Latest NewsNewsDevotional

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ബ്രാഹ്മമുഹൂര്‍ത്തത്തിലെ മന്ത്രജപം

”ദിവ്യശക്തിയുള്ള അക്ഷരങ്ങളോ, അക്ഷരങ്ങളുടെ കൂടങ്ങളോ ആണ് മന്ത്രങ്ങള്‍. നിരന്തരമായ ചിന്തയാണ് മനനം. മനനംകൊണ്ട് രക്ഷിക്കുന്നതെന്തോ അതാണ് മന്ത്രം. ദേവീ ദേവന്മാരുടെ ശക്തിയുള്‍ക്കൊണ്ട ശബ്ദരൂപങ്ങളാണ് മന്ത്രങ്ങള്‍.” പത്തുപേരെ പരിചയപ്പെട്ടാല്‍ അതില്‍ കൂടുതല്‍ പേര്‍ക്കും ഓരോരോ ആവലാതികളാണ് പറയാനുള്ളത്. മക്കളുടെ വിവാഹം, വിദ്യാഭ്യാസം, കുടുംബ വിഷമങ്ങള്‍. ഇങ്ങനെ ആവലാതി പറയുന്നവരോടൊരപേക്ഷ, ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഉണരുക, ബ്രാഹ്മമുഹൂര്‍ത്തത്തിന്റെ മഹത്വം മനസ്സിലാക്കുക.

നാലു വേദങ്ങളുടെ സ്രഷ്ടാവായ ബ്രഹ്മദേവന്റെ ശക്തി സ്വയം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന സമയമാണ് ബ്രാഹ്മ മുഹൂര്‍ത്തം. അപ്പോള്‍ എഴുന്നേറ്റ് വിധി പ്രകാരം നിത്യ കര്‍മ്മങ്ങള്‍ ചെയ്യുക. പിന്നെ ഈശ്വരാരാധനയില്‍ മുഴുകുക. മനസ്സിന് ഏകാഗ്രത കിട്ടാന്‍ എളുപ്പമുള്ള സമയമാണിത്. ഇങ്ങനെ സ്ഥിരമായി അനുവര്‍ത്തിച്ചാല്‍ മനോനിയന്ത്രണം ഉണ്ടാകും. ആയുസ്സ് വര്‍ദ്ധിക്കും, മാറാരോഗങ്ങള്‍ വരില്ല. വന്നത് മാറും. ഐശ്വര്യം വര്‍ദ്ധിക്കും.

ധനസമൃദ്ധിയുണ്ടാകും. ദാമ്പത്യസുഖം കിട്ടും. വൈധവ്യദോഷമകന്നുപോകും. സന്താനഭാഗ്യമുണ്ടാകും. സന്താനങ്ങള്‍ സദ് സ്വഭാവമുള്ളവരായിത്തീരും. ഇഷ്ടകാര്യസിദ്ധിക്കും ഉത്തമം. പരിശീലനം കൊണ്ടുമാത്രം മനസ്സിനെ ക്രമേണ നിയന്ത്രിക്കുക. മന്ത്രങ്ങള്‍ ചൊല്ലുമ്പോള്‍ മറ്റൊരു ചിന്ത മനസ്സില്‍ വന്നാല്‍ ശ്രദ്ധിക്കാതെ ധ്യാനം തുടരുക. അതുപിന്നെ വരില്ല.

മന്ത്രജപത്തിന് പറ്റിയ സമയമാണ് ബ്രാഹ്മമുഹൂര്‍ത്തം. സൂര്യോദയത്തിന് മുമ്പ് ഏഴരവെളുപ്പുള്ളപ്പോള്‍ സൂര്യന്റെ ചൂടോ, ചന്ദ്രന്റെ തണുപ്പോ ബാധിക്കാത്ത സമയമാണിത്. ഈശ്വരാരാധനയ്ക്ക് പറ്റിയ മുഹൂര്‍ത്തം. ഈ മുഹൂര്‍ത്തത്തിന്റെ ദേവത ബ്രഹ്മാവാണ്. ആത്മീയ ജീവിതം നയിക്കുന്നവര്‍ തെരഞ്ഞെടുക്കുന്ന സമയവുമിതാണ്. ജാതിമത ഭേദമെന്യേ എല്ലാവര്‍ക്കും ഈശ്വരാരാധനയ്ക്ക് പറ്റിയ സമയവും ഇതുതന്നെ.

ബ്രാഹ്മമുഹൂര്‍ത്തത്തിലെ മന്ത്രജപം എല്ലാ ജീവിത പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. അഗാധമായ കടത്തില്‍ മുങ്ങിനില്‍ക്കുന്നവര്‍, ബുദ്ധി ശരിക്ക് പ്രവര്‍ത്തിക്കാത്തവര്‍, മാറാ രോഗങ്ങളില്‍പ്പെട്ട് വലയുന്നവര്‍ തുടങ്ങി എല്ലാവര്‍ക്കും രാവിലെ (വെളുപ്പിന്)യുള്ള മന്ത്രജപം സിദ്ധൗഷധമാണ്. പേരിനും പ്രശസ്തിക്കും ഇതില്‍പ്പരം മറ്റൊരാരാധനയില്ല. ജപ, ധ്യാന, മന്ത്രോപാസനയിലൂടെ ജീവിത പ്രശ്‌നങ്ങള്‍ക്കെല്ലാം ഒരു പരിധിവരെ പരിഹാരമുണ്ടാക്കാന്‍ കഴിയും.

ഋഷിമാരായ അഗസ്ത്യമുനി, വസിഷ്ഠമുനി തുടങ്ങിയവര്‍ കുടുംബസമേതം മന്ത്രോപാസകരായിരുന്നു. അതിനാല്‍ ഗൃഹസ്ഥര്‍ക്കും മന്ത്രോപാസന; ശക്തി നല്‍കും. ഗുരൂപദേശപ്രകാരം ആര്‍ക്കും മന്ത്രോപാസകരാകാം. ഇതിന് സാഹചര്യമില്ലാത്തവരോ, കഴിയാത്തവരോ ഇഷ്ടദേവതാ മന്ത്രം ഭക്തിപൂര്‍വം ജപിക്കാം. ദിവ്യശക്തിയുള്ള അക്ഷരങ്ങളോ, അക്ഷരങ്ങളുടെ കൂടങ്ങളോ ആണ് മന്ത്രങ്ങള്‍. നിരന്തരമായ ചിന്തയാണ് മനനം. മനനംകൊണ്ട് രക്ഷിക്കുന്നതെന്തോ അതാണ് മന്ത്രം. ദേവീ ദേവന്മാരുടെ ശക്തിയുള്‍ക്കൊണ്ട ശബ്ദരൂപങ്ങളാണ് മന്ത്രങ്ങള്‍.

പ്രപഞ്ചം ഉണ്ടായതുതന്നെ ഒരു നാദവിസ്‌ഫോടനത്തില്‍ നിന്നാണെന്ന് പുരാണങ്ങളില്‍ പറയുന്നു. ആധുനികശാസ്ത്രവും അതംഗീകരിക്കുന്നു. പ്രപഞ്ചോല്‍പ്പത്തിക്കു കാരണമായ ശബ്ദമാണ് (മന്ത്രം) ”ഓം” കാരം. എല്ലാ ശബ്ദങ്ങളുടേയും അല്ലെങ്കില്‍ മന്ത്രങ്ങളുടേയും അടിസ്ഥാനമായാണ് ”ഓം” കാരത്തെ കാണുന്നത്. അ, ഉ, മ എന്നീ മൂന്നക്ഷരങ്ങള്‍ ചേര്‍ന്നതാണ് ”ഓം” എന്ന മന്ത്രം. ഗുരൂപദേശമില്ലാതെ ജപിക്കാന്‍ ശക്തിയുള്ള ധാരാളം മന്ത്രങ്ങളുണ്ട്. ”ഓം ഗം ഗണപതയെ നമഃ” എന്ന ഗണപതി മന്ത്രയുപാസനയാല്‍ എല്ലാ തടസ്സങ്ങളും മാറിക്കിട്ടും. ”ഓം ഐം ക്ലീം സൗ സരസ്വതൈ്യ നമഃ” ഈ മന്ത്രം വിദ്യാമേന്മയ്ക്ക്” ഉത്തമം. ഓം ക്ലീം കാളികായൈ നമഃ ഐശ്വര്യത്തിനും ഓം ഹ്രീം ദും ദുര്‍ഗ്ഗായേ നമഃ, ഓം ശ്രീം നമഃ, ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ, ഓം നമഃ ശിവായ, ഓം ശനൈശ്ചരായ നമഃ

തുടങ്ങിയ മന്ത്രങ്ങള്‍ ജപിക്കാന്‍ ഗുരൂപദേശം വേണ്ടാ. ഇഷ്ടകാര്യസിദ്ധിക്കും, ധനസമൃദ്ധിക്കും കീര്‍ത്തിക്കും എല്ലാത്തിനും ഈ മന്ത്രങ്ങള്‍ ജപിക്കുന്നത് നല്ലതാണ്. ഉപാസകര്‍ക്ക് ഗുരുപദേശ പ്രകാരം ജപിച്ച് സിദ്ധിവരുത്താനും ഇഷ്ടകാര്യസിദ്ധിക്കും മന്ത്രങ്ങള്‍ തെരഞ്ഞെടുത്തു ജപിച്ചാല്‍ അതിന്റേതായ ഫലമുണ്ടാകും സംശയമില്ല. പക്ഷേ, ശിക്ഷിക്കാത്ത; ഒന്നു മുടങ്ങിയാലും പ്രശ്‌നമില്ലാത്ത ഇഷ്ടദേവതാ മന്ത്രങ്ങളാണ് നല്ലത്. പെട്ടെന്നു നമ്മള്‍ വിളിച്ചുപോകുന്ന എന്റെ വിഷ്ണുവേ, എന്റെ കൃഷ്ണാ, ദേവീ എന്നിവരുടെ മന്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് ഗൃഹസ്ഥര്‍ക്കുത്തമം. . എന്നും ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ നിത്യ കര്‍മ്മങ്ങള്‍ക്ക്‌ശേഷം സ്വസ്ഥമായി പൂജാമുറിയിലോ, ശുദ്ധമായ സ്ഥലത്തോ ഇരുന്ന് സാധകം ചെയ്യാം.

ഒരു മന്ത്രം തെരഞ്ഞെടുത്താല്‍ അതുതന്നെ നിത്യവും ജപിക്കണം. 108 വീതം ജപിച്ചു തുടങ്ങിയാല്‍ ദിവസം കഴിയുംതോറും എണ്ണം കൂട്ടിക്കൊണ്ടിരിക്കണം. മാറ്റിമാറ്റി ജപിക്കാതെ ജപിച്ച മന്ത്രം തന്നെ തുടര്‍ച്ചയായി ജപിച്ചു കൊണ്ടിരുന്നാല്‍ അത്ഭുതകരമായ മാറ്റങ്ങളുണ്ടാകും. കൂടുതല്‍ ജപിക്കുന്നതിലല്ല കാര്യം. ഭക്തിയോടെ ജപിക്കുന്നതിലാണ്. ബുദ്ധി, ആരോഗ്യം കീര്‍ത്തി, രോഗമുക്തി എന്നിവ അറിയാതെ വന്നുകൊണ്ടിരിക്കും. എല്ലാവരും ശ്രമിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button