ലണ്ടന്‍ : ഭൂമിയിലെ ഏറ്റവും തണുപ്പേറിയ പ്രദേശമായാണ് ധ്രുവമേഖലയായ ആര്‍ട്ടിക്കിനെ കണക്കാക്കുന്നത്.എന്നാല്‍ ചരിത്രത്തിലാദ്യമായി ആര്‍ട്ടിക്കിലെ ചൂട് ബ്രിട്ടനിലെ താപനിലയെ മറികടന്നിരിക്കുകയാണ്. ആര്‍ട്ടിക്കിലെ ശരാശരി താപനിലയേക്കാള്‍ 30 ഡിഗ്രി സെല്‍ഷ്യസിനോളം മുകളിലാണ് ഇപ്പോഴത്തെ താപനിലയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അദ്ഭുതപ്പെടുത്തുന്നതും ആശങ്കയുണ്ടാക്കുന്നതുമാണ് കാലാവസ്ഥയിലെ ഈ തകിടം മറിച്ചിലുകളെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.
പൂജ്യം ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 2 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇപ്പോള്‍ ആര്‍ട്ടിക്കില്‍ രേഖപ്പെടുത്തുന്ന ഉയര്‍ന്ന താപനില. അതേസമയം ബ്രിട്ടന്റെ വടക്കന്‍ മേഖലകളില്‍ ഇത് -8 ഡിഗ്രി സെല്‍ഷ്യസാണ്. ആര്‍ട്ടിക് മേഖലയില്‍ മാത്രമല്ല ആര്‍ട്ടിക്കിനോട് ചേര്‍ന്നു കിടക്കുന്ന വടക്കേ അമേരിക്കയിലെ അലാസ്‌ക ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലും താപനില ശരാശരിക്കും മുകളിലാണ്. -1 ആണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. ഈ ശൈത്യകാലത്ത് മഞ്ഞുപാളികള്‍ രൂപപ്പെടുന്നതിലുണ്ടായ കുറവാകാം പതിവിനു വിപരീതമായി താപനില കുത്തനെ ഉയരാന്‍ കാരണമെന്നു കരുതുന്നു.
ആര്‍ട്ടിക്കിലെ പതിവിലും ഉയര്‍ന്ന ഈ താപനില സൃഷ്ടിച്ചിരിക്കുന്ന ആശങ്കകള്‍ നിരവധിയാണ്. വേനല്‍ക്കാലം കൂടുതല്‍ സമയം നീണ്ടു നില്‍ക്കുന്നതും, വേനല്‍ക്കാലത്തെ താപനിലയില്‍ വലിയ വര്‍ധനവുണ്ടാക്കുന്നതിനും ഇപ്പോഴത്തെ ഈ ഉയര്‍ന്ന താപനില കാരണമായേക്കാമെന്നു കരുതുന്നു. ഇത് വ്യാപകമായ തോതില്‍ മഞ്ഞുരുക്കത്തിനും കടല്‍നിരപ്പുയരുന്നതിനും കാരണമാകും. കൂടാതെ അടുത്ത ശൈത്യകാലത്തും സമാനമായ അവസ്ഥ സൃഷ്ടിക്കുന്നതിനും ഇപ്പോഴത്തെ ഈ മാറ്റങ്ങള്‍ കാരണമായേക്കാം.
സാധാരണഗതിയില്‍ മാര്‍ച്ച് മാസത്തിന്റെ അവസാനത്തോടെ മാത്രമെ സൂര്യപ്രകാശം നേരിട്ട് ആര്‍ട്ടിക്കില്‍ പതിക്കുകയും വേനല്‍ക്കാലം ആരംഭിക്കാന്‍ തുടങ്ങുകയും ചെയ്യൂ. എന്നാല്‍ ഇക്കുറി സൂര്യന്‍ ദക്ഷിണാര്‍ദ്ധഗോളത്തില്‍ ആയിരിക്കെ തന്നെ ആര്‍ട്ടിക്കില്‍ ഈ ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത് ആഗോളപാതനം രൂക്ഷമാണന്ന സൂചന തന്നെയാണു നല്‍കുന്നത്. ആര്‍ട്ടിക്കില്‍ പതിവില്‍ കവിഞ്ഞ ചൂട് അനുഭവപ്പെട്ടതോടെ ശീതക്കാറ്റ് തെക്കോട്ടു നീങ്ങിയതാണ് ബ്രിട്ടനില്‍ താപനില ഇപ്പോഴും താഴ്ന്നു തന്നെ നില്‍ക്കാന്‍ കാരണം. പത്ത് സെന്റിമീറ്റര്‍ വരെ മഞ്ഞു വീഴ്ചയാണ് ഇപ്പോഴും ബ്രിട്ടനിലെ പല ഭാഗങ്ങളിലും ഉണ്ടാകുന്നത്.
Post Your Comments