സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആദ്യമായി അമേരിക്കന്‍ ചാനലിനു നല്‍കിയ അഭിമുഖം വലിയ ചർച്ച ആകുകയാണ്. സ്ത്രീ പുരുഷ വിവേചനം രാജ്യത്തുണ്ടാവില്ലെന്നും മാന്യമായ വസ്ത്രം ഏതെന്നു സ്ത്രീകള്‍ക്ക് തന്നെ തെരഞ്ഞെടുക്കാമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. കര്‍ശനമായ മതനിയമങ്ങള്‍ പിന്തുടര്‍ന്നുവന്ന രാജ്യമാണ് സൗദി അറേബ്യ. ഇപ്പോഴും അതിന് മാറ്റമൊന്നുമില്ലെങ്കിലും സ്ത്രീകളോടുള്ള കാഴ്ചപ്പാടില്‍ ഏറെ വ്യത്യാസം വന്നു. കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരമേറ്റതോടെയാണ് ആ മാറ്റങ്ങള്‍ പ്രകടമായത്. ആദ്യം സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനമാണ് അദ്ദേഹം കൈക്കൊണ്ടത്.
‘മാന്യവും സഭ്യവുമായ വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് ശരീഅത്ത് നിയമം അനുശാസിക്കുന്നത്. അത് അബായ ആകണമെന്ന് ഒരിടത്തും നിര്‍ദ്ദേശിക്കുന്നില്ല. മാന്യമായ വസ്ത്രം എതാണെങ്കിലും, അത് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകള്‍ക്കു നല്‍കുകയാണു വേണ്ടത്.’ അദ്ദേഹം വ്യക്തമാക്കി. മതമൗലികവാദികളായ നേതൃത്വമാണ് പുരുഷനെയും സ്ത്രീയെയും വേര്‍തിരിച്ച് കണ്ടിരുന്നതെന്ന് എംബിഎസ് പറയുന്നു. സ്ത്രീയെയും പുരുഷനെയും ഒരുമിച്ച് കാണുന്നതിലും ഒരുമിച്ച് ജോലി ചെയ്യുന്നതിലുമൊക്കെ വിലക്കിയത് അവരാണ്. എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ പലതും പ്രവാചകന്റെ കാലത്തേതിന് വിരുദ്ധമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും മനുഷ്യന്മാരാണ്. പരസ്പരം ആര്‍ക്കും ഒരു വ്യത്യാസവുമില്ലെന്നും എംബിഎസ് അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ മുഖാമുഖത്തില്‍ അഭിപ്രായപ്പെട്ടു.
അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സി.ബി.എസ് ആണ് സൗദി കിരീടാവകാശിയുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തത്. 1979-ന് ശേഷമാണ് സൗദിയില്‍ സ്ത്രീ ശാക്തീകരണത്തിനും, സിനിമാ തീയേറ്ററുകള്‍ക്കും നിയന്ത്രണം വന്നത്. ഇനി തീയേറ്ററുകളും സ്ത്രീ-പുരുഷ സമത്വവും ഉണ്ടാകും. സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിക്കണം എന്നുണ്ടെങ്കിലും കറുത്ത പര്‍ദ്ദ തന്നെ വേണമെന്ന നിര്‍ബന്ധം പാടില്ല. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങള്‍ സ്കൂളുകളില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ കെട്ടുപാടുകൾക്കു സ്ത്രീകളെ തളച്ചിടാനാവില്ലെന്ന ശക്തമായ സൂചനയാണ് ഇതിലൂടെ കിരീടാവകാശി നൽകുന്നത്. അഴിമതിയിലൂടെ രാജ്യത്തിന് ഓരോ വര്‍ഷവും ഇരുപത് ബില്യണ്‍ ഡോളര്‍ ആണ് നഷ്ടപ്പെടുന്നത് എന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ശക്തമായ നടപടികളിലൂടെ നൂറു ബില്ല്യണ്‍ ഡോളറിലധികം ഇതുവരെ തിരിച്ചു പിടിച്ചു.
പണം തിരിച്ചു പിടിക്കുക എന്നതിനപ്പുറം അഴിമതിക്കാര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുകയായിരുന്നു മന്ത്രിമാരും രാജകുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ള പ്രമുഖരെ അറസ്റ്റ് ചെയ്തതിലൂടെയെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ സാമ്ബാദ്യത്തെ കുറിച്ച ചോദ്യത്തിന് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഞാനൊരു പാവപ്പെട്ടവനല്ല. ഞാന്‍ ഗാന്ധിയോ മണ്ടേലയൊ അല്ല. സമ്പത്തുള്ള കുടുംബത്തിലെ അംഗമാണ്. എന്നാല്‍ വരുമാനത്തിന്റെ അമ്പത്തിയൊന്നു ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കുന്നു’.
മരണത്തിനല്ലാതെ തന്നെ ആര്‍ക്കും തടഞ്ഞു നിര്‍ത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനിലെ ആത്മീയ നേതാവ് അലി ഖൊമൈനിയെ ഹിറ്റ്ലറോടാണ് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉപമിച്ചത്. ഇറാന്‍ `ആണവായുധ നിര്‍മാണം തുടര്‍ന്നാല്‍ സൗദിയും ആണവായുധം നിര്‍മിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിപ്ലവകരമായ പല മാറ്റങ്ങളും കൊണ്ടുവരുന്നതിലൂടെ സൽമാൻ രാജകുമാരൻ ലോക ശ്രദ്ധ ആകർഷിക്കുകയാണ്.
Post Your Comments