കൊച്ചി: നഗരമധ്യത്തിൽ ടെറസിനു മുകളിൽ കഞ്ചാവ് വളർത്തിയ സ്ത്രീ അറസ്റ്റിൽ. കലൂരിൽ വട്ടേക്കാട് റോഡിനു സമീപത്തെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. എറണാകുളം കതൃക്കടവ് വട്ടേക്കാട് റോഡില്‍ ജോസണ്‍ വീട്ടില്‍ മേരി ആന്‍ ക്ലമന്റിനെ(37) ആണ് നോര്‍ത്ത് പോലീസ് കസ്‌റ്റഡിയിലെടുത്തത്. നോര്‍ത്ത് സി.ഐ. കെ.ജെ. പീറ്ററിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയിലാണു ടെറസില്‍ കഞ്ചാവ് കൃഷി കണ്ടെത്തിയത്.
ആറു മാസം വളര്‍ച്ചയെത്തിയ ആറര അടി പൊക്കമുള്ള കഞ്ചാവ് ചെടികളാണു മേരി ടെറസില്‍ വളര്‍ത്തിയിരുന്നത്. കഞ്ചാവ് ചെടികള്‍ സുഹൃത്ത് നല്‍കിയതാണെന്നു ഇവര്‍ പോലീസിനു മൊഴി നല്‍കി. ഇവര്‍ക്ക് ലഹരി ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് പരിശോധനയ്‌ക്ക് എത്തിയപ്പോള്‍ മേരിയും മാതാവും മാത്രമാണു വീട്ടില്‍ ഉണ്ടായിരുന്നത്. ടെറസിലെ കഞ്ചാവ് ചെടി നട്ടതിനെക്കുറിച്ച് മേരിയുടെ മാതാവിന് അറിവുണ്ടായിരുന്നില്ലായെന്ന നിഗമനത്തിലാണു പോലീസ്.
അറസ്റ്റിലായ ആന്‍ ടൂറിസ്റ്റ് ഗൈഡായി പ്രവര്‍ത്തിച്ചു വരികയാണ്. ഒരാള്‍പൊക്കത്തില്‍ വളര്‍ന്ന അഞ്ച് ചെടികളാണ് ടെറസിന് മുകളില്‍ വളര്‍ത്തിയിരുന്നത്. രഹസ്യവിവരത്തേത്തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി ഈ പ്രദേശത്ത് പോലീസ് തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. നോര്‍ത്ത് സി ഐയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. 10 വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Post Your Comments