കൊച്ചി: വ്യാജ ബിരുദവുമായി രോഗികളെ പൈല്‍സിന് ചികിത്സിച്ചിരുന്ന ഇടപ്പള്ളി അല്‍ ഷിഫാ ഹോസ്പിറ്റല്‍ ഡയറക്ടറും സ്ഥാപകനുമായ ഡോ. ഷാജഹാന് ലുക്കൗട്ട് നോട്ടീസ്. എളമക്കര എസ്.ഐ പ്രജീഷ് ശശിയാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. നിരവധി പൈല്‍സ് രോഗികളെ ചികിത്സിക്കുകയും ചികിത്സയില്‍ പിഴവ് സംഭവിക്കുകയും ചെയ്തിരുന്നു. ശസ്ത്രക്രിയ നടത്തിയ പലര്‍ക്കും ഇരിക്കാന്‍ ആവാത്ത വിധം അവശനിലയിലായിരുന്നു.
പരാതികളെത്തുടര്‍ന്ന് അല്‍ ഷിഫ ഹോസ്പിറ്റല്‍ ഫോര്‍ പൈല്‍സ് അടച്ചു പൂട്ടിയിരുന്നു. ആശുപത്രിയുടെ മാനേജിങ് ഡയറക്ടറും സ്ഥാപകനുമായ ഡോ. ഷാജഹാന്റെ മെഡിക്കല്‍ ബിരുദം വ്യാജമെന്നു കണ്ടെത്തി ഐഎംഎയില്‍നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ രേഖകള്‍ ഉണ്ടായിരുന്നില്ലെന്നു വ്യക്തമായി. ഞെട്ടിക്കുന്ന ആരോപണങ്ങളാണ് രോഗികളില്‍നിന്നും ഐഎംഎയില്‍നിന്നും ഹോസ്പിപിറ്റലിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഡോ. ഷാജഹാന്റെ ട്രാവന്‍കൂര്‍-കൊച്ചി (ടിസി) മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടിയെടുത്തതിലും തട്ടിപ്പു നടന്നു.
2002-2003 കാലഘട്ടത്തില്‍ ലഭിച്ച പരാതിയെത്തുടര്‍ന്നാണു ഡോക്ടറെക്കുറിച്ചുള്ള അന്വേഷണം നടത്തിയത്. ഈ ആശുപത്രിയെക്കുറിച്ചും പരാതി ലഭിച്ചിരുന്നു. അന്ന് ഐഎംഎ നടത്തിയ അന്വേഷണത്തില്‍ അദ്ദേഹമല്ല ഓപ്പറേഷന്‍ നടത്തുന്നത് എന്നായിരുന്നു മറുപടി. ഹോമിയോ ഡിപ്ലോമയുണ്ടെന്നും മറുപടി നല്‍കി. അതിനുശേഷം വളരെ വൈകിയാണ് ടിസി മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍ നേടിയത്. തൊടുപുഴ ബ്രാഞ്ച് വഴി ഐഎംഎ രജിസ്ട്രേഷനും നേടി. നിരവധി പരാതികള്‍ കിട്ടിയതോടെ അന്വേഷണം നടത്തിയത്. ഇതില്‍ രേഖകളില്‍ വലിയ വ്യത്യാസങ്ങളാണ് കണ്ടെത്തിയത്. എസ്എസ്എല്‍സി പാസായ സമയം, എംബിബിഎസ് ചെയ്ത വര്‍ഷം, പിജി ചെയ്ത വര്‍ഷം എന്നിവയിലെല്ലാം വലിയ വ്യത്യാസമുണ്ട്. ഇതേത്തുടര്‍ന്നാണ് അന്വേഷണക്കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പുറത്താക്കിയത്.
മെഡിക്കല്‍ കൗണ്‍സിലിലും ഡിജിപിക്കും ഡോ. ഷാജഹാനെതിരേ പരാതി നല്‍കിയിട്ടുണ്ട്. രോഗികളില്‍നിന്നാണ് ഏറ്റവുംകൂടുതല്‍ പരാതി ലഭിച്ചത്. ടിസി മെഡിക്കല്‍ കൗണ്‍സിലും ഡോ. ഷാജഹാന്റെ പ്രാഥമിക രജിസ്ട്രേഷന്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ വിവരം. ആശുപത്രിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ല. ഫയര്‍ ഫോഴ്സിന്റെയും സര്‍ട്ടിഫിക്കറ്റില്ല. ലൈസന്‍സുമില്ല. പെര്‍മിറ്റ് ഇല്ലാത്ത ആശുപത്രിയില്‍ പ്രത്യേക തരം ചികിത്സ നടത്തുന്നെന്നും അര മണിക്കൂര്‍ കൊണ്ടു രോഗം ഭേദമാകുമെന്നും കോടികളുടെ പരസ്യം ചെയ്തായിരുന്നു എല്ലാ തട്ടിപ്പുകളെയും മറച്ചുവച്ചിരുന്നത്.
രോഗികളെ വ്യാപകമായി വഞ്ചിച്ചുകൊണ്ടായിരുന്നു ആശുപത്രിയുടെ പ്രവര്‍ത്തനം. പൈല്‍സ് പോലുള്ള രോഗങ്ങള്‍ പുറത്തുപറയാന്‍ മടിക്കുന്നതാണ്. ഇതു ചൂഷണം ചെയ്തായിരുന്നു ആശുപത്രിയുടെ വളര്‍ച്ച. പലര്‍ക്കും ജീവതത്തിലുടെനീളം നരകമാണ് ബാക്കിയായതെന്നും പൊലീസിനും വിവിധ അധികൃതര്‍ക്കും നല്‍കിയ പരാതികളില്‍നിന്നു വ്യക്തമാണ്.
Post Your Comments