രാജപുരം : തുടര്‍ച്ചയായ രണ്ടാംദിവസവും മലയോരത്ത് കനത്ത വേനല്‍മഴ. ശക്തമായ കാറ്റിലും മഴയിലും നാല് വീടുകള്‍ തകര്‍ന്നു. കോളിച്ചാല്‍ എരിഞ്ഞിലംകോട്ടെ തങ്കച്ചന്‍, പതിനെട്ടാംമൈലിലെ ഉണ്ണിക്കുന്നേല്‍ ബിനു, കള്ളാര്‍ ചുള്ളിയോടിയിലെ രവി, കള്ളാറിലെ ജോസ് എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. വിശിയടിച്ച കാറ്റില്‍ കള്ളാര്‍, പനത്തടി പഞ്ചായത്തുകളില്‍ വലിയതോതിലുള്ള കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
മാലക്കല്ല് പൂക്കുന്നത്ത് പാട്ടത്തിനെടുത്ത സ്ഥലത്ത് വാഴകൃഷി നടത്തുകയായിരുന്ന കല്ലപ്പള്ളി തോമസിന്റെ 1500-ഓളം കുലച്ച വാഴകള്‍ കാറ്റില്‍ നിലംപൊത്തി. നഷ്ടം കണക്കാക്കിയിട്ടില്ല.പല സ്ഥലങ്ങളിലും വൈദ്യുതലൈനില്‍ മരം പൊട്ടിവീണ് വൈദ്യുതിവിതരണം താറുമാറായി.
എസ്.എസ്.എല്‍.സി. പരീക്ഷ നടക്കുന്ന സമയത്ത് വൈദ്യുതി തടസ്സപ്പെട്ടതോടെ പല സ്‌കൂളുകളിലും വെളിച്ചം കുറവായതിനാല്‍ മെഴുകുതിരി വെട്ടത്തിലാണ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. കള്ളാര്‍ മുണ്ടോട്ടെ ഒഴുകയില്‍ ബിജുവിന്റെ 25-ഓളം റബ്ബര്‍മരങ്ങള്‍, പാറക്കടവിലെ അടുക്കാടുക്കം കാര്‍ത്ത്യായനി അമ്മയുടെ തെങ്ങ്, കമുക് തുടങ്ങിയവയും കാറ്റില്‍ ഒടിഞ്ഞുവീണു.
Post Your Comments