Life StyleHome & Garden

വീടുകൾ കേറിക്കിടക്കാൻ ഒരിടമല്ല അവ മനോഹരമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

വീടുകൾ പലർക്കും കേറിക്കിടക്കാൻ ഒരിടം മാത്രമാണ്.എന്നാൽ അങ്ങനെ ചിന്തിക്കാത്തവരും ഉണ്ട് അതിനു ഉദാഹരണമാണല്ലോ വീടുകളുടെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ ഉണ്ടാകുന്നത്.നാട്ടിൻപുറങ്ങളിൽ കാണുന്ന തറവാടുകൾ കാലത്തിനൊപ്പം മാഞ്ഞു പോയി.പകരം വ്യത്യസ്തമായ വീടുകൾ എത്തിയപ്പോൾ അവയെ കൂടുതൽ സ്നേഹിക്കാനും ഒരു സ്ഥാനം നൽകാനും പലർക്കും സാധിച്ചു.

വീട്‌ ഒരു സ്വപ്നമാണ്‌ മലയാളികൾക്ക് എപ്പോഴും.ഓലമേഞ്ഞ കൂരയിൽ നിന്ന് കോൺക്രീറ്റ് വീടുകൾ വരെ എത്തിയപ്പോൾ അപ്പാടെ മാറിയ സങ്കൽപ്പങ്ങൾ ഇപ്പോൾ വീണ്ടും മാറുകയാണ് പ്രകൃതിയോടിണങ്ങുന്നൊരു വീട്‌ എന്നതാണ്‌ മിക്കവരുടെയും ഇപ്പോഴത്തെ ആഗ്രഹം. മണ്ണു കൊണ്ടും കരിങ്കല്ലു കൊണ്ടും തറ കെട്ടിയിരുന്നതിനു പകരം ചിരട്ട കൊണ്ട്‌ അടിത്തറ കെട്ടുന്നവരുണ്ട്‌. ആദ്യ കാലങ്ങളിൽ മണ്ണ്‌ കൊണ്ടായിരുന്നു ഭിത്തികൾ കെട്ടിയിരുന്നത്‌. ഇപ്പോൾ അധികമായും വെട്ട്‌ കല്ലുകളാണ്‌ ഉപയോഗിക്കുന്നത്‌. എന്നാൽ ആ പഴയ ശീലം തിരിച്ചു വന്നിരിക്കുന്നു.

Kerala House

ഇറ്റലിയിലെല്ലാം ഇപ്പോഴും കണ്ട്‌ വരുന്ന ഈ രീതി കേരളത്തിലെ വീടുകളിൽ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്‌. ഇങ്ങനെ ചെയ്യുന്നത്‌ കൊണ്ട്‌ മുറിയിൽ സദാ തണുപ്പ്‌ നില നിൽക്കും. ഫാൻ ഇടേണ്ട ആവശ്യം വരുന്നില്ല എന്നതാണ്‌ ഹൈലൈറ്റ്‌.

വീടിന്റെ സങ്കൽപ്പങ്ങളെല്ലാം മാറി മറിഞ്ഞപ്പോൾ കാലഘട്ടത്തിന്റെ മാറ്റമായാണ്‌ സമകാലീന വീടുകൾ ഉയർന്ന്‌ വന്നത്‌. സമകാലിന രീതിയിലുള്ള ഭവന കൽപനയിൽ ഫർണിച്ചറുകളുടെ നിറം, വീടിന്റെ പെയിന്റിങ്ങ്‌, ലൈറ്റിംഗ്‌ എല്ലാം പ്രധാനപ്പെട്ടവയാണ്‌.

ഡിസൈനാണ്‌ താരം

വീടുകൾക്ക് ഭംഗി ലഭിക്കണമെങ്കിൽ ഇന്റീരിയർ ഡിസൈനിങ്ങിലും പെയിന്റിങ്ങിലും ഫർണിച്ചറുകളിലുമൊക്കെ അതിന്റേതായ അടുക്കും ചിട്ടയും ആവശ്യമാണ്.ഒരു മുറിയിൽ തന്നെ പലനിറത്തിലുള്ള നിറങ്ങൾ നൽകിയാൽ മുറിക്ക് കൂടുതൽ ഭംഗിയേറും.

ലൈറ്റിംഗാണ്‌ ഡിസൈനിങ്ങിലെ മറ്റൊരു പ്രത്യേകത. ഒരു മുറിക്കകത്തു തന്നെ വിവിധ തരം ലൈറ്റുകൾ സ്ഥാപിക്കും. പ്രത്യക്ഷത്തിൽ കാണാൻ കഴിയില്ലെങ്കിലും ചുമരിന്റെ പല സ്ഥലങ്ങളിൽ നിന്നും വരുന്ന ലൈറ്റ്‌ കൊണ്ട്‌ മാത്രം വീടിനകം മനോഹരമാക്കാം.

ഓരോ വസ്തുവിനും, അത്‌ ഒരു പോർട്രൈറ്റോ അല്ലെങ്കിൽ ഒരു ഫർണിച്ചറോ ആണെങ്കിൽ പോലും കൃത്യമായൊരു സ്പേയ്സ്‌ നിശ്ചയിച്ചത്‌ കൊണ്ട്‌ മുറികൾക്കകത്ത്‌ ഒന്നും നിറഞ്ഞു കിടക്കുന്നതായി തോന്നില്ല. വിശാലമായി കിടക്കുന്ന വീടിനകത്തെ സ്പേസ്‌ തന്നെയാണ്‌ പുതിയ തരം വീടുകളുടെ ഏറ്റവും വലിയ പ്രത്യേകതയും. ഡൈനിംഗ്‌ ഹാളിനേയും ലിവിങ്ങ്‌ ഹാളിനെയും വേർതിരിക്കുന്ന ചുമരുകൾ പൊതുവെ കാണാൻ കഴിയില്ല. കോമൺ ഏരിയകളിൽ ഇങ്ങനെ തുറന്നു കിടക്കുന്ന രീതിയിലുള്ള ശൈലി വൃത്തിയാക്കൽ എളുപ്പമുള്ള ഇന്റീരിയർ കൂടിയാണ്‌ പ്രദാനം ചെയ്യുന്നത്‌.

ഗ്രീനിഷ്‌ ടച്ച്‌ നൽകുന്ന ഗാർഡൻ സെറ്റിങ്ങ്സ്‌ സമകാലീന വീടുകളെ പ്രകൃതിയുമായി കൂടുതൽ ഇഴുകിച്ചേർന്നതാക്കും. വീടിനകത്തും പുറത്തുമായി സെറ്റ്‌ ചെയ്യുന്ന പെബിൾ കോർട്ട്‌ യാർഡുകളും വീടിന്‌ പച്ചപ്പ്‌ നൽകുന്നവയാണ്‌.

വിടിന്റെ ഇന്റീരിയർ എക്സ്റ്റീരിയർ ഡിസൈനിങ്ങിൽ മാത്രമല്ല പെയിന്റിങ്ങിലും പുതിയ പുതിയ ട്രെന്റുകൾ വന്നുകൊണ്ടിരിക്കുകയാണ്‌. വീഡിയോ രൂപത്തിൽ മാറ്റം വരുത്തുന്ന ടെക്സ്ചർ പെയിന്റിങ്ങാണ്‌ ഇതിൽ പ്രധാനം. ഭിത്തികളിലും തറകളിലും പ്രൊജക്റ്റട്‌ ഡിസൈനിന്റെ പ്രതീതിയുണ്ടാക്കുന്ന ടെക്സ്ചർ പെയിന്റിങ്ങുകളാണ്‌ ഉപയോഗിക്കുന്നത്‌.

ആദ്യം ബേസ്കോട്ട്പെയിന്റ്‌ അടിക്കുന്നു പിന്നീട്‌ ടോപ്പ്കോട്ട്‌. അത്‌ ഉണങ്ങുന്നതിനു മുൻപായി ടെക്സ്ചർ പെയിന്റിങ്ങിൽ ഡിസൈൻ ചെയ്യുന്നു. കിടപ്പു മുറിയിലും വാഷ്ബേസിന്റെ അടുത്തുമെല്ലാം ഈ പെയിന്റിങ്ങ്‌ രീതി ഉപയോഗിക്കാം.

വീടിനകം എങ്ങനെ മനോഹരമാക്കാം?
വീടിനകം മനോഹരമാക്കുന്നതിൽ ഓരോ വസ്തുവിനും വളരെയധികം പ്രധാന്യമുണ്ട്‌. വീട്‌ മനോഹരമാക്കാൻ വേണ്ടി ചെയ്യുന്ന പലതും ഉള്ള ഭംഗിയെ ഇല്ലാതാക്കാറുണ്ട്‌. ഓരോ ഉപകരണത്തിനും കൃത്യമായ സ്പെയ്സ്‌ നൽകുകയും ഇടതിങ്ങി ഫർണിച്ചറുകൾ വയ്ക്കുന്നത്‌ ഒഴിവാക്കുകയും ചെയ്യുക എന്നതാണ്‌ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം.

ചെടികൾ
പൂന്തോപ്പുകൾക്ക്‌ ഒരു വീടിന്‌ വേണ്ട മനോഹാരിത നൽകുന്നതിൽ വലിയ പങ്കുണ്ട്‌. വീടിനകത്തെ കോർണറുകളിൽ തൂങ്ങിക്കിടക്കുന്ന ചെടിച്ചട്ടികൾ സ്ഥാപിച്ച്‌ അതിൽ വിവിധ തരത്തിലുള്ള ചെടികൾ വളർത്താം.

ഗ്ലാസ്‌ ബോട്ടിലുകൾ
വളരെ ലളിതമായ രീതിയിൽ ചെയ്യാവുന്ന ഒന്നാണിത്‌. മനോഹരമായി പെയിന്റ്‌ ചെയ്ത ഗ്ലാസ്‌ ബോട്ടിലുകളുകളിൽ വെള്ളം നിറച്ച്‌ വീടിന്റെ പല കോണുകളിൽ വയ്ക്കുന്നത്‌ കൂടുതൽ ഭംഗി സമ്മാനിക്കും

കളർഫുൾ ലൈറ്റിങ്ങ്‌
അധികം പ്രകാശമില്ലാത്ത വിവിധ നിറത്തിലുള്ള ലൈറ്റുകൾ ഉപയോഗിക്കാം. ലൈറ്റിനു യോജിക്കുന്ന രീതിയിൽ ചുവരുകൾ പെയിന്റ്‌ ചെയ്താൽ അത്‌ കൂടുതൽ ഭംഗിയേകും.

ഫോൾസ്‌ സീലീങ്ങ്‌
ചൂട്‌ കുറയ്ക്കുക, ശബ്ദം പ്രതിരോധിക്കുക, ഭംഗിയുള്ള ലൈറ്റിങ്ങ്‌ നൽകുക തുടങ്ങി മുറികളിൽ ഫോൾസ്‌ സീലിങ്ങ്‌ നൽകുന്നതിന്‌ ചില ഉദ്ദേശ്യങ്ങളുണ്ട്‌. അതായത്‌, ചൂടുകുറയ്ക്കാനും ശബ്ദം പ്രതിരോധിക്കാനും മറ്റു മാർഗങ്ങളൊന്നും ഇല്ലാത്ത അത്യാവശ്യ ഘട്ടങ്ങളിൽ ഫോൾസ്‌ സീലിങ്ങ്‌ നൽകാം. എന്നാൽ ഇവ ആവശ്യമില്ലാത്തിടത്ത്‌ ഫോൾസ്‌ സീലിങ്ങ്‌ നൽകേണ്ട കാര്യമില്ല.

ലൈറ്റിങ്ങ്‌ ആകർഷകമാക്കാൻ എണ്ണമറ്റ സാധ്യതകൾ ലഭിക്കുന്നുവെന്നതാണ്‌ ഫോൾസ്‌ സീലിങ്ങിന്റെ പ്രത്യേകത. എന്നാൽ ഫോൾസ്‌ സീലിങ്ങ്‌ നൽകുമ്പോൾ കോവ്‌ ലൈറ്റിങ്ങ്‌ ആണെങ്കിൽ പൊടി കയറിയിരിക്കാൻ സാധ്യതയുണ്ട്‌. ചില മുറികളിൽ ബീമും മറ്റും വന്ന്‌ സീലിങ്ങിന്റെ ഭംഗി നശിക്കാറുണ്ട്‌. അങ്ങനെയുള്ളപ്പോൾ ഫോൾസ്‌ സീലിങ്ങ്‌ നൽകാം. അല്ലാത്ത പക്ഷം ചെലവ്‌ കൂടും എന്നതല്ലാതെ പ്രയോജനമില്ല.

മുറികളിലെ ഡബിൾ ഹൈറ്റ്‌
മുറികൾക്ക്‌ ഉയരക്കൂടുതൽ നൽകുന്നത്‌ ഇന്ന്‌ ഫാഷനായി മാറിക്കഴിഞ്ഞു. എന്നാൽ ഇതിന്റെ ആവശ്യമെന്താണ്‌ എന്നുമാത്രം ആരും ചിന്തിക്കാറില്ല. ഭംഗിക്കുവേണ്ടിയാണ്‌ ഡബിൾ ഹൈറ്റ്‌ നൽകുന്നത്‌. ചൂടുകുറയ്ക്കുക എന്നൊരു ലക്ഷ്യവും പറയാറുണ്ട്‌. എന്നാൽ കൃത്യമായ വെന്റിലേഷൻ ഉള്ള വീടുകളിൽ ചൂടു കുറയ്‌ക്കാൻ ഡബിൾ ഹൈറ്റിന്റെ ആവശ്യമില്ല. ഉയരം കൂടിയ മുറി വൃത്തിയാക്കാനും പ്രയാസമായിരിക്കും. അപ്പോൾ ഇതൊരു പാഴ്ച്ചിലവല്ലേ.

അടുക്കള വെറും ഷോ
ഷോ കാണിക്കാൻ വേണ്ടി മാത്രമാണ്‌ പല വീടുകളിലേയും അടുക്കളകൾ. കാഴ്ചയ്ക്കായി ഒരു അടുക്കള, ജോലി ചെയ്യാൻ വേറൊരു അടുക്കള, അതും കൂടാതെ വർക്ക്‌ ഏരിയ. ഇങ്ങനെ കാശുള്ളവർ അവർക്കു കഴിയുന്നതിനനുസരിച്ച്‌ മൂന്നും നാലും അടുക്കളകൾ പണികഴിപ്പിക്കുന്നു. സത്യത്തിൽ ഇതിന്റെ ആവശ്യമുണ്ടോ? ഉള്ള അടുക്കള ഭംഗിയായി സൂക്ഷിച്ചാൽ ത്തന്നെ നല്ല ഷോ കിട്ടില്ലേ?

പഴയ ഫർണിച്ചർ ഒന്നു പുതുക്കാം
പുതിയ വീടുകൾ നിർമിക്കുമ്പോൾ പുതിയ ഫർണിച്ചർ വേണമെന്ന്‌ എല്ലാവരും കരുതും. എന്നാൽ പഴയ ഫർണിച്ചറുകളെ പുതിയ സ്റ്റെയിലിലേക്ക്‌ മാറ്റിയെടുക്കുന്നതാണ്‌ ഏറ്റവും മികച്ച രീതി. വീടിന്റെ ഇന്റീരിയറിനോട്‌ യോജിക്കുന്ന നിറവും രൂപവും നൽകുക. ഇതിലൂടെ ഫർണിച്ചറിനു വരുന്ന വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടത്തെ ചെറുക്കാൻ കഴിയും.

കടും നിറങ്ങൾ ഒഴിവാക്കാം
ഇളം നിറത്തെ മനോഹരമായി ഉപയോഗിച്ചുകൊണ്ട്‌ കടും നിറങ്ങൾ ഒഴിവാക്കാം. കടും നിറങ്ങൾ പൊതുവെ കൂടുതൽ ചിലവു കൂട്ടുന്നവയാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button