Uncategorized

ബിസിസിഐ വിവരാവകാശ നിയമത്തിന്റെ പരിധിയിലേക്ക് മാറ്റാൻ നീക്കം

ന്യൂഡൽഹി: ഇന്ത്യൻ നിയമ കമ്മിഷൻ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിനെയും (ബിസിസിഐ), അതിനു കീഴിലുള്ള സംസ്ഥാന ക്രിക്കറ്റ് ബോർഡുകളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരിനോടു ശുപാർശ ചെയ്തു. ജസ്റ്റിസ് ബി.എസ്. ചൗഹാൻ അധ്യക്ഷനായ നിയമ കമ്മിഷന്റെ ശുപാർശ ബിസിസിഐയെ ഒരു ദേശീയ കായിക ഫെഡറേഷനായി അംഗീകരിച്ചു വിവരാവകാശ നിയമത്തിനു കീഴിൽ കൊണ്ടുവരാനാണ്.

രാജ്യത്തെ മറ്റു കായിക സംഘടനകളെല്ലാം വിവരാവകാശ നിയമത്തിന്റെ പരിധിയിലാണ്. അതിനാൽ ബിസിസിഐയെ മാത്രം ഒഴിവാക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണു നിയമ കമ്മിഷന്റെ നടപടി. സുപ്രീംകോടതിയാണു ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന കാര്യം പരിശോധിക്കാൻ നിയമ കമ്മിഷനോട് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ചു സുപ്രീംകോടതി ഉത്തരവു പുറപ്പെടുവിച്ചത് 2016 ജൂലൈയിലാണ്.

read also: ബിസിസിഐക്ക് തിരിച്ചടി, കൊച്ചി കൊമ്പന്മാര്‍ക്ക് 550 കോടി നല്‍കണം

ബിസിസിഐ സമ്പത്തിന്റെ കാര്യത്തിൽ ലോകത്തെ ഒന്നാം നമ്പർ ക്രിക്കറ്റ് സംഘടനയാണ്. നിലവിൽ തമിഴ്നാട് സൊസൈറ്റീസ് റജിസ്ട്രേഷൻ ആക്ടിനു കീഴിൽ ഒരു സ്വകാര്യ സംരംഭമായാണു പ്രവർത്തിക്കുന്നത്. ഇതിനു പകരം, ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 12 പ്രകാരം ‘സ്റ്റേറ്റ്’ വിഭാഗത്തിൽ ബിസിസിഐയെയും ഉൾപ്പെടുത്തണമെന്നാണു കേന്ദ്ര നിയമ മന്ത്രാലയത്തിനു കൈമാറിയ റിപ്പോർട്ടിൽ കമ്മിഷൻ ശുപാർശ ചെയ്യുന്നത്. ഭരണഘടനയിലെ ‘സ്റ്റേറ്റ്’ വിഭാഗത്തിൽപ്പെടുന്ന സംഘടനകളുടെ അധികാരങ്ങളും അവകാശങ്ങളും ബിസിസിഐ കയ്യാളുന്നതായും കമ്മിഷൻ ചൂണ്ടിക്കാട്ടി.

shortlink

Post Your Comments


Back to top button