Devotional

സന്താനസൗഭാഗ്യം നല്‍കുന്ന സന്താനഗോപാലമൂര്‍ത്തി പൂര്‍ണ്ണത്രയീശന്‍

പഴയ കൊച്ചിരാജ്യത്തിന്‍റെ തലസ്ഥാനമായ തൃപ്പൂണിത്തുറയിലാണ് സന്താന ഗോപാലമൂര്‍ത്തി ഭാവത്തിലുളള പൂര്‍ണ്ണത്രയിശന്‍റെ ക്ഷേത്രം ഉളളത്. കൊച്ചിരാജവംശത്തിന്‍റെ കുലദൈവമായ ശ്രീപൂര്‍ണ്ണത്രയിശന്‍ കൊച്ചിയുടെയും ദേവനാണ്. പൂര്‍ണ്ണത്രയിശന്‍ ത്രിപ്പൂണിത്തുറ ദേശത്തെ സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം. സന്താനഗോപാലമൂര്‍ത്തി ഭാവത്തിലുളള ഇവിടുത്തെ മഹാവിഷ്ണു പ്രതിഷ്ഠക്ക് പ്രത്യേകതകള്‍ നിരവധിയുണ്ട്. കുഞ്ഞുങ്ങളെ കാത്തുരക്ഷിക്കുന്ന ഭഗവാനാണ് പൂര്‍ണ്ണത്രയിശന്‍. കുട്ടികളില്ലാത്ത ദമ്പതിമാര്‍ ഇവിടെയെത്തി പ്രാര്‍ത്ഥിക്കുന്നതും ഭജന ഇരിക്കുന്നതും സന്തതി പിറക്കാന്‍ ഇടയാക്കും എന്നാണ് വിശ്വാസം. പൂര്‍ണ്ണത്രയിശന്‍ എന്നാല്‍ മൂന്നു വേദങ്ങളുടെയും ദേവന്‍ അതായത് അറിവിന്‍റെ ദേവന്‍. അഞ്ചുതലയുളള അനന്തന്‍റെ ഫണത്തിനു താഴെയായി ഇരിക്കുന്ന ദേവന്‍റെ വിഗ്രഹമാണ് ഇവിടെയുളളത്.

പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിന്‍റെ ഉത്ഭവത്തിനു പിന്നിലൊരു കഥയുണ്ട്. ഭാഗവതത്തിലെ സന്താനഗോപാല കഥയുമായാണ് പൂര്‍ണ്ണത്രയിശ ക്ഷേത്രത്തിന്‍റെ ഉല്‍പ്പത്തി ബന്ധപ്പെട്ടു കിടക്കുന്നത്. ഒന്‍പതുമക്കളും ജനനസമയത്തു തന്നെ മരിച്ചതില്‍ ഉണ്ടായ സങ്കടവും ദേഷ്യവും കൊണ്ട് ആകുലനായി ദ്വാരകാ നാഥനായ കൃഷ്ണനെ പഴിക്കുന്ന ബ്രാഹ്മണന്‍. ശാപവചനങ്ങള്‍ക്ക് മറുപടി പറയാതെ കൃഷ്ണന്‍ നിന്നപ്പോള്‍ ബ്രാഹമണന്റെ കൃഷ്ണനിന്ദയില്‍ സഹികെട്ട് ഭാവിയില്‍ പിറക്കാന്‍ പോകുന്ന ഉണ്ണികളെ രക്ഷിക്കാമെന്ന് അര്‍ജ്ജുനന്‍ വാക്കു നല്കി. ബ്രാഹ്മണന്റെ പത്താമത്തെ ഉണ്ണിയെ രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയ അര്‍ജ്ജുനന്‍ പരാജയപ്പെടുകയും ബ്രാഹ്മണനു നല്കിയ വാക്കു പാലിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആത്മാഹുതിക്കു ശ്രമിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൃഷ്ണന്‍ മൗനം വെടിഞ്ഞ് ബ്രാഹ്മണ പുത്രന്മാരെ പരലോകത്തുനിന്നും കണ്ടത്തി ജീവന്‍ നല്കി. പത്ത് ബ്രാഹ്മണ പുത്രന്മാരെയും രഥത്തിലേറ്റി ഭൂമിലേക്ക് അര്‍ജ്ജുനന്‍ യാത്രയായ സമയത്ത് കൃഷ്ണന്‍ അര്‍ജ്ജുനന ഉണ്ണികളെ രക്ഷിച്ചതിന്റെ ഓര്‍മ്മക്കായി സന്താനഗോപാല മൂര്‍ത്തി ഭാവത്തിലുളള തന്റെ വിഗ്രഹം ഏല്പ്പിച്ചിട്ട് ഉചിതമായ ഒരിടത്ത് പ്രതിഷ്ഠിക്കാന്‍ പറഞ്ഞു. ഈ വിഗ്രഹം സ്ഥാപിക്കാനുളള ഉചിതമായ സ്ഥലം കണ്ടെത്തുന്ന അര്‍ജ്ജുനന്‍ ഗണപതിയെയാണ് ചുമതലപ്പെടുത്തിയത്.

ശ്രേഷ്ടമായ സ്ഥലം തേടിയിറങ്ങിയ ഗണേശന്‍ ഒടുവില്‍ പൂര്‍ണ്ണവേദപുരമെന്ന പ്രാചീന വേദിക്ക് ഗ്രാമത്തിലെത്തി. ആ ഗ്രാമത്തിന്റെ ശ്രേഷ്ടതയില്‍ സന്തുഷ്ടനായ ഗണപതി അവിടെയൊരു ഉചിതസ്ഥാനം കണ്ടെത്തി. എന്നാല്‍ അദ്ദേഹത്തിന് അവിടെ സ്വന്തം സാന്നിധ്യം ഉറപ്പിക്കാന്‍ അതിയായ ആഗ്രഹം തോന്നി. അര്‍ജ്ജുനന്‍ സന്താനഗോപാലമൂര്‍ത്തി വിഗ്രഹം പ്രതിഷ്ഠക്കെത്തിയപ്പോള്‍ മൂലസ്ഥാനത്തിരിക്കുന്ന ഗണപതിയെ കണ്ടു. അര്‍ജ്ജുനന്‍ ഗണപതിയെ ഇരുപ്പുറപ്പിച്ചിടത്തു നിന്നും ചെറുതായൊന്ന് തെക്കോട്ടു നീക്കിയിരുത്തിയിട്ട് യഥാസ്ഥാനത്ത് സന്താന ഗോപാലമൂര്‍ത്തിയെ പ്രതിഷ്ഠിച്ചു. ശ്രീകോവിലിനോടു ചേര്‍ന്ന തെക്കുപടിഞ്ഞാറു ഭാഗത്തായാണ് ഇവിടെ ഗണപതി പ്രതിഷ്ഠ ഉളളത്. ഇത് ഇവിടെ മാത്രം കാണുന്ന അപൂര്‍വ്വതയാണ്. ഗണേശന്‍ ഒഴികെ ഒരു ഉപദേവതകളും ഇവിടെയില്ല.

അക്കാലത്ത് ഈ പ്രദേശങ്ങളില്‍ ധാരാളമായി ഉണ്ടായിരുന്ന എളള് പാടങ്ങളില്‍ നിന്നും എളെളടുത്ത് എണ്ണയുണ്ടാക്കി അര്‍ജ്ജുനന്‍ സന്താനഗോപാലമൂര്‍ത്തിക്ക് വിളക്കു തെളിച്ച് ആദ്യത്തെ ആരാധന നടത്തി എന്നാണ് ഐതിഹ്യം. ഇതിന്റെ ഓര്‍മ്മക്കാണ് ശ്രീകോവിലിനു മുന്നിലെ കെടാവിളക്കില്‍ എള്ളെണ്ണ ഒഴിക്കുന്ന വഴിപാട് . കെടാവിളക്കിലെ എണ്ണക്ക് വിശേഷ ഔഷധഗുണം ഉണ്ടെന്നാണ് പറയപ്പെടുന്നത്. പൂര്‍ണ്ണത്രയിശനെ ചോറ്റാനിക്കര അമ്മയുടെ സഹോദരനായി കാണുന്ന ഒരു വിശ്വാസവും നിലവിലുണ്ട്.

അര്‍ജ്ജുനന്‍ സന്താനഗോപാലമൂര്‍ത്തി വിഗ്രഹം രഥത്തില്‍ കൊണ്ടു വന്നതിന്റെ ഓര്‍മ്മക്കായി ശ്രീകോവിലിനു മുന്‍ഭാഗം പണിതിരിക്കുന്നത് രഥത്തിന്റെ ആകൃതിയിലാണ്. പൂര്‍ണ്ണത്രയിശന്റെ ദൈവികരൂപം കൊത്തിയ മൂശാരി വിഗ്രഹത്തില്‍ അലിഞ്ഞുചേര്‍ന്നുവെന്നാണ് വിശ്വാസം. അത്രകണ്ട് പൂര്‍ണ്ണത ഉണ്ടായിരുന്നത്രെ ശില്‍പിയുടെ നിര്‍മ്മിതിക്ക്. ആ പൂര്‍ണ്ണത കണ്ട ഭഗവാന്‍ ശില്പിയെ തന്നിലേക്ക് ചേര്‍ത്തു എന്നാണ് വിശ്വാസം. ദൈവികരൂപം മൂശാരി കൊത്തിയതിന്റെ ഓര്‍മ്മക്കായി ഇവിടെ മൂശാരി ഉത്സവം നടത്തി വരുന്നു. വൃശ്ചികോത്സവമാണ് ഇവിടുത്തെ പ്രധാന ഉത്സവം. കേരളത്തിലെ പ്രധാന ക്ഷേത്രോല്‍സവങ്ങളില്‍ ഒന്നാണിത്. കേരളീയ കലാരുപങ്ങളുടെ സമ്മേളനമായ വൃശ്ചികോത്സവത്തില്‍ പങ്കടുക്കാനായി പ്രശസ്തരായ കലാകാരന്മാര്‍ ഇവിടേക്കെത്തുന്നു.

മഹാവിഷ്ണുവിന്റെ അനന്തശയനരൂപത്തിലുളള വിഗ്രഹമാണ് സാധാരണയായി കാണാറുളളതെങ്കില്‍ പൂര്‍ണ്ണത്രയിശ ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം വ്യത്യസ്ഥമാണ്. അനന്തന്റെ മേലിരിക്കുന്ന മഹാവിഷ്ണുവാണ് ത്രിപ്പുണിത്തുറയിലെ സന്താനഗോപാലമൂര്‍ത്തിയായ ശ്രീപൂര്‍ണ്ണത്രയിശന്‍. ശ്രീകോവിലിനു പിന്നിലുളള ചെറിയ വാതായനത്തിലൂടെയും വിഗ്രഹ ദര്‍ശനം നടത്താമെന്നതും ഇവിടുത്തെ പ്രത്യകതയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button