KeralaLatest NewsNews

ബി.ജെ.പി 2019 ലും അധികാരത്തില്‍ വരണമോ? മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ.ഡി ബാബു പോള്‍ പറയുന്നതിങ്ങനെ

ഡി.ബാബു പോള്‍

2019ല്‍ ബിജെപിയും നരേന്ദ്രമോദിയും അധികാരത്തില്‍ തിരിച്ചെത്തേണ്ടത് അവരുടെ മാത്രം ആവശ്യമല്ല. ശിഥിലമായ പ്രതിപക്ഷത്തിന് അത് തടയാന്‍ കഴിഞ്ഞാല്‍ അപകടത്തിലാകുന്നത് നമ്മുടെ ജനാധിപത്യമാണ്. അതുകൊണ്ട് കോണ്‍ഗ്രസായാലും മറ്റൊരു കക്ഷിയായാലും സുസ്ഥിരനേതൃത്വം വിശ്വാസ്യമായി വാഗ്ദാനം ചെയ്യാന്‍ പ്രാപ്തമാകുവോളം മോദി തുടരേണ്ടതുണ്ട്. സാഹചര്യം ചാര്‍ത്തിക്കൊടുക്കുന്ന ഉത്തരവാദിത്തം ചെറുതല്ല എന്ന് ബിജെപി പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ട നാള്‍ ആണ് കഴിഞ്ഞുപോയ ബി.ജെ.പിയുടെ ജന്മദിനം.,

ഭാരതീയ ജനതാപാര്‍ട്ടിയുടെ പിറന്നാളായിരുന്നു ഏപ്രില്‍ 6 ന്. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജനസംഘം,  ജനതാപാര്‍ട്ടി എന്ന അസ്ഥിരരാഷ്ട്രീയ സങ്കല്‍പത്തെ തക്കസമയത്ത് ഉപേക്ഷിച്ച് ഭാരതീയ ജനതാപാര്‍ട്ടിയായി മാറിയത് രാഷ്ട്രീയമായി ശരിയായ തീരുമാനം ആയിരുന്നു എന്നതിന് ചരിത്രമാണ് സാക്ഷി. അമിത്ഷായും നരേന്ദ്രമോദിയും നയിക്കുന്ന  കക്ഷി ഇന്ന് ഭാരതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയാണ്.  പ്രാഥമികാംഗത്വത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയും.

ജനസംഘത്തിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞത് 1970ലാണ്. അന്ന് ഞാന്‍ പാലക്കാട് കളക്ടര്‍. മമ്മൂട്ടിയെക്കാള്‍ സുന്ദരനായ ഒരു വക്കീലായിരുന്നു അന്ന് പാലക്കാട് ജനസംഘത്തിന്റെ മുഖം. പേര് അഡ്വക്കേറ്റ് ഒ. രാജഗോപാല്‍. അതിനും മുന്‍പ് കണ്ണൂരില്‍ വച്ച് രാജരാജേശ്വരി മില്‍ ഉടമ എ.കെ. നായര്‍, പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടി എന്നിവരുമായി പരിചയപ്പെട്ടിരുന്നെങ്കിലും ഗുരുതുല്യനായി ഞാന്‍ തിരിച്ചറിഞ്ഞ എ.കെ. നായരുമായി ഭഗവദ്ഗീതയും, ജ്യേഷ്ഠനായി ഞാന്‍ കണ്ട നെടുങ്ങാടിയുമായി കേരള രാഷ്ട്രീയവും മാത്രമാണ് സംസാരിച്ചിരുന്നത്. ഇപ്പറഞ്ഞ രണ്ട് മഹാത്മാക്കളുമായി എന്റെ ബന്ധം കണ്ണൂര്‍ വിട്ടതിനുശേഷവും കുറെയൊക്കെ അഭംഗുരമായി തന്നെ തുടര്‍ന്നു. പെന്‍ഷന്‍ വൈകുമ്പോള്‍ നെടുങ്ങാടി  എന്നെയാണ് വിവരം അറിയിച്ചിരുന്നത്.

രാജഗോപാലുമായി അന്ന് ഞങ്ങളുടെ ബന്ധം രാജേട്ടന്‍ തലത്തിലായിരുന്നില്ല; അദ്ദേഹം ജില്ലയിലെ ഒരു ‘ചെറിയ’ പാര്‍ട്ടിയുടെ നേതാവും ഞാന്‍ ജില്ലാ കളക്ടറും ആയിരുന്നുവല്ലോ. എനിക്ക് അഞ്ചെട്ട് വയസിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. തന്നെയുമല്ല ആധുനിക വിദ്യാഭ്യാസം ഏതാണ്ട് തുല്യമായി നേടിയവരും ആയിരുന്നു. വക്കീല്‍പ്പണി അപ്പോഴേക്കും ഉപേക്ഷിച്ചിരുന്നതിനാല്‍ എന്റെ മുന്‍പാകെ അദ്ദേഹം കേസൊന്നും വാദിച്ചിട്ടില്ല. എന്നാല്‍ വല്ല ഹര്‍ജിയുമായി വന്നാലോ, ജനസംഘത്തിന്റെ അല്ലറചില്ലറ ശല്യത്തെക്കുറിച്ച് പോലീസ് പരാതി പറയുമ്പോള്‍ ഞാന്‍ വര്‍ത്തമാനം പറയാന്‍ വിളിച്ചുവരുത്തുമ്പോള്‍ ഹാജരായാലോ ഞങ്ങളുടെ സംസാരം എന്നും സുദീര്‍ഘമായി പരിണമിച്ചിരുന്നു. സാമാന്യം നല്ല തിരക്കുണ്ടായിരുന്ന വക്കീല്‍ അന്നത്തെ രീതിക്ക് അധികാരം തീര്‍ത്തും അപ്രാപ്യമായിരുന്ന ഒരു കക്ഷിയില്‍ ചേര്‍ന്നതിനെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ ശ്യാമപ്രസാദ് മുഖര്‍ജിയെയും ജനസംഘം എന്ന പ്രസ്ഥാനത്തെയും കുറിച്ച് എന്നില്‍ വളരെ മതിപ്പുളവാക്കി. റോമാസാമ്രാജ്യത്തിന്റെ ‘കളക്ടര്‍’ ആയിരുന്ന മത്തായി – ചുങ്കക്കാരന്‍ എന്ന് നാടന്‍ മലയാളം – എവിടെ നിന്നോ വന്ന ഒരു യുവപരിവ്രാജകന്റെ വാക്ക് കേട്ട് രാജിവച്ച് ക്രിസ്തു ശിഷ്യനായതുപോലെ ഒരനുഭവം സമ്മാനിക്കാന്‍ കഴിയുന്ന പ്രസ്ഥാനമായി ജനസംഘത്തെ എന്റെ മനസ്സില്‍ അടയാളപ്പെടുത്തിയത് പാലക്കാട് കോട്ടയിലെ കളക്ടറുടെ ചേംബറില്‍ ചെലവഴിച്ച ചില സന്ധ്യകളാണ്.

ആ ജനസംഘം അല്ല ഇന്നത്തെ ബിജെപി എന്ന് പറയാതിരിക്കുന്നത് കാപട്യമാവും. എങ്കിലും പാര്‍ട്ടിയുടെ ദേശീയാധ്യക്ഷന്‍ അഴിമതിക്കാരനെന്ന് ആരോപിക്കപ്പെട്ടാല്‍ ആ ഉന്നതനെക്കൊണ്ട് രാജിവയ്പിക്കാനും അയാള്‍ ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ നീതിന്യായ വ്യവസ്ഥയെ കുറ്റപ്പെടുത്താതിരിക്കാനും കഴിയുന്ന പാര്‍ട്ടിയാണ് ബിജെപി. എന്ന കാര്യത്തില്‍ സംശയം ഉണ്ടാകാനിടയില്ല.

നരസിംഹറാവുവിന്റെ കാലശേഷം പാളിപ്പോയ പരീക്ഷണങ്ങളുടെ അന്ത്യത്തില്‍ ഭാരതത്തിലെ രാഷ്ട്രീയത്തെ വീണ്ടും ശരിയായ പാളത്തില്‍ കയറ്റിയതിന്റെ ബാക്ക് ഓണ്‍ ട്രാക്ക് മേന്മ ബിജെപിയ്ക്ക് അവകാശപ്പെട്ടതാണ്. പതിമൂന്ന് ദിവസവും ഒരു സംവത്സരവും ഒക്കെ ചരിത്രപുസ്തകങ്ങളില്‍ അടയാളപ്പെടുത്തിക്കൊണ്ട് തുടങ്ങുകയും തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാര്‍ കാലാവധി തികയ്ക്കുക എന്ന രാഷ്ട്രീയസുസ്ഥിരതയുടെ യുഗത്തെ മടക്കിക്കൊണ്ടുവരികയും ചെയ്യാന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ല എന്ന് ചരിത്രം അറിയാവുന്നവര്‍ പറയാതിരിക്കയില്ല. ബിജെപി. 2004ല്‍ അധികാരത്തില്‍നിന്ന് പുറത്തായെങ്കിലും യുപിഎ സര്‍ക്കാരുകള്‍- വിശേഷിച്ചും തനി നാറ്റക്കേസായി മാറിയ രണ്ടാം യുപിഎ- കാലാവധി തികച്ചതിന് വഴി കാട്ടിയ സുസ്ഥിരതാമാതൃക നമ്മുടെ രാഷ്ട്ര ശരീരത്തിന് – ബോഡി പൊളിറ്റിക് – സമ്മാനിച്ചതും ബിജെപി. ആണെന്ന് ഭാവിയില്‍ രാഷ്ട്രീയനിരീക്ഷകര്‍ ചരിത്രത്തില്‍ കുറിക്കാതിരിക്കയില്ല.

narendra-modiമോദിസര്‍ക്കാരിനെ അടയാളപ്പെടുത്തുന്ന രണ്ടുമൂന്ന് സംഗതികള്‍ ബിജെപിയുടെ ലക്ഷ്യബോധത്തിന് തെളിവാണ്. സാമ്പത്തികരംഗത്ത് എടുത്ത സുശക്തമായ നിലപാടുകള്‍, വിദേശനയത്തിന്റെ കാര്യത്തില്‍ തെളിയുന്ന യാഥാര്‍ത്ഥ്യബോധം, കാശ്മീരില്‍ കാണുന്ന നിശ്ചയദാര്‍ഢ്യം, തെറ്റ് തിരുത്താനുള്ള ധാര്‍മ്മികധീരത (കന്നുകാലിക്കച്ചവടം സംബന്ധിച്ച നിയമനിര്‍മാണം ഓര്‍ക്കുക) എന്നിങ്ങനെ പലതുണ്ട് എടുത്തുപറയാന്‍.

ബിജെപിയുടെ ബലം ആര്‍എസ്എസ് തന്നെയാണ്. കോണ്‍ക്രീറ്റിനകത്തെ കമ്പിപോലെ അദൃശ്യമെങ്കിലും അനുപേക്ഷണീയമായ സാന്നിധ്യമാണത്. അങ്ങനെ ഒരു ശക്തിസ്രോതസ് ഇല്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസിന് നെഹ്‌റു – ഗാന്ധി കുടുംബത്തെ ആശ്രയിച്ച് നാണം കെടേണ്ടിവരുന്നത്. അതുകൊണ്ടാണ് ബിജെപി. പോലെ മോഹന്‍ഭാഗവതും തെറ്റായി വായിക്കപ്പെടുന്നത്. മദര്‍ തെരേസയെ ഭഗവത്ജി അധിക്ഷേപിച്ചില്ല. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഒരു പഴയ ഐപിഎസ്‌കാരന്‍ പറഞ്ഞതിന്റെ തുടര്‍ച്ചയായി സേവനത്തെ മതം മാറ്റത്തിന് ഉപാധിയാക്കുന്നവര്‍ ഇക്കാലത്തും ഉണ്ടാകാം എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രചരിപ്പിച്ചതോ, ലോകം മുഴുവന്‍ ആദരിക്കുന്ന ഒരു വിശുദ്ധയെ ആര്‍എസ്എസ് മേധാവി അപലപിച്ചുവെന്നും.

മാധ്യമങ്ങള്‍ ഇങ്ങനെ പലതും വളച്ചൊടിക്കും. ഈയിടെ മധ്യപ്രദേശിലോ മറ്റോ ഒരു ക്രിസ്ത്യന്‍ സ്ഥാപനത്തിന്റെ പ്രവേശനകവാടം ഇടിച്ചുകളഞ്ഞ ഒരു സംഭവം ഉണ്ടായല്ലോ. സത്യത്തില്‍ അത് രണ്ടുകൂട്ടര്‍ തമ്മില്‍ ഭൂമിയുടെ കാര്യത്തില്‍ ഉണ്ടായ അവകാശത്തര്‍ക്കം ആയിരുന്നു. പള്ളികള്‍ ആക്രമിക്കപ്പെടുന്നു എന്ന് പറയുമ്പോഴല്ലാതെ യോഗിയുടെ നാട്ടില്‍ അമ്പലം ആക്രമിക്കപ്പെടുന്നു എന്ന് വന്നാല്‍ വാര്‍ത്തയാവില്ലല്ലൊ. രാജസ്ഥാനിലെ ‘ഗോരക്ഷകര്‍’ ഗോമാതാവിനെ ആദരിക്കുന്നവരല്ല, കന്നുകാലികളെ കച്ചവടച്ചരക്കായി കാണുന്നവരാണ് എന്ന് എനിക്ക് പറഞ്ഞുതന്നത് കറുകുറ്റിയില്‍ കുറെ ദിവസം മുന്‍പ് നടന്ന ഡയറി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ചില ശാസ്ത്രജ്ഞരാണ്.

അതേസമയം ബിജെപിയുടെ ചില സുഹൃത്തുക്കളെ കണ്ടാല്‍ ശത്രുക്കള്‍ വേറെ വേണ്ട എന്ന് തിരിച്ചറിയാനും കഴിയും. കേരളത്തില്‍ ഒരിടയ്ക്ക് അരങ്ങേറിയ ഘര്‍വാപ്പസി ഓര്‍ക്കുക. ഈ വീട്ടില്‍ ഘര്‍വാപ്പസിക്ക് സര്‍ സിപിയുടെ കാലംതൊട്ട് നിയമം ഉണ്ട്. ആ നിയമം പാലിക്കാതെ വല്ലവനും വഴിമുക്കിലിരുന്ന് മന്ത്രം ചൊല്ലിയിട്ട് ഒരു കാര്യവുമില്ല. അതേസമയം, ആരെങ്കിലും വരുകയോ വന്നവര്‍ പോവുകയോ ചെയ്യട്ടെ എന്ന് ചിന്തിക്കുന്നവരും ഒരു ദളിതന്‍ പോയികിട്ടിയാല്‍ അത്രയും തലവേദന ഒഴിഞ്ഞു എന്ന് ചിന്തിക്കുന്ന ആഢ്യക്രിസ്ത്യാനികളുംപോലും ഒരു ഘര്‍വാപ്പസി പ്രകടനം കഴിഞ്ഞാല്‍ മോദി മുതല്‍ സകലരെയും വെറുക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഒരു ”ഫൈറ്റിങ് ചാന്‍സ്” ഉണ്ടെന്ന് വിലയിരുത്തപ്പെട്ട ഒരു മണ്ഡലത്തില്‍ ഒരു സംഭവം ഉണ്ടായി. ബിജെപിയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഒരു ന്യൂനപക്ഷവിഭാഗം. നാലയ്യായിരം വോട്ട് കിട്ടേണ്ടതാണ്. അവരുടെ കാര്യാലയത്തിന്റെ മുന്നില്‍ ആരോ കൊടിനാട്ടി. ഒരേക്കര്‍ പുരയിടത്തില്‍ മൂന്നുസെന്റ് പുറമ്പോക്കാണത്രെ. പുറമ്പോക്ക് വീണ്ടെടുക്കണം, സംശയമില്ല. അതിന് തെരഞ്ഞെടുപ്പിന്റെ തലേന്ന് കൊടി നാട്ടുകയല്ല വേണ്ടത്. ഞാന്‍ ആ മണ്ഡലത്തില്‍ ബിജെപിയുടെ ഒരു സാംസ്‌കാരിക പരിപാടിക്ക് ആയിടെ പോയതാണ്. അതുകൊണ്ടാണ് ഈ കഥ അറിഞ്ഞത്. ജയിച്ചേക്കാം എന്ന് കരുതപ്പെട്ടയാള്‍ മൂന്നാം സ്ഥാനത്തായി.

പറഞ്ഞുവരുന്നത് ഇത്രയുമാണ്. ധാരാളം ശത്രുക്കള്‍ ബിജെപിയ്ക്ക് പുറത്തുണ്ട്. അകത്തുള്ളവര്‍ കൂടെ അവര്‍ക്ക് സഹായം ചെയ്തുകൊടുക്കാതിരിക്കണം. രാജ്യം ഭരിക്കുന്ന കക്ഷിക്ക് അണ്ടനും അടകോടനും ഇല്ലാത്ത ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട് എന്ന് നാം എല്ലാവരും തിരിച്ചറിയണം. പാര്‍ട്ടിയുടെ ഈ പിറന്നാളില്‍ പുറത്തുള്ള ശത്രുക്കളെക്കാള്‍ പാര്‍ട്ടി സൂക്ഷിക്കേണ്ടത് അകത്തുനിന്ന് അവരെ സഹായിക്കുന്ന മിത്രങ്ങളെയാണ് എന്ന് പറയാതെ വയ്യ.

bjp thripuraഭാരതം മതനിരപേക്ഷമാണ്. നാം പാകിസ്ഥാനെപോലെ ആകരുത്. അതായത് ഭാരതത്തിലെ മുസ്ലീമുകള്‍ക്ക് പാകിസ്ഥാനിലും സൗദിയിലും തോന്നാവുന്ന അതേ സുരക്ഷിതത്വബോധം ഭാരതത്തിലും ഉണ്ടാകണം. കോണ്‍ഗ്രസിനെക്കാള്‍ കൂടുതല്‍ ബിജെപി. ഇക്കാര്യം പ്രകടനാത്മകമായി തന്നെ ശ്രദ്ധിക്കണം.ഇത്രയുംകാലം നിഷ്പക്ഷമതികളുടെ മനം മാറ്റുന്ന അഴിമതിയാരോപണങ്ങള്‍ ദേശീയതലത്തില്‍ ഉണ്ടായില്ല എന്നതുപോലെ തന്നെ പ്രധാനമാണ് പ്രാദേശികതലത്തില്‍ അത് ഉണ്ടാകാതിരുന്നില്ല എന്നതും. ബിജെപിയെ സംരക്ഷിക്കേണ്ടത് അംഗങ്ങളുടെയും അനുഭാവികളുടെയും മാത്രം ആവശ്യമല്ല. നെഹ്‌റുവിന്റെ കാലം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു ദേശീയരാഷ്ട്രീയ കക്ഷി ഇല്ലാതിരുന്നതിന് സമാനമായ ഒരവസ്ഥയാണ് ഇന്നുള്ളത്. അന്ന് സംഭവിച്ചത് നമുക്കറിയാം. 1967 ഒരു നീര്‍മറി വര്‍ഷം ആയിരുന്നു എന്ന് പറയുന്നതിന്റെ കാരണം നെഹ്‌റുവിനുശേഷം സുസ്ഥിരമായ ഒരു രാഷ്ട്രീയസംവിധാനം ഇല്ലാതിരുന്നതിനാല്‍ രാഷ്ട്രീയത്തില്‍ കുതിരക്കച്ചവടവും – ആയാറാം ഗയാറാം- ഭരണത്തില്‍ അച്ചടക്കരാഹിത്യവും വര്‍ദ്ധിച്ച കാലം ആയിരുന്നു അതിന് തൊട്ടുപിറകെ വന്നത് എന്നതാണ്. അന്ന് കോണ്‍ഗ്രസിന് പുറത്തുണ്ടായിരുന്നവര്‍ ചില്ലറക്കാരായിരുന്നില്ല. മമതയെയും നിതീഷിനെയും നായിഡുവിനെയും ഒക്കെ അതിശയിക്കുന്നവരായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് ബദലായി വരാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. അതേസമയം കോണ്‍ഗ്രസ് ആഭ്യന്തര പ്രശ്‌നങ്ങള്‍ ഹേതുവായി ശൈഥില്യം നേരിടുകയായിരുന്നു. അത് അവര്‍ തിരിച്ചറിഞ്ഞില്ല. ആ അബദ്ധത്തില്‍ ബിജെപി ചെന്നു ചാടരുത്.

അതിന് അനുപേക്ഷണീയമായ അച്ചടക്കം ബിജെപി പാലിക്കേണ്ടതുണ്ട്. 2019ല്‍ ബിജെപിയും നരേന്ദ്രമോദിയും അധികാരത്തില്‍ തിരിച്ചെത്തേണ്ടത് അവരുടെ മാത്രം ആവശ്യമല്ല. ശിഥിലമായ പ്രതിപക്ഷത്തിന് അത് തടയാന്‍ കഴിഞ്ഞാല്‍ അപകടത്തിലാകുന്നത് നമ്മുടെ ജനാധിപത്യമാണ്. അതുകൊണ്ട് കോണ്‍ഗ്രസായാലും മറ്റൊരു കക്ഷിയായാലും സുസ്ഥിരനേതൃത്വം വിശ്വാസ്യമായി വാഗ്ദാനം ചെയ്യാന്‍ പ്രാപ്തമാകുവോളം മോദി തുടരേണ്ടതുണ്ട്. സാഹചര്യം ചാര്‍ത്തിക്കൊടുക്കുന്ന ഉത്തരവാദിത്തം ചെറുതല്ല എന്ന് ബിജെപി പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ട നാള്‍ ആണ് ഏപ്രില്‍ 6 ന് കടന്നു പോയത്.

കാളിദാസന്‍ പറഞ്ഞത് ഓര്‍ക്കണം. ‘ഔത്സുക്യമാത്രമവസായയതി പ്രതിഷ്ഠാ, ക്‌ളിശ്‌നാതി ലബ്ധപരിപാലന വൃത്തിരേവം’. ലഭിച്ചത് നിലനിര്‍ത്താനുള്ള ശ്രമം വളരെ ക്ലേശത്തിന് വകയുള്ളതാണ്. 2018 ഏപ്രില്‍ മാസത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഇക്കാര്യം മറന്നുകൂടാ.

shortlink

Related Articles

Post Your Comments

Related Articles


Back to top button