കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കലാപമുണ്ടാക്കാനും സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജനെ മഹത്വവല്ക്കരിക്കാനും വേണ്ടിയാണ് പൊലീസും സിപിഐ.(എം). ഉം ജയരാജനെ വധിക്കാന്‍ സംഘപരിവാര്‍ ക്വട്ടേഷന്‍ കൊടുത്തെന്ന വാര്‍ത്ത മെനഞ്ഞതെന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്. സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് ചോര്‍ന്നു കിട്ടിയ വിവരങ്ങളുടെയും ക്രിമിനല്‍ സംഘങ്ങളെ നിരീക്ഷിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ജയരാജന് വധഭീഷണിയുണ്ടെന്ന് മനസിലായതെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഇതേ രീതിയിലുള്ള മുന്നറിയിപ്പ് രഹസ്യാന്വേഷണ വിഭാഗം നേരത്തെയും നല്‍കിയിരുന്നു. റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ ജില്ലാ പൊലീസ് മേധാവി തയ്യാറായില്ല.ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ സ്വദേശിയുടെ നേതൃത്വത്തില്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയെന്നാണ് പൊലിസിന് ലഭിച്ച വിവരം. എന്നാൽ പൊലീസ് റിപ്പോര്‍ട്ടിനെ കുറിച്ച് സിപിഎം ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കുന്നുമില്ല. റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്നാണ് സിപിഎം നിലപാട്. എന്നാല്‍ ജയരാജന് പിറകെ എന്നും സംഘപരിവാര്‍ ഉണ്ടെന്നും അവര്‍ സമ്മതിക്കുന്നു.
ഇതിനിടെയാണ് പൊലീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി രംഗത്ത് വന്നത്. ജില്ലയില്‍ ഇപ്പോള്‍ നില നില്ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ വേണ്ടി പൊലീസിലെ ഒരു വിഭാഗവും സിപി.ഐ.(എം). നേതൃത്വവും തയ്യാറാക്കിയ പൊറാട്ട് നാടകമാണ് പി.ജയരാജനെ വധിക്കാന്‍ സംഘപരിവാര്‍ നീക്കമെന്ന ആരോപണം. ഇത്തരം കെട്ടുകഥകള്‍ രചിക്കുന്നതിന് പകരം നിഷ്പക്ഷമായി നീതി നടപ്പാക്കാനാണ് പൊലീസ് ശ്രമിക്കേണ്ടതെന്ന് സത്യപ്രകാശ് പറഞ്ഞു.
സിബി.ഐ. അന്വേഷണം വരുമ്പോഴൊക്കെ പനിവരാറുള്ള പി.ജയരാജന് ഷുഹൈബ് വധക്കേസില്‍ സിബിഐ.അന്വേഷണം വരുമെന്ന പേടികാരണമാണ് പുതിയ രാഷ്ട്രീയ തന്ത്രവുമായി രംഗത്തിറങ്ങിയിട്ടുള്ളതെന്ന് സത്യപ്രകാശ് പറയുന്നു.
Post Your Comments