കണ്ണൂര്‍: ടി.പി.വധക്കേസിലെ പ്രതി കുഞ്ഞനന്തന് ഇടതുസര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം പരോളിന് ഒരു പഞ്ഞവുമുണ്ടായിട്ടില്ല. പാര്‍ട്ടിവേദികളില്‍ മുടങ്ങാതെയെത്തുന്ന നേതാവുകൂടിയാണ് ഇപ്പോള്‍ കുഞ്ഞനന്തന്‍. കേസില്‍ പ്രതിയാകുമ്പോള്‍ പാനൂര്‍ ഏരിയാകമ്മിറ്റി അംഗമായിരുന്നു കുഞ്ഞനന്തന്‍. ശിക്ഷിക്കപ്പെട്ടതിനുശേഷം നടന്ന ഏരിയാസമ്മേളനത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. പിന്നീട് ഇടതുമുന്നണി അധികാരത്തില്‍ വന്നതോടെ ജയിലിലെ വിരുന്നുകാരന്‍ മാത്രമായി മാറി. ഇടയ്ക്കിടെ പരോളിലിറങ്ങി.
നാട്ടിലെ പാര്‍ട്ടികാര്യങ്ങളിലും കാര്യമായി ഇടപെട്ടു. കഴിഞ്ഞവര്‍ഷം ഒടുവില്‍ നടന്ന ലോക്കല്‍-ഏരിയാ സമ്മേളനത്തില്‍ സ്ഥിരം സാന്നിധ്യമായി അദ്ദേഹമുണ്ടായി. കേസില്‍ പ്രതിയായതിനുശേഷം നടന്ന രണ്ട് പാര്‍ട്ടി സമ്മേളനങ്ങളിലും അദ്ദേഹത്തെ പാനൂര്‍ കമ്മിറ്റിയില്‍ നിലനിര്‍ത്തി. ഏരിയാകമ്മിറ്റി അംഗമായ കുഞ്ഞനന്തന്‍ കുന്നോത്തുപറമ്പ് ലോക്കല്‍ സമ്മേളനത്തില്‍ മുഴുവന്‍സമയ നിരീക്ഷകനായിരുന്നു. ഈ സമ്മേളനത്തില്‍ ലോക്കല്‍കമ്മിറ്റി രണ്ടായി വിഭജിച്ചു. ഇതിലും കുഞ്ഞനന്തന്റെ പങ്ക് പ്രധാനമായിരുന്നു. സമ്മേളനത്തിലൊടുവില്‍നടന്ന പ്രകടനത്തില്‍ മുന്‍നിരയില്‍ അദ്ദേഹം നിന്നു. പിന്നീട് പൊതുസമ്മേളന വേദിയിലും നേതാവായി പങ്കെടുത്തു.
ഇപ്പോഴും മുടക്കമില്ലാതെ മിക്കവാറും ഏരിയാകമ്മിറ്റി യോഗങ്ങളില്‍ കുഞ്ഞനന്തന്‍ പങ്കെടുക്കാറുണ്ട്. ഇതിനനുസരിച്ച് പരോള്‍ ലഭിക്കും. ജയില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികളുമായി വ്യക്തിബന്ധം സൂക്ഷിക്കാന്‍ പാടില്ലെന്നാണ് ചട്ടം. കുഞ്ഞനന്തന്റെ കാര്യത്തില്‍ ഇതും ബാധകമല്ല. മകളുടെ ഗൃഹപ്രവേശനത്തിന് ജയില്‍വകുപ്പിലെ ഉദ്യോഗസ്ഥര്‍ മത്സരബുദ്ധിയോടെ പങ്കെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടും രണ്ടോ മൂന്നോ ഉദ്യോഗസ്ഥരുമൊഴികെ ബാക്കിയെല്ലാവരും ചടങ്ങിനെത്തി. തിരുവനന്തപുരത്തുനിന്നും ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ചടങ്ങിനെത്തി.
കുഞ്ഞനന്തന് ഇഷ്ടംപോലെ പരോള്‍ കിട്ടിയപ്പോള്‍ ടി.പി.കേസിലുള്‍പ്പെട്ട മറ്റുചിലര്‍ എതിര്‍ശബ്ദവുമായി എത്തിയിരുന്നു. ട്രൗസര്‍ മനോജിനെപ്പോലുള്ള പ്രതികള്‍ക്ക് സഹായംകിട്ടുന്നില്ലെന്നായിരുന്നു പരാതി. ഒടുവില്‍, ‘പാര്‍ട്ടിക്കാര്‍ ശരിയായ രീതിയില്‍ കാണുമെന്ന്’ ബോധ്യമായപ്പോഴാണ് പരാതിക്കാര്‍ പിന്മാറിയത്. മാതൃഭൂമിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments