Latest NewsArticleNerkazhchakalWriters' Corner

മാറ് തുറക്കല്‍ സമരവും മലയാളിയുടെ ലൈംഗിക ബോധങ്ങളും

ഈ അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ചര്‍ച്ചയായ വിഷയമാണ് മാറ് തുറക്കല്‍. ഫാറൂഖ് കോളേജ് അധ്യാപകന്റെ വത്തക്ക പ്രയോഗത്തിനോടുള്ള പ്രതിഷേധമായി ആക്ടിവിസ്റ്റുകള്‍ സ്വന്തം മാറ് തുറന്നു കാണിക്കുകയും അത്തരം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ആണ് ഉയര്‍ന്നു വന്നത്. മാറ് തുറന്നു കാണിച്ച മൂന്നു പേരുടെ കൂടെയല്ല കേരളത്തിലെ മുന്നൂറു കോടി ജനങ്ങള്‍ എന്ന് പറഞ്ഞ് മുസ്ലീം ലീഗ് നേതാവ് അധ്യാപകന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനൊപ്പം ചേര്‍ത്തു വായിക്കേണ്ട ഒരുകാര്യമാണ് പൊതുവിടത്തില്‍ മാറ് മറയ്ക്കാതെ കുഞ്ഞിനു പാല്‍ കൊടുക്കുന്ന അമ്മയുടെ ചിത്രം. ഗൃഹലക്ഷി ഈ ക്യാംപിനിലൂടെ തങ്ങളുടെ സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിച്ചെങ്കിലും വിദേശത്ത് മാറ് പ്രദര്‍ശിപ്പിക്കാതെ മാസിക വില്‍പ്പനയ്ക്ക് എത്തിച്ചത് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനത്തിനു ഇടയാക്കിയിരുന്നു. ഇവിടെ ചിന്തിക്കേണ്ട ഒരു കാര്യം നഗ്നതയെയും ലൈംഗികതയെയും മലയാളികള്‍ എന്തുകൊണ്ട് ഭയക്കുന്നുവെന്നതാണ്?

മാറ് മറയ്ക്കാന്‍ അവകാശത്തിനായി സമരം ചെയ്ത കേരളത്തിലാണ് മാറ് തുറക്കല്‍ സമരം ഇപ്പോള്‍ നടക്കുന്നത്. മൂന്നു നാലു തലമുറ മുന്‍പു വരെ ആണും പെണ്ണും മേല്‍ക്കുപ്പായം ധരിക്കാറില്ലാത്ത കേരളമായിരുന്നു ഇതെന്നും ഓര്‍ക്കേണ്ടതാണ്. മുതലാളി മുതല്‍ തൊഴിലാളിവരെയും ഇതില്‍ മാറ്റങ്ങള്‍ ഉണ്ടായിരുന്നില്ല. പിന്നീട് മുണ്ടില്‍ നിന്നും മേല്‍ വസ്ത്രത്തിലെയ്ക്കും അതില്‍ നിന്നും പാന്റും കളസവും ധരിച്ചു പുരുഷന്മാര്‍ മാറുമ്പോള്‍ ഒറ്റവസ്ത്രത്തില്‍ നിന്നും സാരിയിലെയ്ക്കും അവിടെ നിന്നും ലെഗിന്‍സ് തുടങ്ങിയ ഫാഷന്‍ ട്രെന്‍ടുകളിലെയ്ക്ക് മാറിക്കഴിഞ്ഞു. ഈ ഒരു ചരിത്ര പശ്ചാത്തലത്തില്‍ നിന്ന് കൊണ്ടാണ് കേരളത്തിലെ മാറ് തുറക്കല്‍ പ്രക്ഷോഭങ്ങളെ കാണേണ്ടത്.

പെണ്ണിന്റെ ലൈംഗികതയെ ആണ് ഭയക്കുന്നതിനു പിന്നില്‍ അവന്റെ അധികാരകേന്ദ്രിത മനോഭാവമാണ്. ലൈംഗികത പാപമാണെന്ന പൊതു ബോധത്തെ വളര്‍ത്തികൊണ്ടു വരുകയും പെണ്ണിനെ ശരീരമായും ഉപഭോഗ വസ്തുവായും മാറ്റുകയും ചെയ്ത ആണധികാര കാഴ്ചകളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നഗ്നതാ വിവാദം വരെ കൊണ്ടെത്തിച്ചിരിക്കുന്നത്. അഴകുള്ള ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റെന്താണെന്ന് പലപ്പോഴും മോഡലുകള്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീയെ ശരീരമായി മാത്രം കാണുന്ന പുരുഷന്‍ അതിനെ ഭയക്കുന്നു. അത്തരം ഒരു സാമൂഹിക അന്തരീക്ഷം വളര്‍ന്നു പന്തലിച്ചിരിക്കുന്ന കേരളീയ അന്തരീക്ഷത്തില്‍ വസ്ത്രധാരണവും ലൈംഗിക പ്രകോപനങ്ങളുണ്ട്. ഇതൊക്കെ പാരമ്പര്യത്തിനു നിരക്കുന്നതാണോ, നമ്മള്‍ കേരളീയര്‍ക്ക് ഒരു വസ്ത്രധാരണ രീതിയൊക്കെയില്ലേ എന്നു മൂക്കില്‍ വിരല്‍ വെക്കുന്നവര്‍ നമ്മുടെ സംസ്കാരത്തിനെ ചേര്‍ത്തു പിടിക്കുമ്പോള്‍ പലതും മറന്നു പോകുന്നുണ്ട്. ഒരിക്കല്‍ പ്രമുഖ ബ്ലോഗര്‍ നമത് കേരളീയര്‍ നഗ്നത ഭയക്കുന്നതിനെക്കുറിച്ച് എഴുതിയപ്പോള്‍ ആദ്യം കുറിച്ചത് കക്കൂസിനെ കുറിച്ചായിരുന്നു. തുറസ്സായ ഇടത്ത് മലമൂത്ര വിസ്സര്‍ജ്ജനം നടത്തിയിരുന്ന മലയാളികള്‍ വീടിനുള്ളില്‍ ബാത്ത് റൂം പണിതതും ആദ്യകാലത്ത് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതും ഓര്‍മ്മിക്കുന്നില്ലേ?

കേരള ചരിത്രം പരിശോധിക്കുമ്പോള്‍ പഴയ കാല ചിത്രങ്ങളില്‍ കാണുന്ന ആണിനും പെണ്ണിനും ജാതി മതഭേദമന്യേ ഒരൊറ്റ മുണ്ടും തോര്‍ത്തുമാണുള്ളത്. കുലപദവിമേന്മകള്‍ക്കനുസരിച്ച് മുണ്ടിന്റെ ഗുണം മാറും എണ്ണം മാറും തോര്‍ത്തിന്റെയും. അത്രതന്നെ… എന്നാല്‍ അവിടെ നിന്നും ഫാഷന്‍ വസ്ത്രങ്ങളിലേയ്ക്ക് മാറി തുടങ്ങിയതോടെ ഷര്‍ട്ടിലേയ്ക്കും സാരിയിലേയ്ക്കും നമ്മള്‍ നമ്മുടെ നഗ്നത ഒളിപ്പിച്ചു വെച്ച് തുടങ്ങി. ഷര്‍ട്ട്, പാന്റ്, ബ്ലൗസ് തുടങ്ങിയ വിദേശ അനുകരണങ്ങളില്‍ മുഴികയോടെ നഗ്‌നത സദാചാരവിരുദ്ധമായിത്തുടങ്ങി. ജൂതന്മാരും മുസ്ലീം വ്യാപാരികളും അടങ്ങുന്ന വിദേശികള്‍ എത്തിയതുമുതല്‍ അവരുടെ രീതികളും നമ്മളില്‍ സ്വാധീനം ചെലുത്തിത്തുടങ്ങി. വിദേശികളോടൊപ്പമുള്ള ബന്ധങ്ങളിലൂടെയും തൊഴിലിലൂടെയും അനുകരണങ്ങള്‍ വന്നു. അങ്ങനെ തൊഴിലില്‍, പ്രത്യേകിച്ചും കൂലിപ്പട്ടാളക്കാര്‍ക്കും റെയില്‍വേ തൊഴിലാളികള്‍ക്കും വിദേശ യൂണിഫോമുകള്‍ വന്നു. പലതരം അനുകരണങ്ങളിലൂടെ കുറെയാളുകള്‍ മേല്‍ക്കുപ്പായമണിഞ്ഞു തുടങ്ങി. അതിലൂടെ വസ്ത്രം എന്ന സങ്കല്‍പത്തിനു മാറ്റം വന്നു. ഒറ്റമുണ്ടിനും തോര്‍ത്തിനും മുകളിലേക്കു ഷര്‍ട്ടും കാല്‍ശരായിയും മുതല്‍ പാന്റും സ്യൂട്ടും ഓവര്‍കോട്ടും വന്നു. സ്ലീവ് ലെസ്സും ലോ നെക്കും ഹൈ നെക്കും വന്നു.! അതിനുപിന്നാലെ ആധിപത്യം സ്ഥാപിച്ച വസ്ത്രമാണ് സാരി.

ഇന്ത്യന്‍ ദേശീയതയുടെ, സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കേരളത്തിന്റെത് അല്ലാത്ത സാരി വ്യാപകമായി. പിന്നീട് കേരളീയ വസ്ത്രമെന്ന പേരില്‍ സാരി മാറി. അതില്‍ നിന്നും ഇപ്പോള്‍ ചുരിദാര്‍ മുതല്‍ ഫാഷന്‍ തരംഗങ്ങള്‍ മാറി മാറി എത്തി. അവിടെ ഇപ്പോള്‍ മാസങ്ങളോളം അലക്കുക പോലും വേണ്ടാത്ത ജീന്‍സ് ആണ് താരം. ജീന്സിനെ ചൊല്ലിയുണ്ടായ വിവാദങ്ങളെക്കുറിച്ച് ഇവിടെ പറയേണ്ടതില്ലലോ? അങ്ങനെ രാജാക്കന്മാരു പോലും മേല്‍വസ്ത്രമില്ലാതെ ജീവിച്ചിരുന്ന ഒരു സമൂഹം ജീന്‍സിലേക്കു ചേക്കേറുകയും ചെയ്യുന്നു. ഇങ്ങനെ വസ്ത്രവും ഫാഷനും മാറിയതോടെ ലൈംഗികത വീടകങ്ങളില്‍, അടച്ചിട്ട മുറിളിലേയ്ക്ക് മാറി. പിന്നീട്ട് പോണ്‍ സൈറ്റുകള്‍ മുതല്‍ മൊബൈല്‍ സ്ക്രീന്‍ വരെ വ്യാപിച്ചു തുടങ്ങി. അതിലൂടെ ലൈംഗികത ഏതു സ്വകാര്യ ഇടത്തും പങ്കുവയ്ക്കപ്പെടുന്ന ഒന്നായി മാറിയപ്പോള്‍ സംസ്കാരം ഭാരതീയത്തില്‍ നിന്നും അമേരിക്കന്‍ സ്വാതന്ത്ര്യത്തിനു പിന്നാലെ പായാന്‍ തുടങ്ങി.

അതോടെ ഗ്രാമീണ കാഴ്ചകളിലെ അശ്ലീലം കലരാത്ത ചിത്രങ്ങള്‍ ആയിരുന്ന കിണറ്റിന്‍കരയിലെയും കുളക്കടവിലെയും പുഴക്കടവിലെയും അനിവാര്യമായ നഗ്‌നതകള്‍ മാഞ്ഞു. പകരം ജനിച്ചു വീഴുന്ന കുഞ്ഞു മുതല്‍ തൊണ്ണൂറു വയസ്സായ വൃദ്ധവരെ കാമ കണ്ണുകള്‍ക്ക് ഇരയായി മാറുകയും ചെയ്യുന്ന പീഡനങ്ങളുടെ സ്വന്തം നാടും സംസ്കാരവും വളര്‍ന്നു തുടങ്ങി. മാറി വരുന്ന പരസ്യ സംസ്കാരത്തിലൂടെ ശരീരം പ്രദര്‍ശന വസ്തുവാണെന്ന ചിന്ത അല്പം അഹംഭാവത്തോടെ പെണ്ണുങ്ങളില്‍ തന്നെ നിറയാന്‍ തുടങ്ങി. അതിനു തെളിവാണ് ആണിന്റെ അടിവസ്ത്രത്തിന്റെ പരസ്യത്തില്‍ പോലും അര്‍ദ്ധനഗ്നയായ പെണ് ശരീരം നില്‍ക്കുന്നത്. ഇതിനെതിരെ പ്രതികരിയ്ക്കാന്‍ നാവു തുറക്കാത്ത ആക്റ്റിവിസ്റ്റുകള്‍ അനാവശ്യമായ എല്ലാ പ്രശ്നങ്ങളിലും അഭിപ്രായം പറയുകയും അതിനായി പ്രതിഷേധിക്കുകയും ചെയുന്നു.. ഇതാണ് മലയാളിയുടെ ലൈംഗിക ബോധം.

പവിത്ര പല്ലവി

shortlink

Related Articles

Post Your Comments


Back to top button