കൊച്ചി: ഉത്തര്‍പ്രദേശിലെ മൗ എന്ന കൊച്ചുഗ്രാമത്തിലെത്തി 40 വര്‍ഷത്തെ മികച്ച വൈദ്യസേവനം കാഴ്ചവെച്ച മലയാളി കന്യാസ്ത്രീയ്ക്ക് ഝാന്‍സി റാണി വീര പുരസ്‌കാരം. മലയാറ്റൂര്‍ സ്വദേശിയായ സിസ്റ്റര്‍ ജൂഡാണ് പുസ്‌കാരത്തിന് അര്‍ഹയായത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുസ്‌കാരം സിസ്റ്റര്‍ക്ക് സമ്മാനിച്ചു. കൊച്ചിയില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു സിസ്റ്റര്‍. കിഴക്കന്‍ യുപിയിലെ മൗ എന്ന ഗ്രാമത്തിലെ ഫാത്തിമ ഡിസ്പെന്‍സറിയിലേക്ക് സിസ്റ്റര്‍ ഡോ. ജൂഡ് എത്തുമ്പോള്‍ പിടിച്ചുപറിയും കൊള്ളയും വ്യാപകം.
ഡല്‍ഹിയിലെ ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഗൈനക്കോളജിയില്‍ എം.ഡി. കഴിഞ്ഞിറങ്ങിയ സിസ്റ്ററിനെ 1977-ലാണ് മെഡിക്കല്‍ സിസ്റ്റേഴ്സ് ഓഫ് സെയ്ന്റ് ജോസഫ് എന്ന സന്ന്യാസ സമൂഹം മൗവിലേക്ക് അയച്ചത്. കിടക്കകളുള്ള ഒരു ആശുപത്രി പരിസരത്തെങ്ങും ഉണ്ടായിരുന്നില്ല. നിരക്ഷരരാണ് ഏറെയും. പതുക്കെ ഓരോരോ കിടക്കകളായി വര്‍ധിപ്പിച്ചു. ഇന്ന് 352 കിടക്കകളും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുമുള്ള വലിയ ആശുപത്രിയായി ഇത് മാറി. അത്യാഹിത വിഭാഗത്തില്‍പ്പോലും 52 കിടക്കകളുണ്ട്.
ആദ്യകാലത്ത് ഏറ്റവും ഗുരുതരമാകുന്ന സ്ഥിതിയിലെ ഗ്രാമീണര്‍ ആശുപത്രിയിലെത്തിയിരുന്നുള്ളൂവെന്ന് സിസ്റ്റര്‍ പറഞ്ഞു. 382 രോഗികളെവരെ ഒരു ദിവസം നോക്കിയിട്ടുണ്ടെന്ന് സിസ്റ്റര്‍ പറയുന്നു. ഇപ്പോള്‍ 200 കഴിഞ്ഞാല്‍ ബാക്കി അസിസ്റ്റന്റുമാര്‍ക്ക് കൈമാറുകയാണ് 76-കാരിയായ സിസ്റ്റര്‍.മൗവില്‍ നിന്ന് 120 കിലോമീറ്റര്‍ ദൂരെയാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ആശുപത്രി. അതിനാല്‍ പരമാവധി കേസുകള്‍ മൗവില്‍ത്തന്നെ കൈകാര്യം ചെയ്യണമായിരുന്നു. വീട്ടിലോ പ്രാദേശിക വൈദ്യന്‍മാരുടെയടുത്തോ പ്രസവം നടത്തിയ ശേഷം തകര്‍ന്ന ഗര്‍ഭപാത്രവും രക്തസ്രാവവുമായി വരുന്ന കേസുകള്‍ ധാരാളമാണെന്ന് സിസ്റ്റര്‍ പറഞ്ഞു.
15 സിസേറിയന്‍ ശസ്ത്രക്രിയകള്‍ ചെയ്ത ദിവസങ്ങൾ വരെയുണ്ടെന്നു സിസ്റ്റർ ഓർമ്മിക്കുന്നു. ഗര്‍ഭപാത്രം തകര്‍ന്ന് നാഡിമിടിപ്പും രക്തസമ്മര്‍ദ്ദവും ഇല്ലാതെ വന്ന ഒരു രോഗിയെ അതിസാഹസികമായ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയസംഭവവും ഉണ്ടായിട്ടുണ്ട്. സാധാരണക്കാരുടെ പ്രദേശമായതിനാല്‍ ചികിത്സാച്ചെലവുകള്‍ വളരെക്കുറവാണ് അവിടെ. അത്യാഹിത വിഭാഗത്തില്‍പോലും ദിവസേന 1,500 രൂപയെ ചെലവുള്ളൂ. മലയാറ്റൂര്‍ വെള്ളാനിക്കാരന്‍ ഡോ. ദേവസിയുടെയും അന്നംകുട്ടിയുടെയും പത്ത് മക്കളില്‍ ഒരാളാണ് സിസ്റ്റര്‍ ജൂഡ്.
Post Your Comments