KeralaLatest NewsNews

“ഐകോണിക് വുമൺ 2018” ആയി സ്വപ്നാ അഗസ്റ്റിൻ

വേൾഡ് മലയാളി ഫെഡറേഷൻ “ഐകോണിക് വുമൺ 2018” ആയി പ്രേക്ഷക വോട്ടിങ്ങിലൂടെ സ്വപ്നാ അഗസ്റ്റിൻ തെരഞ്ഞെടുക്കപ്പെട്ടു. ഇരു കരങ്ങളുമില്ലാതെ നമ്മെ അത്ഭുതപ്പെടുത്തുകയാണ് സ്വപ്ന. കാൽവിരലുകൾ കൊണ്ട് വർണങ്ങൾ ചാലിച്ച് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ 4000 ത്തിലധികം നയനമനോഹരമായ ചിത്രങ്ങൾ രചിച്ച സ്വപ്നയെ അനുഗ്രഹീത കലാകാരന്മാർ വരെ വിസ്മയത്തോടെ നോക്കിക്കാണുന്നു. പ്രതിബന്ധങ്ങളെ തരണം ചെയ്ത് ജീവിതത്തിൽ മുന്നേറാനുള്ള ആത്മവിശ്വാസവും ഊര്‍ജ്ജസ്വലയായ ഉന്മേഷവും നിറഞ്ഞതാണ് സ്വപ്നയുടെ പുഞ്ചിരി.

നമ്മുടെ നാട്ടിലെന്നല്ല ലോകത്തെ വിവിധ ഭാഗങ്ങളിൽ ഉള്ള സാധാരണക്കാർക്കും ഭിന്നശേഷിക്കാർക്കും പ്രേരണയും പ്രചോദനവുമാണ് സ്വപ്നയുടെ നേട്ടങ്ങൾ. തന്റെ വാക്കുകളിലൂടെ ജനങ്ങൾക്ക് പ്രചോദനമേകി രാജ്യത്തുടനീളം പലവേദികളിലായി മോട്ടിവേഷൻ ക്ലാസ്സുകൾ നൽകിയിട്ടുണ്ട് ഈ മിടുക്കി. ‘തന്നിലുള്ള പ്രേരകശക്തിയും മാതൃകാനുസാരമായ ഊർജ്ജവും മറ്റുള്ളവരിലേക്കും പകർന്നു നൽകുക എന്നതാണ് തന്റെ ജീവിതദൗത്യ’മെന്നാണ് സ്വപ്ന തന്നെ പറയുന്നത്.

പ്രേക്ഷകർ തന്നെ നിർദ്ദേശിച്ച് വോട്ടിങ്ങിനായി തിരഞ്ഞെടുക്കപ്പെട്ട മറ്റ് അഞ്ചുപേരായ നർഗീസ് ബീഗം, ആമി വിളക്കുടി, നിഷ സ്നേഹക്കൂട്, അശ്വതി ജ്വാല, സ്നേഹ മൽഹാർ എന്നിവരെ പിന്നിലാക്കിയാണ് സ്വപ്ന വിജയം നേടിയത്. മാർച്ച് 08 ന് വനിതാ ദിനത്തിൽ “ഐകോണിക് വുമൺ 2018” ആയി സ്വപ്നാ അഗസ്റ്റിനെ ആദരിക്കുമെന്നാണ് സംഘാടകർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button