Latest NewsCinemaMovie SongsEntertainment

ഹേമ കമ്മീഷനെതിരേ വനിതാ കൂട്ടായ്മ; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനങ്ങള്‍ കാരണം സ്ത്രീകള്‍ക്കായി രൂപികരിച്ച ഒരു സംഘടനയാണ് വിമെന്‍ ഇന്‍ സിനിമ കളക്റ്റീവ്. ലിംഗവിവേചനങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മീഷനെതിരേ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ഡബ്ല്യൂസിസി . രൂപീകരിക്കപ്പെട്ട് ആറ് മാസമായിട്ടും ഒരു റിപ്പോര്‍ട്ടുപോലും പുറത്തുവന്നില്ലെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരിക്കുകയാണ് സംഘടന. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലതാമസമുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് അന്വേിക്കണമെന്നാണ് നിവേദനത്തില്‍ പറയുന്നത്. ഹേമ കമ്മീഷനെതിരേ മുഖ്യമന്ത്രിയെ സമീപിച്ചതായി ഫേയ്‌സ്ബുക്കിലൂടെയാണ് ഡബ്ല്യൂസിസി അറിയിച്ചത്.

ഡബ്ല്യൂ സിസിയുടെ ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മലയാള സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ നാളിതുവരെയായിട്ടും അതു സംബന്ധിച്ച പഠനങ്ങളൊന്നും പുറത്തു വിടാത്ത സാഹചര്യത്തില്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിക്കൊണ്ട് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് മുഖ്യമന്ത്രിക്ക് നിവേദനം നല്കി. കഴിഞ്ഞ വര്‍ഷം 2017 മെയ് 17ന് വിമെന്‍ ഇന്‍ സിനിമ കളക്ടീവിലെ അംഗങ്ങള്‍ സംസ്ഥാന മുഖ്യമന്ത്രിയെ കാണുകയും സിനിമയുടെ അരങ്ങത്തും അണിയറയിലും സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളക്കുറിച്ച്‌ അദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു.

അങ്ങേയറ്റം പ്രതീക്ഷാനിര്‍ഭരമായ കൂടിക്കാഴ്ചയാണ് അന്നു നടന്നത്. ഈ കൂടിക്കാഴ്ചയെ തുടര്‍ന്ന് സിനിമാ മേഖലയില്‍ ദേശീയ തലത്തില്‍ തന്നെ ആദ്യമായി ഒരു പഠന കമ്മീഷനെ നിയോഗിച്ചു കൊണ്ട് ഇടതു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് അങ്ങേയറ്റം ഉള്‍ക്കാഴ്ചയോടെയും പ്രശ്‌നങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നതുമായിരുന്നു. ഈ മേഖലയിലുള്ള പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിനും പരിഹാര സാധ്യതകള്‍ നിര്‍ദ്ദേശിക്കുന്നതിനും അത്തരമൊരു പഠന റിപ്പോര്‍ട്ടിന് കഴിയുമെന്ന് ഞങ്ങള്‍ക്കും ഉറപ്പുണ്ട്.

ഒട്ടും കാലതാമസം കൂടാതെയാണ് ജസ്റ്റീസ് ഹേമ കമ്മീഷന്‍ സംഘടിപ്പിക്കപ്പെട്ടത്. പക്ഷേ രൂപീകരിക്കപ്പെട്ട് ആറ് മാസമായിട്ടും ഒരു റിപ്പോര്‍ട്ടും കമ്മീഷന്റേതായി പുറത്തു വന്നില്ല എന്ന യാഥാര്‍ത്ഥ്യത്തെ അങ്ങേയറ്റം വിഷമത്തോടെയും ഉത്ക്കണ്ഠയോടെയുമാണ് ഞങ്ങള്‍ നോക്കി കാണുന്നത്. സിനിമയിലെ സ്ത്രീകളുടെ തൊഴിലും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട നയപരമായ ഒരു തീരുമാനവും കൃത്യമായ വിവരങ്ങളുടെ അഭാവത്തില്‍ എടുക്കാന്‍ സാധിക്കില്ല എന്നത് ഏവര്‍ക്കും അറിവുള്ള താണല്ലോ. എന്തുകൊണ്ടാണ് ഈ കാലതാമസം ഉണ്ടായതെന്ന് അന്വേഷിച്ചറിയണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധ തുടര്‍ന്നും ഈ വിഷയത്തിലുണ്ടാകുമെന്നും അഭ്യര്‍ത്ഥിച്ചാണ് ഡബ്ല്യൂസിസി സര്‍ക്കാരിന് നിവേദനം നല്‍കിയത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഏറ്റവും ഉചിതമായ ഇടപെടല്‍ ഒട്ടും കാലതാമസമില്ലാതെ ഇക്കാര്യത്തിലുണ്ടാകുമെന്ന് ഡബ്ല്യൂസിസി പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button