കൊച്ചി: സ്വകാര്യ ബസില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു.കൊച്ചിയിലെ ചെന്താര എന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴി പോലീസ് എടുത്തിരുന്നു. തുടർന്ന് ബസ് ജീവനക്കാരുടെ അനാസ്ഥയാണ് യാത്രക്കാരന്‍ മരിക്കാനിടയായതെന്ന് പൊലീസ് കണ്ടെത്തി.
ട്രിപ്പ് മുടങ്ങുമെന്ന കാരണം പറഞ്ഞു വയനാട് സ്വദേശി ലക്ഷ്മണനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ബസ് ജീവനക്കാര്‍ തയ്യാറായില്ല. തളര്‍ന്നുവീണ ലക്ഷ്മണനെയും കൊണ്ട് അരമണിക്കൂറോളം ബസ് യാത്ര തുടരുകയായിരുന്നു.
എറണാകുളം സൗത്തില്‍ നിന്ന് പാലാരിവട്ടത്തേക്ക് പോകാനാണ് ലക്ഷ്മണന്‍ ബസില്‍ കയറിയത്. ബസ് ഷേണായീസ് ജംഗ്ഷനില്‍ എത്തിയപ്പോള്‍ ലക്ഷ്മണന് തളര്‍ച്ചയും നെഞ്ചുവേദനയും അനുഭവപ്പെടുകയും അപസ്മാരം ഉണ്ടാവുകയുമായിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ബസ് ജീവനക്കാര്‍ കേട്ടില്ല.
പിന്നീട് യാത്രക്കാര്‍ ബഹളം വെച്ചതോടെ ഇടപ്പള്ളി പള്ളിയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. തുടർന്ന് ലക്ഷ്മണനെ സഹയാത്രികര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments