കണ്ണൂര്‍: മണ്ണിനും പെണ്ണിനും വിലയില്ലാത്ത പാര്‍ട്ടി ഗ്രാമങ്ങളാണ് കണ്ണൂര്‍ അക്രമ രാഷ്ട്രീയത്തിന്റെ ബാക്കിപത്രമെന്ന് എ.പി. അബ്ദുള്ളക്കുട്ടി. സി.പി.എമ്മിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച സമയങ്ങളിലെ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയ അബ്ദുള്ള കുട്ടിയുടെ വീഡിയോ പോസ്റ്റ് ചര്‍ച്ചയാകുന്നു. സിപിഎം മ്മിൽ ഉണ്ടായിരുന്നപ്പോൾ തനിക്കുണ്ടായ പല അനുഭവങ്ങളും അബ്‌ദുള്ളക്കുട്ടി തുറന്നടിച്ചു. ‘ബോംബ് വ്യവസായമാക്കുന്ന സി.പി.എം. പാര്‍ട്ടി ഗ്രാമത്തില്‍നിന്നും പെണ്‍കുട്ടികളുടെ വിവാഹം നടക്കുന്നില്ല.’
‘ഇവിടങ്ങളില്‍ സാധാരണക്കാര്‍ ദുരിതത്തിലാണ്. ആ പ്രദേശത്തുനിന്നും രക്ഷപ്പെടാമെന്നു കരുതുന്നവരെ മണ്ണിന് വിലയില്ലാത്തതും പ്രതിസന്ധിയിലാക്കുന്നു. വികസനമില്ലാത്തതാണ് ഭൂമിക്ക് വിലയില്ലാതാക്കുന്നതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് സിപിഎം സ്ഥാനാർത്ഥിയായി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നപ്പോൾ ഉണ്ടായ സംഭവങ്ങളും അബ്‌ദുള്ളക്കുട്ടി പറയുന്നു.അന്ന് വോട്ടുപിടിക്കാന്‍ വളപട്ടണത്തെ ഒരു വീട്ടില്‍ പോയപ്പോള്‍ കൂടെ വന്ന സഖാക്കള്‍ ഓടിയൊളിച്ചു.
കാരണമെന്താണെന്ന് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ കെ.എസ്.ആര്‍.ടി.സി. ബസിനു തീയിട്ട് ചുട്ടുകൊന്ന ഒരാളുടെ വിധവയാണ് ആ വീട്ടിലുള്ളത്. അതുകൊണ്ട് അങ്ങോട്ട് തങ്ങള്‍ക്ക് വരാന്‍ കഴിയില്ല എന്നാണ്. പിന്നീട് കോണ്‍ഗ്രസിലെത്തിയ ശേഷം തലശേരിയില്‍ നിയമസഭാ സ്ഥാനാര്‍ഥിയായിരുന്ന സമയം പാനൂരിലെ പുല്ല്യോട് എന്ന സ്ഥലത്ത് വോട്ട് പിടിയ്ക്കാന്‍ പോയപ്പോള്‍ എനിക്ക് കൈതരാന്‍ മൂന്നു ചെറുപ്പക്കാര്‍ വിസമ്മതിച്ചു. കാരണം കേട്ട് ഞാന്‍ ഞെട്ടി. മൂന്നുപേര്‍ക്കും കൈപ്പത്തി ഇല്ലായിരുന്നു. മൂന്നുപേരും സി.പി.എമ്മിനു വേണ്ടി ബോംബുണ്ടാക്കിയപ്പോള്‍ കൈപ്പത്തി നഷ്ടപ്പെട്ടതാണ്.
കണ്ണൂരില്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്ന എസ്.എഫ്.ഐ. നേതാവ് കെ.വി. സുധീഷിനെ കൊലയ്ക്ക് കൊടുത്തതു സി.പി.എമ്മാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. ബിജെപി നേതാവ് സദാനന്ദൻ മാസ്റ്ററുടെ കാല് സി.പി.എമ്മുകാര്‍ വെട്ടിയിരുന്നു. വെട്ടിയരിഞ്ഞ കാല്‍ തുന്നിച്ചേര്‍ക്കാന്‍ ആശുപത്രിയിലേക്ക് പോകുന്ന വാഹനം സി.പി.എം. തടഞ്ഞു നിര്‍ത്തിയതിന്റെ ഫലമായിട്ടാണ് സുധീഷ് കൊല്ലപ്പെട്ടതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.നേതാക്കള്‍ ഇടപെട്ട് അന്ന് സംയമനത്തിന്റെ വഴി സ്വകരിച്ചിരുന്നെങ്കില്‍ ആ ദുരന്തം നടക്കില്ലായിരുന്നു. കൂടാതെ ക്രിമിനലുകൾക്ക് ചെല്ലും ചെലവും നൽകുന്ന സമ്പ്രദായം നേതാക്കൾ നിർത്തിയാൽ തന്നെ കണ്ണൂർ ശാന്തമാകുമെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.
Post Your Comments