Latest NewsNewsInternational

വർഗീയ കലാപം : മുഖ്യ സൂത്രധാരൻ പിടിയിൽ

കാൻഡി: ശ്രീലങ്കയിലെ കാൻഡി ജില്ലയിൽ ന്യൂനപക്ഷ മുസ്‌ലിം വിഭാഗക്കാർക്കെതിരെ അക്രമത്തിനു നേതൃത്വം നൽകിയയാൾ പിടിയിലായെന്നു പൊലീസ്. ഇക്കഴിഞ്ഞ ഞായറാഴ്ച മുസ്‌ലിം വിഭാഗക്കാർക്കെതിരെ ആരംഭിച്ച അക്രമങ്ങൾ വർഗീയ ലഹളയായി ആളിക്കത്തിയതിനെത്തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് അമിത് ജീവൻ വീരസിംഘെയാണ് അറസ്റ്റിലായത്. മുസ്‌ലിംകൾക്കെതിരെ വിദ്വേഷം പരത്തുന്ന പ്രസംഗങ്ങളടങ്ങിയ വിഡിയോകൾ പ്രചരിപ്പിച്ചതിനും അമിത് ജീവനെതിരെ കേസുണ്ട്.

‘മൊഹസൻ ബാലകയ’ എന്ന സിംഹള ഗ്രൂപ്പിന്റെ തലവനാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. ഇയാൾക്കൊപ്പം വർഗീയ ലഹളയിൽ പങ്കു ചേർന്നതിന് ഒൻപതു പേർ കൂടി പിടിയിലായിട്ടുണ്ട്. ഇവരെല്ലാം ഭൂരിപക്ഷ സിംഹള വിഭാഗക്കാരാണ്. മുസ്‌ലിം പള്ളികൾക്കും മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കും നേരെ വൻതോതിൽ അക്രമം തുടരുന്നു. കാൻഡിയിൽ നിശാനിയമം ഉൾപ്പെടെ കർശനമാക്കുകയും പ്രത്യേക സുരക്ഷാസേനയെ രംഗത്തിറക്കുകയും ചെയ്തു. പക്ഷേ എല്ലാ ശ്രമങ്ങളെയും നിഷ്ഫലമാക്കിക്കൊണ്ട് മേഖലയിൽ കലാപം ആളിപ്പടരുകയാണ്.

കാൻഡി ജില്ലയിൽ നിലവിൽ സമൂഹ മാധ്യമങ്ങൾക്കു വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഇന്റർനെറ്റ് സേവനങ്ങളും തടഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും വ്യാഴാഴ്ചയും അക്രമം തുടരുകയാണ്. മുസ്‌ലിംകളുടെ കടകളും ഹോട്ടലുകളും കൊള്ളയടിക്കുന്നതും തുടരുകയാണ്. പള്ളികൾക്കു സൈന്യം കാവൽ നിൽക്കുന്നുണ്ട്. 12 മണിക്കൂറിനുള്ളിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു സൈനിക വക്താവ് അറിയിച്ചു. എന്നാൽ നിശാനിയമം തുടരാനാണു തീരുമാനം. ഐക്യരാഷ്ട്ര സംഘടന വർഗീയ ലഹളയെ അപലപിച്ചിട്ടുണ്ട്.

പ്രദേശത്തെ സ്ഥാപനങ്ങളിലേറെയും മുസ്‌ലിം വിഭാഗക്കാരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. പ്രതിഷേധം വൈകാതെ അക്രമത്തിലേക്കു നീങ്ങി. ആദ്യം മുസ്‍‌ലിം പള്ളിയാണു തകർത്തത്. പിന്നാലെ സ്ഥാപനങ്ങളും വാഹനങ്ങളും തീയിടാൻ തുടങ്ങി. അക്രമം നടത്തിയവരിൽ സ്ത്രീകൾ ഉൾപ്പെടെ ഉണ്ടായിരുന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു. അതിനിടെ ആഭ്യന്തരവകുപ്പിന്റെ ചുമതലയിൽനിന്നു പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ പ്രസിഡന്റ് മൈത്രിപാല സിരിസേന നീക്കം ചെയ്തു.

പകരം സിരിസേനയുടെ യുണൈറ്റഡ് നാഷനൽ പാർട്ടിയിലെ മുതിർന്ന നേതാവായ രഞ്ജിത് മഡുമ ബണ്ടാര ആഭ്യന്തരമന്ത്രിയായി സത്യപ്രതി‍ജ്ഞ ചെയ്തു. കലാപം തടയുന്നതിൽ പരാജയപ്പെട്ടെന്നു കാണിച്ചാണു വിക്രമസിംഗെയെ നീക്കം ചെയ്തത്. 11 ദിവസം മുൻപാണ് അദ്ദേഹം ആഭ്യന്തരവകുപ്പിന്റെ ചുമതലയേറ്റത്. രാത്രിയിലാണു അക്രമം ശക്തമാകുന്നതെന്നും ഇരകളാക്കപ്പെട്ടവർ പറഞ്ഞു. മുസ്‌ലിം വിഭാഗക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ സിംഹള വിഭാഗത്തിലെ യുവാവ് കൊല്ലപ്പെട്ടതാണ് അക്രമങ്ങളിലേക്കു നയിച്ചത്. മരണം സംഭവിച്ചു രണ്ടു ദിവസത്തിനു ശേഷം സമീപത്തെ ഒരു ടൗണില്‍ പ്രതീകാത്മക ശവപ്പെട്ടിയുമായി സിംഹള വിഭാഗക്കാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button