കഴക്കൂട്ടം: മകനെ അയൽവാസി മർദ്ദിക്കുന്നതു കണ്ട് പിടിച്ചുമാറ്റാനെത്തിയ മാതാവ് അക്രമിയുടെ കത്തിക്കുത്തേറ്റ് മരിച്ചു. ചാന്നാങ്കര വെട്ടുത്തുറ സിത്താര ഹൗസിൽ ജെട്രൂഡ് വിക്ടർ(42)ആണു മരിച്ചത്. മകൻ വിജിത്ത് വിക്ടറിന്(21) തലയ്ക്കു പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണു സംഭവം. അയൽവാസിയായ ബിജുദാസ്കുട്ടി വീട്ടിലെത്തി വിജിത്തുമായി വഴക്കിടുകയായിരുന്നു. ബഹളം ഉച്ചത്തിലായതോടെയാണു വിജിത്തിന്റെ മാതാവ് ജെട്രൂഡ് വിക്ടർ എത്തുന്നത്.
കത്തിയുമായി നിൽക്കുന്ന ബിജുദാസ്കുട്ടിയിൽ നിന്നും മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ എറ്റിറൂഡ് വിക്ടറിന്റെ കഴുത്തിനു പിൻവശത്തു കത്തിതറച്ചുകയറുകയായിരുന്നു. ഉച്ചത്തിലുള്ള നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തിയതോടെ ബിജുദാസ് കുട്ടിഓടി രക്ഷപെട്ടു. കഴുത്തിൽ തറച്ച കത്തിയോടെ ജെട്രൂഡ് വിക്ടറിനെ ഉടനെ മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൾ വിജിതാ വിക്ടർ കഴക്കൂട്ടം എജെ ആശുപത്രിയിലെ നഴ്സാണ്.
സംഭവത്തിൽ പ്രതിയായ ബിജുദാസ് കുട്ടി ഒളിവിൽ ആണ്. ഇയാളെ കണ്ടെത്താനായില്ല. അയൽവാസിയും ഇവരും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇതുസംബന്ധിച്ചു കഠിനംകുളം പൊലീസ് സ്റ്റേഷനിൽ കേസുള്ളതായും പോലീസ് പറയുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം മെഡിക്കൽകോളജ് മോർച്ചറിയിലാണ്. വിദേശത്തു ജോലിയുള്ള ഭർത്താവ് വിക്ടർ എത്തിയ ശേഷം ഇന്നു സംസ്കാരം നടക്കും.
Post Your Comments