പെരിങ്ങോട്ടുകുറിശ്ശി: സി. ഐ. ഉദ്ഘാടനം നിർവ്വഹിച്ച പഠന കേന്ദ്രം സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ 4-ാം വാർഡ് ഉൾപ്പെടുന്ന പരുത്തിപ്പുള്ളി കണക്കത്തറ കോളനിയിലെ അഭ്യസ്ഥവിദ്യരായ ഒരു കൂട്ടം യുവതീ യുവാക്കൾ ചേർന്ന് ആരംഭിച്ച മത്സര പരീക്ഷാ പഠന കേന്ദ്രമാണ് നശിപ്പിച്ചത്. ഇന്നലെ രാത്രി 11:45 ഓടെ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ ചേർന്ന് മണ്ണെണ്ണ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു.
ഫിനിക്സ് മത്സര പരീക്ഷാ പഠന കേന്ദ്രം കണക്കത്തറ കോളനിയിൽ ബിരുദവും, ബിരുദാനന്ദ ബിരുദവും കഴിഞ്ഞ 25 ൽ അധികം യുവതീ യുവാക്കൾ മത്സര പരീക്ഷകളിലൂടെ സർക്കാർ ജോലി നേടിയെടുക്കുക എന്ന ലക്ഷ്യത്തോടൊപ്പം വരും തലമുറയേയും അഭ്യസ്ഥവിദ്യരായി മാറ്റിയെടുക്കുക എന്ന സ്വപ്നം ലക്ഷ്യം വെച്ച് ആരംഭിച്ച സംരഭമാണ്.
read also: മലപ്പുറം, പൂക്കോട്ടുംപാടം വില്ല്വത്തു മഹാ ശിവ ക്ഷേത്രത്തിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം
ശ്രീ. ജയപ്രകാശന്റെ നേതൃത്വത്തിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ഇങ്ങനൊരു പദ്ധതിയെ പറ്റി ആലോചിക്കുകയും ഒന്നിച്ച് കൂടി ഇരുന്ന് പഠിക്കുന്നതിന് വേണ്ടി എല്ലാവരും ചേർന്ന് ഒരു ഓലഷെഡും നിർമ്മിച്ചിരുന്നു. ബഹു: ആലത്തൂർ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. എലിസബത്ത് മാഡത്തെ ആയിരുന്നു ഉദ്ഘാടനത്തിന് ക്ഷണിച്ചത്. അവർ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്യുക മാത്രമല്ല പ്രാഥമികമായി അവിടേക്ക് വേണ്ട പുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും സമ്മാനിച്ചാണ് മടങ്ങിയത്.
കണക്കത്തറ പൂതിരിക്കാവ് മന്ദ് അവകാശതർക്കവുമായി ബന്ധപ്പെട്ട കോളനിയിലെ ഭൂരിപക്ഷം വരുന്ന അറുപതോളം കുടുംബങ്ങൾ കഴിഞ്ഞ നവംബർ 14-ാം തിയതി കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും രാജിവെച്ച് ബിജെപി യിൽ ചേർന്നിരുന്നു. ഇങ്ങനെ മാറിയവരാണ് ഇത്തരമൊരു പഠന കേന്ദ്രത്തിന് രൂപം കൊടുത്തത്.
ഈ സംഭവത്തിൽ അന്വേഷിച്ച് കുറ്റക്കാർക്കെതിര നടപടിയെടുക്കണമെന്ന് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സി. എസ്. ദാസ്, മണ്ഡലം ജനറൽ സെക്രട്ടറി കെ സദസദാന്ദൻ, സെക്രട്ടറി സന്തോഷ് ബമ്മണൂർ എന്നിവർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കോട്ടായി പോലീസ് സബ്ബ് ഇൻസ്‌പെക്ടർക്ക് രേഖാ മൂലം പരാതി നൽകി.
Post Your Comments