അഞ്ചല്‍ (കൊല്ലം)•തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം വിളക്കുപാറ ഇളവറാംകുഴി സ്വദേശി വാസുവിനെ നഴ്സിംഗ് അസിസ്റ്റന്റ്റ് ക്രൂരമായി പീഡിപ്പിച്ച സംഭവം അതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെയാണ് പുറംലോകം അറിയുന്നത്. എന്നാല്‍ വീഡിയോയിലൂടെ പുറത്ത് വന്നതിലേറെ പീഡനം വാസുവിന് നഴ്സിംഗ് അസിസ്റ്റന്റില്‍ നിന്ന് നേരിടേണ്ടി വന്നുവെന്നാണ് അറിയിയുന്നത്.
നഴ്സിംഗ് അസിസ്റ്റന്റ്റ് അതിക്രൂരമായി പീഡിപ്പിച്ചുവെന്ന് വാസു പറഞ്ഞു. കൈയും കാലും പിടിച്ചു തിരിക്കുകയും ശബ്ദമുണ്ടാക്കിയപ്പോള്‍ വായ പൊത്തിപ്പിടിച്ചുവെന്നും വാസു പറഞ്ഞു.
തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു വിളക്കുപാറ ഇളവറാംകുഴി സ്വദേശിയായ വാസു. തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസങ്ങള്‍ വേദനയോടെയാണ് ബന്ധുക്കളും ഓര്‍ക്കുന്നത്. വീടിനുള്ളില്‍ കിടക്കുന്ന വാസു ആരെങ്കിലും ഉപദ്രവിക്കാന്‍ വരുന്നുണ്ടോ എന്ന ഭീതിയിലാണ്. മെഡിക്കല്‍ കോളജിലെ പീഡനങ്ങളുടെ ഭയം ഇപ്പോഴുമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കാലൊടിഞ്ഞ് ചികിത്സയിലുള്ള വാസു ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. മെഡിക്കല്‍ കോളേജിലെ പീഡനം അദ്ദേഹത്തെ കൂടുതല്‍ അവശനാക്കിയിട്ടുമുണ്ട്.
അതേസമയം, വാസുവിനോട് ക്രൂരമായി പെരുമാറിയ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. സംഭവത്തെക്കുറിച്ചന്വേഷിക്കാനും ശക്തമായ നടപടി സ്വീകരിക്കാനും ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടിരുന്നു. സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും നടത്തിയ പ്രാഥമികാന്വേഷണത്തില്‍ സംഭവം മെഡിക്കല്‍ കോളേജിലാണെന്ന് ബോധ്യപ്പെടുകയും ജീവനക്കാരനെ തിരിച്ചറിയുകയും ചെയ്തതിന്റെ അടിസ്ഥാനലാണ് സസ്‌പെന്‍ഷന്‍.
Post Your Comments