Latest NewsIndiaEditorial

മോദിയെ പ്രതിരോധിക്കാനുള്ള പ്രതിപക്ഷ പദ്ധതികൾ പാളുന്നു : ഇംപീച്ച്മെൻറ് നീക്കം ഉപേക്ഷിച്ചു : രാജി നീക്കവും ആരുമേറ്റെടുക്കുന്നില്ല ; മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെയുള്ള ഇന്പീച്ച് മെൻറ് പ്രമേയം കൊണ്ടുവരേണ്ടതില്ല എന്ന് അവസാനം കോൺഗ്രസ് തീരുമാനിച്ചു. യഥാർഥത്തിൽ അത്തരമൊരു നീക്കത്തിന് കോൺഗ്രസ് നിർബന്ധിതമാവുകയായിരുന്നു. ചീഫ് ജസ്റ്റിസിനെതിരായ നീക്കത്തെ രാഷ്ട്രീയമായി കണ്ടാണ് കോൺഗ്രസ് പദ്ധതി തയ്യാറാക്കിയത്. അത് വളരെയേറെ കൊട്ടിഘോഷിക്കപ്പെട്ടുവെങ്കിലും ആദ്യാവസാനം ആശയക്കുഴപ്പത്തിലാഴ്‌ത്തി. കോൺഗ്രസിലെ വക്കീലന്മാരായ പ്രമുഖ എംപിമാർ പോലും ഇതിനു പിന്തുണ നല്കിയില്ലെന്നാണ് സൂചനകൾ. കപിൽ സിബൽ, പി ചിദംബരം, മനു അഭിഷേക് സിംഗ്‌വി തുടങ്ങിയവർ തന്നെ. മാത്രമല്ല പ്രതിപക്ഷ കക്ഷികളെ അണിനിരത്തുന്നതിലും കോൺഗ്രസ് ഇവിടെ ദയനീയമായി പരാജയപ്പെട്ടു. പാർലമെന്റിൽ കൂവിവിളിക്കുന്നതിലും സഭകൾ സ്‍തംഭിപ്പിക്കുന്നതിലും മാത്രമാണ് യോജിപ്പ് എന്നതായിരുന്നു ഇത് കാണിച്ചുതന്നത്. അക്ഷരാർഥത്തിൽ പ്രതിപക്ഷ നിരയിൽ കടുത്ത ഭിന്നത നിലനിർത്തിക്കൊണ്ടാണ് ഈ പാർലമെന്റ് സമ്മേളനം അവസാനിച്ചത് എന്നതാണ് പ്രധാനം. മാത്രമല്ല ആന്ധ്രാപ്രദേശിൽ നിന്നുള്ള വൈ എസ്‌ ആർ കോൺഗ്രസ് എംപിമാരുടെ രാജി പ്രഖ്യാപനം കോൺഗ്രസും ടിഡിപിയും അടക്കമുള്ളവരെ പ്രതിസന്ധിയിലുമാക്കി. വൈ എസ്‌ ആർ കോൺഗ്രസ് അംഗങ്ങൾ മാത്രമാണ് രാജിവെക്കുന്നതെങ്കിൽ ആന്ധ്രയെ സംബന്ധിച്ചുണ്ടാക്കിയ പരാതികളിൽ തങ്ങൾക്ക് ആത്മാർഥതയില്ലെന്ന് ജനങ്ങൾക്കിടയിൽ തോന്നലുണ്ടാക്കും എന്നതാണ് കോൺഗ്രസിനെയും ടിഡിപിയെയും ചിന്തിപ്പിക്കുന്നത്. പ്രതിപക്ഷ എംപിമാർ മുഴുവൻ രാജിവെക്കണം എന്ന് പറയാൻ ചന്ദ്രബാബു നായിഡു തയ്യാറായതും അതുകൊണ്ടാണ്. എന്നാൽ അത് എവിടെയുമെത്താത്ത പദ്ധതിയായിത്തീരാനാണ് സാധ്യത.

ഇന്നിപ്പോൾ ലോകസഭയിൽ ബിജെപി-എൻഡിഎ വിരുദ്ധ പക്ഷത്ത്‌ ഏതാണ്ട് 176 എംപിമാരുണ്ട്. അവരെല്ലാം രാജിവെച്ചാൽ ഒരു മിനി ലോകസഭാ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങും. അതിൽ ബിജെപിയെ തോൽപ്പിക്കാനാവുമെന്നും അത് 2019 ൽ കാര്യങ്ങൾ എളുപ്പമാക്കും എന്നുമാണ് നായിഡു പറയുന്നത്. വൈ എസ്‌ ആർ കോൺഗ്രസിന് ഒൻപതും ടിഡിപിക്ക് പതിനാറും എംപിമാരുണ്ട്. എസ്‌പിക്ക് 7 , എൻസിപിക്ക് ആറ് , കോൺഗ്രസിന് 48, തൃണമൂൽ കോൺഗ്രസിന് 34, ടിആർഎസിന് 11, സിപിഎമ്മിന് 11 , എ എ പിക്കും ആർജെഡിക്കും നാലു വീതം, ജെഡിഎസ്, ജെഎംഎം, ഐഎൻഎൽഡി,മുസ്ലിം ലീഗ് എന്നിവക്ക് രണ്ടുവീതം, സിപിഐ, നാഷണൽ കോൺഫറൻസ്, ആർഎസ്‌പി, എ ഐ എം ഐ എം എന്നിവക്ക് ഒന്നുവീതം എന്നിങ്ങനെയാണ് കണക്ക്. അവരിൽ എത്രപേർ ഇത്തരത്തിൽ നേരത്തെ എംപിസ്ഥാനം ഒഴിയാൻ തയ്യാറാവും എന്നത് സംശയകരമാണ്. ഇപ്പോൾ രാജിവെച്ചാൽ ആറ്‌ മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടക്കും. അതായത് ആറ്‌ മാസത്തിനകം ഒരു മിനി ലോകസഭാ തിരഞ്ഞെടുപ്പ്. അതിന് എംപിമാർ സജ്ജമാണോ, പാർട്ടികൾ സജ്ജമാണോ……അല്ലതന്നെ. ഇത്തരമൊരു പദ്ധതി മുന്നോട്ട് വെക്കാൻ ചന്ദ്രബാബു നായിഡു തയ്യാറാവുന്നത് ആന്ധ്രയിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ കാര്യങ്ങൾ എളുപ്പമല്ല എന്നതുകൊണ്ടാണ്. അതുകൊണ്ട് പ്രതിപക്ഷത്ത്‌ സമവായമുണ്ടാക്കി രാജി വൈകിപ്പിക്കാനും മറ്റുമാണ് ആലോചന. എന്നാൽ വൈ എസ്‌ ആർ കോൺഗ്രസിന്റെ നിലപാട് വ്യക്തമാണ്….മ;ഇ രാജിവെക്കും എന്നുതന്നെ. അതായത് ആറുമാസത്തിനകം ആന്ധ്രയിൽ ഒന്പത് ലോകസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് തീർച്ച. അത് വൈ എസ്‌ ആർ കോൺഗ്രസിന്റെ വിജയത്തിന് വഴിവെച്ചത് നായിഡുവിന് പറഞ്ഞുനിൽക്കാൻ കഴിയാതെയാവും. യഥാർഥത്തിൽ വൈ എസ്‌ ആർ കോൺഗ്രസ് വെട്ടിലാക്കുന്നത് കോൺഗ്രസിനെയും ചന്ദ്രബാബു നായിഡുവിനെയുമാണ്.

ഇതിനുമുൻപ് ഇതുപോലെ പ്രതിപക്ഷ എംപിമാർ കൂട്ടമായി രാജിവെച്ച ഒരു സംഭാവമുണ്ടായിട്ടുണ്ട്….. അത് 1989 ലാണ്. ബൊഫോഴ്‌സ് തട്ടിപ്പിനെ തുടർന്നാണ് ആ നീക്കം. അന്ന് കേരളത്തിൽ നിന്ന് രണ്ട്‌ പ്രതിപക്ഷ എംപിമാരാണ് ഉണ്ടായിരുന്നത്….തമ്പാൻ തോമസ് ( ജനതാദൾ,മാവേലിക്കര), കെ സുരേഷ് കുറുപ്പ് ( സിപിഎം , കോട്ടയം)എന്നിവർ. അവർ രാജിവെച്ചത് ഉപതിരഞ്ഞെടുപ്പ് നടക്കില്ല എന്നുറപ്പാക്കിയശേഷമാണ്. ആറുമാസം മുൻപ് എംപിമാരുടെ ഒഴിവുണ്ടായാൽ ഉപതിരഞ്ഞെടുപ്പ് നടക്കണം. അതാണ് കീഴ്‌വഴക്കം , അതാണ് നിയമം. അതുകൊണ്ട് ഇപ്പോൾ രാജിവെച്ചാൽ ഉപതിരഞ്ഞെടുപ്പ് തീർച്ച.

ഇപ്പോൾ ഒരു ഉപതിരഞ്ഞെടുപ്പിന് കോൺഗ്രസ് തയ്യാറാവുമോ എന്നത് സംശയകരമാണ്. അതുപോലെതന്നെയാണ് സമാജ്‌വാദി പാർട്ടി, എൻസിപി, ശിവസേന, തൃണമൂൽ കോൺഗ്രസ് , ആം ആദ്‌മി തുടങ്ങിയവ. അവർക്ക് കൂടുതൽ സീറ്റുകൾ കിട്ടാനില്ല…….. ഉള്ളത് നിലനിർത്താൻ അത്യധ്വാനം വേണം താനും. ബിജെപി ഇപ്പോൾ തന്നെ പലയിടത്തും ക്ഷീണിച്ചു എന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷം ആശ്വസിക്കുമ്പോഴും തൃപുരയടക്കമുള്ള ജനവിധികൾ കാണാതെപോകാൻ ആർക്കുമാവുന്നില്ല. കർണാടകത്തിൽ കാര്യങ്ങൾ എളുപ്പമാണ് എന്നൊക്കെ രാഹുൽഗാന്ധിയും മറ്റും പറയുന്നുണ്ടെങ്കിലും ബിജെപി അവിടെ നീക്കങ്ങൾ ശക്തമാക്കിക്കഴിഞ്ഞു. ഒന്നും പറയാനാവാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തുന്നത് എന്നത് കോൺഗ്രേസ് സമ്മതിക്കുന്നുണ്ടിപ്പോൾ. അത്തരമൊരു സാഹചര്യത്തിൽ എല്ലാ എംപിമാരും രാജിവെക്കുന്നത് അപകടകരമാവും എന്ന് കരുതുന്നവരാണ് കോൺഗ്രസിലേറെയും. രാഹുൽ ഗാന്ധിക്ക് പോലും വീണ്ടും അമേത്തി നിലനിർത്താനാവുമോ എന്നത് തീർച്ചയില്ല എന്ന് പറഞ്ഞാൽ എല്ലാമായല്ലോ. സിപിഎമ്മും ഇതിനെ എങ്ങിനെ കാണുമെന്ന് വ്യക്തമല്ല. അവരാണ് ഈ നീക്കത്തെ ഏറ്റവുമധികം ഭയപ്പെടുക. കേരളത്തിൽ നിന്നാണ് അവരുടെ എംപിമാരധികവും ,പിന്നെ തൃപുരയിൽ നിന്നും. തൃപുരയിൽ സീറ്റുകൾ നിലനിർത്തുക എളുപ്പമല്ലെന്ന് അവർക്കറിയാം. കേരളത്തിലും അത് തീരെ എളുപ്പമല്ല….ചെങ്ങന്നൂരിൽ ഇപ്പോൾ പെടുന്ന പാട് അവർക്കേ അറിയൂ. സിപിഐക്കാവട്ടെ ആകെയുള്ളത് ഒരേയൊരു സീറ്റാണ്….. അതും നിലനിർത്താനായില്ലെങ്കിൽ?. അത്രക്കുണ്ട് ഇന്നിപ്പോൾ പ്രതിപക്ഷത്തെ ആത്മവിശ്വാസം. അതുകൊണ്ട് അത്തരമൊരു കൂട്ട രാജിതീരുമാനം ഉണ്ടാവുന്നുവെങ്കിൽ തന്നെ അത് ഉപതിരഞ്ഞെടുപ്പ് നടക്കില്ലെന്ന് തീർച്ചയാക്കിയിട്ടേ ഉണ്ടാവൂ……… അതായത് പൊതു തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിൽ മാത്രം.
എന്താണിത് കാണിക്കുന്നത്?.

ബിജെപി -മോഡി സർക്കാരിനെ പാർലമെന്റിൽ ബഹളമുണ്ടാക്കി നേരിടാനാവുന്നുണ്ടെങ്കിലും ജനങ്ങളെ അഭിമുഖീകരിക്കാൻ പ്രതിപക്ഷം തയ്യാറല്ല. യഥാർഥത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കാൻ കുതന്ത്രങ്ങളും കുൽസിത മാർഗങ്ങളുമാണ് അവർ എടുക്കുന്നത്. ഇല്ലാത്ത പ്രശ്നത്തിന്റെ പേരിൽ ബഹളവും കലാപവും ഉണ്ടാക്കുന്നു. പട്ടികജാതി നിയമത്തിന്റെ പേരിൽനടന്ന കലാപം ആസൂത്രിതമായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. പട്ടികജാതി അവകാശ നിയമം റദ്ദാക്കി, സംവരണം അട്ടിമറിക്കാൻ പോകുന്നു എന്നും മറ്റും രാഹുൽ ഗാന്ധിതന്നെ കുപ്രചരണം നടത്തിയത് കോൺഗ്രസ് മീഡിയ സെൽ പുറത്തുവിട്ടുവല്ലോ. ഇതുപോലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ഭിന്നിപ്പിച്ചും കലാപമുണ്ടാക്കിയും ബിജെപിയെ തകർക്കാം എന്നതാണ് കോൺഗ്രസ് – പ്രതിപക്ഷ പദ്ധതി. അതിനെ എതിരിടാൻ കഴിയുമെന്നാണ് ബിജെപി കരുതുന്നത്.മാത്രമല്ല കോൺഗ്രസിനെ മുന്നിൽ നിർത്തി മത്സരിക്കാൻ ആരും തയ്യാറല്ല എന്നതും ബിജെപിക്ക് ഗുണകരമാവും. യഥാർഥത്തിൽ പ്രതിപക്ഷ പദ്ധതികൾ ഒന്നടങ്കം പാളുകയാണ്. ചില സുപ്രീംകോടതി ജഡ്ജിമാർ നടത്തിയ അനവസരത്തിലുള്ള നീക്കങ്ങൾ പോലും രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ ഇനിയെന്ത് എന്നത് ചോദ്യചിഹ്നമായി നിൽക്കുന്നു.

ALSO READ ;വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന പോലെ രാഹുല്‍ ഗാന്ധി, അപക്വവും അതിരുകടന്നതുമായ രാഹുല്‍ ഗാന്ധിയുടെ പൊതുവേദികളിലെ പ്രസംഗങ്ങളെ കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെവിഎസ് ഹരിദാസ് വിലയിരുത്തുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button