കൊച്ചി: വരാപ്പുഴയില്‍ വീടുകയറി ആക്രമിച്ചതുള്‍പ്പടെ രണ്ടു മരണങ്ങള്‍ക്കു കാരണമായ കേസിലെ മുഖ്യ പ്രതികള്‍ ഇപ്പോഴും ഒളിവില്‍. ശ്രീജിത്ത് എന്ന് വിളിക്കുന്ന തുളസീദാസും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഇയാള്‍ക്ക് പകരമാണ് ഷേണായിപറമ്പില്‍ ശ്രീജിത്തിനെ പൊലീസ് പിടികൂടിയതെന്ന് ആരോപണമുണ്ട്. ഈ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു.
വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ ദേവസ്വംപാടം സ്വദേശി ബ്രണ്ടന്‍ എന്നു വിളിക്കുന്ന വിപിന്‍, സഹോദരനും കേസില്‍ രണ്ടാം പ്രതിയുമായ വിന്‍ജു, ആറാം പ്രതി അജിത്ത്, എന്നിവരാണ് തുളസീദാസിനെ കൂടാതെ ഇനിയും പൊലീസ് വലയിലാകാനുള്ളത്. മത്സ്യതൊഴിലാളിയായ കുളമ്പുകണ്ടം വീട്ടില്‍ വാസുദേവന്‌റെ സഹോദരന്‍ ദിവാകരനും അയല്‍വാസിയായ സുമേഷ് എന്ന യുവാവുമായി തര്‍ക്കം നടന്നതിനെ തുടര്‍ന്ന് 14 പേര്‍ ചേര്‍ന്നു വാസുദേവന്‌റെ വീടുകയറി ആക്രമിച്ചുവെന്നും ഇതില്‍ മനംനൊന്തു വാസുദേവന്‍(55) ആത്മഹത്യ ചെയ്‌തെന്നുമാണ് പൊലീസ് കേസ്.
Also Read ശ്രീജിത്തിന്റെ കൊലപാതകം: ആലുവ റൂറല്‍ എസ്പിയുടെ കീഴിലുള്ള ആര്‍ടിഎഫ് പിരിച്ചു വിട്ടു
തര്‍ക്കം നടന്നയന്നു രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്നവരെ പിടിച്ചുകൊണ്ടുപോകുവാന്‍ പൊലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ ഒളിവിലുള്ളവരെ കണ്ടെത്തുന്നതില്‍ പൊലീസ് ഈ ആവേശം കാണിച്ചില്ല. ശ്രീജിത്ത് എന്നു വിളിപ്പേരുള്ള തുളസീദാസിനു പകരമാണ് ഷേണായിപറമ്പില്‍ ശ്രീജിത്തിനെ പിടികൂടിയതെന്നും പൊലീസിന്‌റെ തന്ത്രമാണിതെന്നുമുള്ള ആരോപണം ശക്തമാണ്.
എന്നാല്‍ ആത്മഹത്യചെയ്ത വാസുദേവന്‌റെ മകന്‍ വിനീഷ് പൊലീസിനു നല്‍കിയ ആദ്യ മൊഴി പ്രകാരം വിപിന്‍, വിന്‍ജു, തുളസീദാസ്, എസ്.ജി വിനു, അജിത്, ശരത്ത് എന്നീ പേരുകളാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതു കൂടാതെ കണ്ടാലറിയാവുന്ന എട്ടുപേര്‍കൂടി ഉണ്ടെന്നും മൊഴിയിലുണ്ട്. പിന്നീടു തയാറാക്കിയ രണ്ടാം മൊഴിയില്‍ ശ്രീജിത്തിന്‌റെയും അനുജന്‍ സജിത്തിന്‌റെയും പേരുകള്‍ ചേര്‍ക്കുകയായിരുന്നു. എന്നാല്‍ ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ മൂലമാണ് പൊലീസ് രണ്ടാമത് പട്ടികയുണ്ടാക്കിയതെന്ന് കേസിന്‌റെ തുടക്കം മുതല്‍ ആരോപണമുയര്‍ന്നിരുന്നു.
Post Your Comments