തിരുവല്ല: തിരുവല്ലയിലെ ശ്രീവല്ലഭ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന ആറാട്ട് എഴുന്നള്ളത്തിന് മുമ്പ് ആന വിരണ്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ആനയുടെ കണ്ണുകളില്‍ ഉയര്‍ന്ന പ്രകാശ ശേഷിയുള്ള ലേസറുകള്‍ പതിഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുന്നത്.
മുന്‍ വര്‍ഷങ്ങളിലും ഉത്സവം അലങ്കോലമാക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. അന്ന് ആനയ്ക്ക് ആനപ്പിണ്ടം ആഹാരവസ്തുവില്‍ പൊതിഞ്ഞ് നല്‍കിയതായി കണ്ടെത്തിയിരുന്നു. വനമേഖലയില്‍ മൃഗങ്ങളെ തുരത്താന്‍ ഉപയോഗിക്കുന്ന ലേസര്‍ സ്‌പോട്ട് ഫ്‌ലാഷ് പകല്‍ സമയത്തും അതീവ തീവ്രത ഉള്ളതാണ്. ഇത്തരം ലൈറ്റുകളാണ് ആറാട്ട് എഴുന്നള്ളത്തിന് മുമ്പ് ആനയ്ക്ക് നേരെ പ്രയോഗിച്ചതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്.
ക്ഷേത്രത്തില്‍ വിരണ്ട തോട്ടയ്ക്കാട് രാജശേഖരന്‍ എന്ന ആന വര്‍ക്കല ശ്രീവിജയന്‍ കാര്‍ത്തികേയന്‍ എന്ന ആനയെ കുത്തി വീഴ്ത്തുകയായിരുന്നു. ശ്രീവിജയന്റെ കണ്ണിന് സമീപം പരുക്ക് പറ്റി. ഉടന്‍ തന്നെ പാപ്പാന്മാര്‍ ഇടപെട്ട് തളച്ചതിനാല്‍ മറ്റ് അനിഷ്ഠ സംഭവങ്ങള്‍ ഉണ്ടായില്ല.
വീഡിയോ കാണാം;
Post Your Comments