ശ്രീനഗർ : ജമ്മുവിൽ ബലാത്സംഗം ചെയ്തു കൊന്ന എട്ടുവയസ്സുകാരി ആസിഫക്ക് നീതി ലഭിക്കുമെന്ന് കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വ്യക്തമാക്കി. അന്വേഷണം വേഗത്തിലാണ് , നീതി നടപ്പാകുന്നത് തടയാൻ ആരേയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം എട്ട് വയസുകാരി ആസിഫയ്ക്ക് നീതി ലഭിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെസിംഗ് പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ ഖേദം പ്രകടിപ്പിച്ചത്.
ആസിഫയെ ഒരു മനുഷ്യക്കുഞ്ഞായി കാണുന്നതിൽ നമ്മൾ പരാജയപ്പെട്ടു. അവൾക്ക് നീതി നിഷേധിക്കപ്പെടരുതെന്നും വികെ സിംഗ് പറഞ്ഞു.കഴിഞ്ഞ ജനുവരി 10 നാണ് കുട്ടിയെ കാണാതാകുന്നത്. പിന്നീട് ജനുവരി 17 നാണ് കുട്ടിയുടെ മൃതദേഹം കാട്ടിനുള്ളിൽ നിന്ന് കണ്ടെടുക്കുന്നത്. ജനുവരി 23 ന് സംസ്ഥാന സർക്കാർ കേസ് ക്രൈം ബ്രാഞ്ചിനു വിട്ടതിനെതുടർന്നാണ് പ്രതികൾ അറസ്റ്റിലായത് .ജമ്മുവിലെ ദേവീസ്ഥാൻ ക്ഷേത്രത്തിന്റെ ചുമതലക്കാരനായ സഞ്ജിരാമാണ് കേസിലെ പ്രധാന പ്രതി.
സ്പെഷ്യൽ പൊലീസ് ഓഫീസർമാരായ ദീപക് കജൂറിയ , സുരേന്ദർ വർമ്മ , പർവേഷ് കുമാർ, സഞ്ജിരാമിന്റെ മകൻ വിശാൽ ജൻഗോത്ര , ഇയാളുടെ പ്രായപൂർത്തിയെത്താത്ത ബന്ധു എന്നിവരാണ് പ്രതികൾ. മാർച്ച് 20 ന് പ്രധാന പ്രതിയായ സഞ്ജി റാം പൊലീസിൽ കീഴടങ്ങി. ഇയാളുടെ മകനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് കീഴടങ്ങിയത്.പ്രതികൾ കുട്ടിയെ ദിവസങ്ങളോളം ബലാത്സംഗം ചെയ്തെന്നും പിന്നീട് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നുമെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞത് . ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോൾ പുറത്തുവന്ന കുറ്റപത്രത്തിൽ അതി ക്രൂരമായ രീതിയിലാണ് കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട് . സഞ്ജി റാം കുട്ടിയെ തന്റെ അധീനതയിലുള്ള ക്ഷേത്രത്തിലാണ് ബന്ദിയാക്കിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.അതേ സമയം ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പിഴവുകളുണ്ടെന്നും കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രക്ഷോഭം നടത്തുന്നുണ്ട്. അഭിഭാഷകരുടെ സംഘമാണ് പ്രക്ഷോഭം നടത്തുന്നത്.
Post Your Comments