തിരുവനന്തപുരം: നടുറോഡിൽ ഓട്ടോഡ്രൈവർ അഭ്യാസം കാട്ടിയത് പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിനു മുന്നില്‍. കോഴിക്കോട് നിന്നും ശസ്ത്രക്രിയക്കായി തിരുവനന്തപുരത്തേക്ക് പിഞ്ചുകുഞ്ഞുമായി വന്ന ആംബുലൻസാണ് ഓട്ടോ ഡ്രൈവറുടെ അശ്രദ്ധ കാരണം അപകടത്തിൽപ്പെട്ടത്. കഴക്കൂട്ടത്ത് പൊലീസ് നിയന്ത്രണം തെറ്റിച്ച് ഓട്ടോറിക്ഷ അതിവേഗമെത്തിയതാണ് അപകടത്തിന് കാരണം. ആംബലുൻസിലുണ്ടായിരുന്ന കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.
രണ്ടുദിവസം പ്രായമായ കുഞ്ഞിനെ ഹൃദയശസ്ത്രക്രിയക്കായാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. കോഴിക്കോടു മുതൽ ആംബലുൻസ് വരുന്ന വഴികളിലെല്ലാം പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കഴക്കൂട്ടത്ത് അപ്രതീക്ഷിതമായാണ് ഓട്ടോ അതിവേഗമെത്തി ആംബുലൻസിനെ ഇടിച്ചത്. ആംബുലൻസിലുണ്ടായിരുന്ന കുഞ്ഞിന് അപകടം ഉണ്ടായില്ല. സംഭവത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ അരുണിനെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇടിയിൽ ആംബുലൻസ് മുന്നോട്ട് ആഞ്ഞ് ബൈക്കിലിടിച്ചു. ബൈക്കിൽ അച്ഛനൊപ്പം സഞ്ചരിക്കുകയായിരുന്ന ഒരു കുട്ടി തെറിച്ചുപോയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ആംബുലൻസിൽ കൊണ്ടുവന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്ടൂട്ട് അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ശസ്ത്രക്രിയ നടത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അടിയന്തരമായി ശസ്ത്രക്രിയക്ക് വേണ്ടി കുട്ടിയെ എത്തിക്കേണ്ട നില ഇല്ലായിരുന്നു എന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. കോഴിക്കോട് സ്വദേശികളായ സുലൈമാന്‍റെയും റംലാബീഗത്തിന്റെയും മകൻ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലാണ്.
Post Your Comments