തൃശൂര്‍: ആശങ്കകള്‍ അക്കമിട്ട് പരാമര്‍ശിച്ച് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. പാവങ്ങളുടെ പാര്‍ട്ടിയെന്ന പ്രതിച്ഛായ സി.പി.എമ്മിനു നഷ്ടമായെന്നും സ്ഥാനമാനങ്ങള്‍ കൈക്കലാക്കുന്ന ബൂര്‍ഷ്വാ പാര്‍ട്ടികളുടെ ശൈലിയിലേക്കു മാറുകയാണെന്നും സംസ്ഥാനസമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു.
കൂലിപ്പണിക്കാരും അര്‍ധപട്ടിണിക്കാരുമായിരുന്നു സിപിഎമ്മിന്റെ ഏറ്റവും വലിയ ബഹുജന അടിത്തറ. ഇവര്‍ പാര്‍ട്ടിയില്‍ നിന്നും അകലുന്നത് ഗൗരവമായി കരാണെണമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്റെ പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങളില്‍ ചിലര്‍ ചൂണ്ടികാട്ടി. പാവങ്ങളില്‍ ഭൂരിപക്ഷവും പാര്‍ട്ടിക്കൊപ്പമായിരുന്നു. അതില്‍ മാറ്റം വന്നു കൊണ്ടിരിക്കുകയാണെന്നും ഇതു ഗൗരവതരമാണെന്നുമാണ് പ്രവര്‍ത്തനറിപ്പോര്‍ട്ടും പറയുന്നത്. പാര്‍ട്ടിയിലെ ബൂര്‍ഷ്വാ സംസ്‌കാരം അവസാനിപ്പിക്കാന്‍ 2013ല്‍ പാലക്കാടും 2015ല്‍ കൊല്‍ക്കത്തയിലും പാര്‍ട്ടി പ്ലീനം അംഗീകരിച്ച നയപരിപാടികള്‍ നടപ്പാക്കുന്നതില്‍ പാര്‍ട്ടിനേതൃത്വം പരാജയപ്പെട്ടു.
പാര്‍ലമെന്ററി സ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ കാണിക്കുന്ന വ്യക്തിപരമായ മോഹങ്ങളും ഇടപെടലുകളും സംഘടനാതത്വങ്ങളുടെ ലംഘനത്തിലേക്കു പാര്‍ട്ടിയെ എത്തിച്ചു. സംഘടനാപരമായ കാര്‍ക്കശ്യം മുറുകെ പിടിക്കാന്‍ ബാധ്യസ്ഥരായ നേതാക്കളില്‍ ചിലര്‍ തന്നെ ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തരം ചില പ്രവര്‍ത്തനങ്ങള്‍ വളര്‍ന്നുവന്നത് കാണാതിരുന്നുകൂടാ. തങ്ങള്‍ക്കോ ബന്ധപ്പെട്ടവര്‍ക്കോ സ്ഥാനാര്‍ഥിയാകാന്‍ കഴിയാതെ വരുമ്‌ബോള്‍, അല്ലെങ്കില്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍ കയറിപ്പറ്റാനാകാതെ വരുമ്‌ബോള്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന പ്രവണത വളരുന്നു. അതുവരെ പാര്‍ട്ടി നല്‍കിയ അംഗീകാരങ്ങള്‍ മറന്നു പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ ചിലര്‍ മുതിരുകയാണെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
പാര്‍ട്ടി പ്രവര്‍ത്തകര്‍ മദ്യപാനത്തില്‍നിന്നു വിട്ടുനില്‍ക്കണം, റിയല്‍ എസ്റ്റേറ്റ് ബിസിനസ്, അന്യായ പലിശയും പണം കടംകൊടുക്കുന്നസ്ഥാപനങ്ങള്‍ നടത്തല്‍ തുടങ്ങിയ ആശ്വാസമല്ലാത്ത പ്രവണതകള്‍ ചില അംഗങ്ങളില്‍ വളര്‍ന്നുവരുന്നു. സ്ത്രീകളെയും ന്യൂനപക്ഷക്കാരെയും പട്ടികവിഭാഗക്കാരെയും പാര്‍ട്ടിയിലേക്ക് കൂടുതല്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണം. യുവജനങ്ങളെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി 40 വയസില്‍ താഴെയുള്ളവരെ റിക്രൂട്ട് ചെയ്യാന്‍ നടപടി വേണം.
പാര്‍ട്ടി നേതൃത്വത്തിന്റെയും ജനപ്രതിനിധികളുടെയും പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയുണ്ടെന്ന് പൊതുസമൂഹത്തെയും പാര്‍ട്ടി അണികളെയും ബോധ്യപ്പെടുത്തണം. ചില നേതാക്കളും അവരുടെ മക്കളും ഉപയോഗിക്കുന്ന ഗര്‍വിന്റെ ഭാഷയും അധികാരത്തിന്റെ ശരീരഭാഷയും പാര്‍ട്ടിയെക്കുറിച്ച് അവമതിപ്പ് വളര്‍ത്തുമെന്നും പൊതുചര്‍ച്ചയില്‍ അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു.
Post Your Comments