കാഞ്ഞങ്ങാട്: ബുധനാഴ്ച ആരംഭിച്ച പ്ലസ്ടു പരീക്ഷയുടെ ഉത്തരക്കടലാസുകൾ റെയിൽവേ പ്ലാറ്റ്ഫോമിൽ അലക്ഷ്യമായി കൂട്ടിയിട്ട നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്ഫോമിലാണ് ഇന്നലെ രാവിലെ ഉത്തരക്കടലാസുകൾ യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ കൂട്ടിയിട്ട നിലയിൽ കണ്ടത്. തപാൽ വകുപ്പിന്റെ ചാക്കുകളിൽ കെട്ടിയിട്ട നിലയിലായിരുന്നു ഇവ.
വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നു തപാൽ മുഖേന മൂല്യനിർണയ കേന്ദ്രങ്ങളിലേക്ക് അയച്ച ഉത്തരക്കടലാസുകളാണിവ. തപാൽ ഓഫിസുകളിൽ നിന്നു റെയിൽവേ മെയിൽ സർവീസ് വഴിയാണ് ഉത്തരക്കടലാസുകൾ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത്. ആയിരക്കണക്കിനു വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന ഉത്തരക്കടലാസുകൾ യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെയാണു കൊണ്ടുപോകുന്നത്.
തപാൽ മുഖേന അയയ്ക്കുന്ന ഉത്തരക്കടലാസിന്റെ സുരക്ഷ വർധിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിനു മറ്റൊന്നും ചെയ്യാനില്ലെന്നാണ് ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ മറുപടി.
Post Your Comments