തിരുവനന്തപുരം: മേല്‍ത്തട്ട് പരിധിയില്‍ കേന്ദ്ര നിര്‍ദ്ദേശം കേരളവും നടപ്പിലാക്കുന്നു. പിന്നാക്ക വിഭാഗങ്ങളുടെ മേൽത്തട്ട് വരുമാന പരിധി ആറുലക്ഷം രൂപയിൽ നിന്ന് എട്ടുലക്ഷം രൂപയായി ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചു. പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ശുപാർശ അനുസരിച്ചാണു നടപടി. സർക്കാർ ഉത്തരവ് ഇറങ്ങുന്ന തീയതി മുതൽ ഈ തീരുമാനത്തിനു പ്രാബല്യമുണ്ടാകും.
മൂന്നാർ–ബോഡിമെട്ട് ദേശീയപാത 381 കോടി രൂപ ചെലവഴിച്ചു വികസിപ്പിക്കുന്നതിന് അനുമതി നൽകി. റോഡിനു വീതി കൂട്ടുമ്പോൾ മരം മുറിക്കുന്നതിന് അനുവാദം വാങ്ങണമെന്ന വ്യവസ്ഥയ്ക്കു വിധേയമായി റോഡ് വികസനത്തിന് അനുമതി നൽകുകയായിരുന്നു. സർക്കാർ വകുപ്പുകളുടെ കീഴിലുളള പ്ലാന്റേഷനുകൾ, ഫാമുകൾ, സഹകരണ സംഘങ്ങൾ എന്നിവയിൽനിന്നും കർഷകരിൽനിന്നും ശേഖരിക്കുന്ന തോട്ടണ്ടി കശുവണ്ടി വികസന കോർപറേഷനും കാപ്പക്സിനും ലഭ്യമാക്കാൻ അനുമതി നൽകും.
ബന്ധപ്പെട്ട വില നിർണയ സമിതി നിശ്ചയിക്കുന്ന വിലയ്ക്കാണു തോട്ടണ്ടി ലഭ്യമാക്കുക. തോട്ടണ്ടി ദൗർലഭ്യംമൂലം കശുവണ്ടി മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുളള നടപടികളുടെ ഭാഗമായാണു തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന തോട്ടണ്ടി സംഭരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ ജില്ലാ റൂറൽ ജയിൽ സ്ഥാപിക്കുന്നതിനു ജലവിഭവ വകുപ്പിന്റെ കൈവശമുളള 60 സെന്റ് ഭൂമി ജയിൽ വകുപ്പിന്റെ ഉപയോഗത്തിനു വിട്ടുകൊടുക്കാൻ തീരുമാനിച്ചു. ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിലനിർത്തിയാണ് ഉപയോഗാനുമതി നൽകുക.
Post Your Comments