ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ആ സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാനുള്ള ആഹ്വാനവുമായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ . ഗോഹട്ടിയില്‍ ബി.ജെ.പിയുടെ ബൂത്ത് തല മേധാവിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം, 2019ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ 25ല്‍ 21 സീറ്റും നേടണമെന്ന് അമിത് ഷാ നിര്‍ദ്ദേശിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രമാണ് ശേഷിക്കുന്നത്. അതിനാല്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വടക്ക് കിഴക്കന്‍ മേഖലയില്‍ മിസോറാം മാത്രമാണ് ബി.ജെ.പിയുടെ കൈയിലില്ലാത്തത്. 2014ലെ തിരഞ്ഞെടുപ്പില്‍ എട്ട് ലോക്‌സഭാ സീറ്റുകളാണ് ബി.ജെ.പി അവിടെ നേടിയത്. ഇത്തവണ അത് 21 ആകണമെന്നും ഷാ നിര്‍ദ്ദേശിച്ചു.
കൂടാതെ അമിത് ഷാ പ്രതിപക്ഷത്തെ വിമർശിക്കുകയും ചെയ്‌തു. പാര്‍ലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനം തടസപ്പെടുത്തുന്ന പ്രതിപക്ഷ നിലപാട് അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഏത് വിഷയവും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍, പാര്‍ലമെന്റ് നടക്കരുതെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം നേരിടാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും ഷാ പറഞ്ഞു.
Post Your Comments