KeralaLatest NewsNews

ഈ പാസ്പോർട്ട് ഓഫീസിന് ആയുസ്സ് ഇനി പത്തുനാൾ മാത്രം

മലപ്പുറം : മലപ്പുറത്തെ പാസ്പോർട്ട് ഓഫിസിന് ആയുസ്സ് ഇനി പത്തുനാൾ മാത്രം. കെട്ടിട ഉടമകളുമായുള്ള വാടകക്കരാറും 31ന് അവസാനിക്കും. എന്നാല്‍ ആറുമാസത്തേക്കുകൂടി പാസ്പോർട്ട് ഓഫിസ് മലപ്പുറത്തു പ്രവർത്തിക്കുമെന്നായിരുന്നു ഡിസംബർ ആദ്യം കേന്ദ്രം നൽകിയ ഉറപ്പ്. എന്നാൽ, ഉത്തരവിറങ്ങിയപ്പോൾ മാർച്ച് 31 എന്ന തീയതിയേ ഉണ്ടായിരുന്നുള്ളൂ.

31നുശേഷം എന്ത് എന്ന കാര്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് ഇതുവരെ അറിയിപ്പൊന്നും ഉണ്ടായിട്ടില്ല. പാസ്പോർട്ട് ഓഫിസർ ജി.ശിവകുമാർ ഈ മാസം ഇതുവരെ ഓഫിസിലേക്കു വന്നിട്ടില്ല. കോയമ്പത്തൂർ ഓഫിസിന്റെ ചുമതലകൂടി ഉള്ളതിനാൽ അദ്ദേഹം മുഴുവൻ സമയവും അവിടെയാണ്.

ഉന്നതതല ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഓഫിസ് പൂട്ടി ജീവനക്കാർ കോഴിക്കോട്ടേക്കു പോകും. കിഴക്കേത്തലയിലെ ഓഫിസിൽ പ്രവർത്തിക്കുന്ന അന്വേഷണ കൗണ്ടറിൽ ദിവസവും മുപ്പത്തഞ്ചിലധികംപേർ വിവരങ്ങൾക്കായി എത്താറുണ്ട്. കഴിയുന്ന വിവരങ്ങൾ ഇവിടെനിന്നു നൽകും, ബാക്കിയുള്ളവരെ കോഴിക്കോട് ഓഫിസിലേക്കു പറഞ്ഞുവിടും.

ഓഫിസ് പൂട്ടിയപ്പോള്‍ ഒരു ജീവനക്കാരിയെവച്ച് അന്വേഷണ കൗണ്ടറുമായി ഓഫിസ് പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തിരുന്നു. ‌‌ഡിസംബർ അവസാനത്തോടെ ഓഫിസ് പൂർണമായി പൂട്ടിയപ്പോൾ, കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കോഴിക്കോട്ടേക്കു മാറ്റി. അവ തിരിച്ചുകൊണ്ടുവന്നില്ല. ഓഫിസ് മലപ്പുറത്തുതന്നെ നിലനിർത്താൻ ഇനി ആര് ഇടപെടുമെന്നാണു കണ്ടറിയേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button