കാസര്‍ഗോഡ്•സിഗരറ്റും വിലപിടിപ്പുള്ള പൂക്കളുമാണെന്നും പറഞ്ഞ് ബന്ധു നല്‍കിയ പൊതിയുമായി വിമാനം കയറുമ്പോള്‍ ലാന്‍ഡ് ചെയ്യുക ജയിലിലേക്ക് ആണെന്ന് ആ മലയാളി യുവാവ് ഒരിക്കലും സ്വപ്നത്തില്‍ പോലും കരുതി കാണില്ല.
തളങ്കര തെരുവത്ത് പള്ളത്ത് കോലയൈന്‍ പള്ളിക്കടുത്തെ അസ്കര്‍ അലി മന്‍സിലില്‍ അബൂബക്കര്‍ അഹമ്മദിന്റെ മകന്‍ നിഷാദ് (26) നെയാണ് കഞ്ചാവ് പൊതിയുമായി പോയതിന് ഖത്തര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
നിഷാദിന്റെ ബന്ധുവായ ഉളിയത്തടുക്ക സ്വദേശിയും കാഞ്ഞങ്ങാട് കൊളവയയിലെ താമസക്കാരനുമായ ഫൈസലാണ് പൊതി നല്‍കിയതെന്ന് വീട്ടുകാര്‍ പറയുന്നു. സിഗരറ്റും വിലപിടിപ്പുള്ള പൂക്കളുമാണെന്നും ഖത്തറില്‍ എത്തുമ്പോള്‍ തന്റെ സുഹൃത്ത് വന്ന്‍ വാങ്ങിക്കൊള്ളുമെന്നും പറഞ്ഞാണത്രേ ഇയാള്‍ പൊതി നല്‍കിയത്.
ബംഗളൂരുവില്‍ ഫാന്‍സി കട നടത്തുന്ന നിഷാദ് കഴിഞ്ഞ ആറിനാണ് സന്ദര്‍ശക വിസയില്‍ ഖത്തറിലേയ്ക്ക് പോയത്. ദോഹയില്‍ ഇറങ്ങി താമസ സ്ഥലത്തേക്ക് പോയ നിഷാദിനെ തേടി ഖത്തര്‍ പോലീസ് പിന്നാലെയെത്തി. നാട്ടില്‍ നിന്ന് കൊണ്ട് വന്ന വസ്തുകള്‍ അഴിച്ചു പരിശോധിച്ചപ്പോള്‍ അതിലൊന്നില്‍ നിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈസമയം, നാട്ടില്‍ നിഷാദിന്റെ മാതാപിതാക്കള്‍ മകന്‍ ഖത്തറില്‍ എത്തിയിട്ട് വിളിക്കാത്തതിന്റെ ആശങ്കയിലായിരുന്നു. കഴിഞ്ഞദിവസം രാത്രി ഖത്തര്‍ ജയില്‍ അധികൃതര്‍ വിളിച്ചപ്പോഴാണ് വീട്ടുകാരും ബന്ധുക്കളും വിവരമറിയുന്നത്.
Post Your Comments