കൊല്ലം: കൊല്ലത്ത് നിന്നുള്ള സിപിഐഎം സംസ്ഥാനകമ്മറ്റി അംഗങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ജില്ലാകമ്മിറ്റി അംഗം. സിപിഐഎം നേതാക്കള്‍ ഗ്രൂപ്പുകളിക്കുകയാണെന്നും പകയുടെ രാഷ്ട്രീയമാണ് കൊല്ലത്ത് നടക്കുന്നതെന്നും ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുന്‍സെക്രട്ടറി കൂടിയായ കെബി അജയകുമാര്‍ തുറന്ന കത്തില്‍ പറയുന്നു.
പരാതിയില്‍ നിന്ന്
കൊല്ലത്ത് നിന്നുള്ള സിപിഐഎം സംസ്ഥാനകമ്മറ്റി അംഗങ്ങളായ കെ വരദരാജന്‍, എസ് രാജേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുന്‍ സെക്രട്ടറി കൂടിയായ കെബി അജയകുമാര്‍ ആരോപണം ഉന്നയിക്കുന്നത്. വരദരാജന്‍ പാര്‍ട്ടി പിടിക്കാന്‍ ഗ്രൂപ്പ് കളിക്കുകയാണെന്നും ഇതില്‍ വഴങ്ങാതിരുന്നത് മൂലം തന്നോട് പാമ്പിന്റെ പക കാണിച്ചുവെന്നും നേതൃത്വത്തിന് നല്‍കിയ തുറന്ന കത്തില്‍ പറയുന്നു.
സ്ത്രീകളുമായി ബന്ധപ്പെട്ട പരാതിയടക്കം തനിക്കെതിരെ ഉയര്‍ത്താന്‍ ശ്രമിച്ചുവെന്നും എല്ലാം പരാജയപ്പെട്ടവയാണെന്നും കെ.ബി അജയകുമാറിന്റെ കത്തിലുണ്ട്. 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായിട്ടുള്ള ജില്ലാ സമ്മേളനത്തില്‍ പുതിയ ജില്ലാ കമ്മിറ്റിയംഗങ്ങളുടെ പാനല്‍ തിരുത്തിയ എസ് രാജേന്ദ്രന്‍ കുറ്റം തന്റെ തലയില്‍ കെട്ടിവെച്ചുവെന്നും തുറന്ന കത്തിലുണ്ട്.
രണ്ട് സമ്മേളന കാലയളവുകളിലെ ഗ്രൂപ്പുകളി അക്കമിട്ട് നിരത്തുകയാണ് കെ.ബി അജയകുമാര്‍. സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ജില്ലാകമ്മിറ്റിയില്‍ നിന്നും അജയകുമാറിനെ ഒഴിവാക്കിയിരുന്നു. ഇതിന് മുമ്പ് തന്നെ അജയകുമാറിനെ പാര്‍ട്ടി ഓഫീസ് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി. ദീര്‍ഘകാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച തന്നെ പുഴുത്ത പട്ടിയെ പോലെയാണ് ഓഫീസില്‍ നിന്ന് ഇറക്കി വിട്ടതെന്നും കത്തിലുണ്ട്.
വിഎസിന്റെ അടുത്ത വിശ്വസ്തനായി നിന്ന് പിണറായിയെയും വി.എസിനെയും വ്യത്യസ്ത ധ്രുവങ്ങളിലാക്കി കേരളത്തിന്റെ പാര്‍ട്ടിക്കകത്തുണ്ടായ വിഭാഗീതയതെ വളര്‍ത്താന്‍ എരിതീയില്‍ എണ്ണയൊഴിച്ച വ്യക്തിയാണ് എസ് രാജേന്ദ്രന്‍. പദവിയും മാന്യതയും നല്‍കിയ വിഎസിനോട് യൂദാസ് കാട്ടിയ പണിയാണ് രാജേന്ദ്രന്‍ ഒടുവില്‍ കാണിച്ചത്.
പാര്‍ട്ടി സംസ്ഥാനകമ്മറ്റി അംഗമായ വരദരാജന്റെയും സെക്രട്ടറിയേറ്റ് അംഗമായ എസ് ജയമോഹന്റെയും മുന്നില്‍ കീഴടങ്ങി നിന്നിരുന്നെങ്കില്‍ എനിക്ക് ഒരു പക്ഷെ പാര്‍ട്ടിയിലെ സ്ഥാനങ്ങളില്‍ തുടരാന്‍ കഴിയുമായിരുന്നു. കത്തില്‍ പറയുന്നു.
Post Your Comments