തിരുവനന്തപുരം: കരിക്കകം ചാമുണ്ഡീദേവിക്ക് ഇന്ന് പൊങ്കാല സമർപ്പണം. ചാക്ക മുതൽ കൊച്ചുവേളി വരെയുള്ള നാലു കിലോമീറ്റർ ചുറ്റളവിൽ സ്ത്രീകൾ ദേവിക്ക് പൊങ്കാലയർപ്പിക്കും. ചാമുണ്ഡീദേവിയുടെ നക്ഷത്രമായ മീനമാസത്തിലെ മകം നാളിലാണ് പൊങ്കാല സമര്‍പ്പണം. ഇന്ന് രാവിലെ 10.15 ന് ശ്രീകോവിലില്‍ നിന്നുള്ള ദീപം ക്ഷേത്രതന്ത്രി പുലിയന്നൂര്‍ നാരായണൻ അനുജൻ നമ്പൂതിരിപ്പാട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പണ്ടാരയടുപ്പില്‍ പകരും. ഉച്ചയ്ക്ക് 2.15ന് തങ്കത്തിൽ പൊതിഞ്ഞ ദേവിയുടെ ഉടവാൾ പൊങ്കാലക്കളത്തിൽ എഴുന്നള്ളിച്ചു തർപ്പണം നടത്തും. ഇതോടെ ഭക്തരുടെ കാത്തിരിപ്പിന് വിരാമമാവും. 150 ശാന്തിക്കാരെയാണ് പൊങ്കാല തർപ്പണത്തിനായി നിയോഗിച്ചിട്ടുള്ളത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ദേവിയുടെ ഉടവാൾ തൊട്ടുവണങ്ങാനുള്ള അവസരവും പൊങ്കാലനിവേദ്യ വേളയിൽ ഭക്തർക്ക് ലഭിക്കും. രാത്രി അത്താഴപൂജയ്ക്ക് ശേഷം പരമ്പരാഗത വാദ്യമേളങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അകമ്പടിയോടെ ദേവിയുടെ ഉടവാൾ ഗുരുതിക്കളത്തിൽ എഴുന്നള്ളിച്ച് ഗുരുതിയോടെ ഈ വർഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും. പൊങ്കാല ഉത്സവത്തിന് ശേഷം വ്യാഴാഴ്ച രാവിലെ 9:30 ന് നട തുറക്കും. വിപുലമായ ഒരുക്കങ്ങളാണ് ഈ വർഷം പൊങ്കാലയ്ക്കായി നടത്തിയിട്ടുള്ളത്. ഹരിതചട്ടം പൂർണമായി നടപ്പാക്കിക്കൊണ്ടുള്ള പൊങ്കാലയായിരിക്കും ഇത്തവണത്തേത്. കെ.എസ്.ആർ.ടി.സി ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്ന് ക്ഷേത്രത്തിലേക്ക് സർവീസ് നടത്തുന്നുണ്ട്.
എന്നാല്‍ വാഹനങ്ങള്‍ ക്ഷേത്രത്തിന് മുന്‍വശത്ത് പാര്‍ക്ക് ചെയ്യരുതെന്നും പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍നിന്ന് പരമാവധി അകലം പാലിച്ച് വേണം പൊങ്കാല ഇടാനെന്നും നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. പൊങ്കാല കഴിഞ്ഞ് ഭക്തർക്ക് തിരിച്ചുപോകുന്നതിനായി ക്ഷേത്രപരിസരത്ത് ഒരുക്കിയിട്ടുള്ള താത്കാലിക ബസ് സ്റ്റാൻഡിൽ ബസുകൾ ക്രമീകരിക്കും. കൊച്ചുവേളിയിൽ തീവണ്ടികൾക്ക് താത്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെയും സ്വകാര്യ ആശുപത്രികളുടെയും സേവാഭാരതിയുടെയും ആംബുലൻസുകളും താത്കാലിക മെഡിക്കൽ സൗകര്യങ്ങളും അഗ്നിശമന സേനയുടെ മൊബൈൽ യൂണിറ്റും ക്ഷേത്രപരിസരത്ത് സജ്ജമാക്കിയിട്ടുണ്ട്.
പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്തരുടെ സുരക്ഷയ്ക്കായി ഷാഡോ പൊലീസും വനിതാ പൊലീസും ഉൾപ്പെടെ പൊലീസിന്റെയും അഗ്നിശമന സേനയുടെയും സേവനം ഉണ്ടായിരിക്കും. ഇതിനു പുറമെ പള്ളിപ്പുറം സി.ആർ.പി.എഫിൽ നിന്നുള്ള ജവാന്മാരെയും മറ്റ് സുരക്ഷാ വിഭാഗങ്ങളെയും സുരക്ഷയ്ക്കായി വിന്യസിക്കും. മോഷണവും കുറ്റകൃത്യങ്ങളും തടയാൻ ക്ഷേത്രപരിസരത്തും പൊങ്കാലയിടുന്ന പ്രദേശങ്ങളിലും കൂടുതൽ സി.സി ടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
കുടിവെള്ള വിതരണത്തിനായി ജലവകുപ്പ് താത്കാലിക പൊതുടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യസേവനത്തിനായി ആരോഗ്യവകുപ്പിന്റെയും സ്വകാര്യ ആശുപത്രികളുടെയും സേവാഭാരതിയുടെയും ആംബുലൻസും താത്കാലിക മെഡിക്കൽ സൗകര്യങ്ങളും ഉണ്ടായിരിക്കും. ട്രസ്റ്റിൽനിന്ന് അന്നദാനത്തിന് അനുവാദം വാങ്ങിയിട്ടുളള വിവിധ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും ഹരിതചട്ടവും ഫുഡ് ആൻഡ് സേഫ്ടിയുടെ നിർദ്ദേശങ്ങളും പാലിക്കണമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
Post Your Comments