാഞ്ചിയും അഗത്തിച്ചീരക്കൊപ്പം ചേര്‍ത്തരച്ച് പുരട്ടണം.

ആയൂര്‍വേദത്തിന്റെ ആചാര്യനായ അഗസ്ത്യമുനിയുടെ പേരില്‍ അറിയപ്പെടുന്ന ഈ സസ്യം ആ പേരിനെ അര്‍ത്ഥവത്താക്കുന്നു. പൂവിന്റെ പ്രത്യേകത കാരണം ശിവപൂജക്കും ഇത് വിശേഷപ്പെട്ടതാണ്. എങ്കിലും അമിതമായാല്‍ അമ്യതും വിഷം എന്നാണല്ലോ. ദിവസവും കൂടിയ അളവില്‍ അഗത്തിച്ചീര കഴിക്കാന്‍ പാടില്ല. രക്തദൂഷ്യവും വയറിനു പ്രശ്‌നങ്ങളും ഉണ്ടാകും. പാകം ചെയ്യുമ്പോള്‍ വെളുത്തുളളി ചേര്‍ക്കുന്നതിനു കാരണവും ഇതാണ്- ഗ്യാസ്ട്രബിള്‍ ഉണ്ടാകാതിരിക്കാന്‍. ഇടവിട്ട് മിതമായ അളവില്‍ മാത്രം ഉപയോഗിക്കേണ്ട ഒന്നാണ് അഗത്തിച്ചീര. എന്നാല്‍ മാത്രമേ യഥാര്‍ത്ഥഗുണം ലഭിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button