ലക്‌നൗ: കൗമാരക്കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ വര്‍ഷം ഉന്നാവോയില്‍ വെച്ചാണ് 17കാരി പീഡിപ്പിക്കപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് എം.എല്‍.എയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ നടപടി വൈകുന്നതിനെ തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയില്‍ നിന്നു വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് എം.എല്‍.എ അറസ്റ്റിലായത്.
ഏപ്രില്‍ 21 രാവിലെ പത്ത് മണി വരെയാണ് കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സുനില്‍ കുമാറാണ് കേസ് പരിഗണിച്ചത്. പോസ്‌കോ അടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാജ്യത്ത് ഏറെ വിവാദമായ കേസില്‍ വൈകുന്നേരം നാല് മണിയോടെയാണ് കുല്‍ദീപിനെ കോടതിയില്‍ ഹാജരാക്കിയത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും നിരപരാധിത്വം തെളിയിക്കുമെന്നും കുല്‍ദീപ് പറഞ്ഞു.
കുല്‍ദീപിന്റെ അഭിഭാഷകന്‍ സത്യേന്ദ്ര സിംഗ് കസ്റ്റഡി ആവശ്യത്തെ എതിര്‍ത്തില്ല. അന്വേഷണവുമായി സഹകരിക്കുമെന്ന് സത്യേന്ദ്ര പറഞ്ഞു. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത കുല്‍ദീപിനെ സി.ബി.ഐ പതിനഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തു. ഇയാള്‍ക്കെതിരെ സി.ബി.ഐ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിനും പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയതടക്കമുള്ള കേസുകളാണ് ഇവ.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുല്‍ദീപ് പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പരാതി നല്‍കിയിട്ടും മാസങ്ങളോളം യു.പി പോലീസ് നടപടിയൊന്നും സ്വീകരിച്ചില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നിലേക്ക് യുവതി സമരവുമായി എത്തിയതോടെയാണ് സംഭവം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തു. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് യു.പി പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിക്കുകയും ചെയ്തു.
സംഭവത്തില്‍ പ്രതികരണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. കേസില്‍ യാതൊരു ഒത്തു തീര്‍പ്പും വിട്ടു വീഴ്ചയും ഉണ്ടാകില്ല. പ്രതി അത് എത്ര വലിയവനാണെങ്കിലും ശിക്ഷ ലഭിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്രമങ്ങള്‍ക്ക് അറുതി വരുത്തുവാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments