ഇടുക്കി: തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയില്‍ വൈദികനെ കുത്തി കൊന്ന ശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാര്‍ ജോണിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. മലയാറ്റൂര്‍ കുരിശുമുടി റെക്ടറായ ഫാ. സേവ്യര്‍ തേലക്കാട്ടാണ് കൊല്ലപ്പെട്ടത്. കുരിശുമുടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെത്തുടര്‍ന്ന് കപ്യാര്‍ക്കെതിരെ ഫാ.സേവ്യര്‍ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് വൈദികനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്ന കപ്യാര്‍, ഇന്ന് കുരിശുമുടിയിലെ ആറാം സ്ഥലത്തുവച്ച് ഉടലെടുത്ത വാക്കുതര്‍ക്കത്തിനു പിന്നാലെ കത്തിയെടുത്തു കുത്തുകയായിരുന്നുവെന്ന് പറയുന്നു. ഇന്ന് ഉച്ച്യ്ക്ക് ഒന്നരയോടെയാണ് പള്ളിയിലെത്തി കപ്യാരായിരുന്ന ജോണി ഫാദര്‍ സേവ്യറെ കുത്തിയത്. ജോണിയെ മൂന്നു മാസം മുമ്പ് കപ്യാർ ചുമതലയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജോണി ഇന്ന് വൈദികനെ കാണാനെത്തുകയായിരുന്നു.
തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവര്‍ക്കുമിടയില്‍ നേരത്തേ മുതല്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. പരുക്കേറ്റ ഫാ. സേവ്യറിനെ ഉടന്‍ തന്നെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാലില്‍ കുത്തേറ്റ വൈദികന്‍ രക്തം വാര്‍ന്നാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.എറണാകുളം ചേരാനല്ലൂർ സ്വദേശിയാണ് കുത്തേറ്റു മരിച്ച ഫാദര്‍ സേവ്യര്‍.
Post Your Comments