![](/wp-content/uploads/2018/02/killing-slogans-in-kannur-1-1-1.png)
കണ്ണൂർ : ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ഫെയ്സ്ബുക്കിൽ ഒരു സൈബർ പോരാളി കുറിച്ചതിങ്ങനെ: ‘തൊണ്ട പൊട്ടി മുദ്രാവാക്യം വിളിക്കുന്ന ഉശിരുള്ള സഖാവായാണ് ആദ്യം ആകാശിനെ കണ്ടത്. ആ കണ്ഠത്തിൽനിന്ന് ഇനിയും മുദ്രാവാക്യങ്ങൾ ഉയരും.’ പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായ സി.വി.ധനരാജ് കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധ പ്രകടനത്തിലെ മുദ്രാവാക്യമാണു ചൂണ്ടിക്കാട്ടിയിരുന്നത്. കൊല്ലപ്പെടുന്നതിനു ദിവസങ്ങൾക്കു മുൻപ് യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനു നേരെയും ഇത്തരത്തിൽ കൊലവിളി മുദ്രാവാക്യമുണ്ടായിരുന്നു.
‘ഞങ്ങളോടു കളിച്ചവർ വെള്ളം കിട്ടി മരിച്ചിട്ടില്ല, ഷുഹൈബേ തെമ്മാടീ നിന്റെ നാളുകൾ എണ്ണപ്പെട്ടു’ എന്നു തുടങ്ങുന്ന മുദ്രാവാക്യം സിപിഎം പ്രാദേശിക നേതാക്കൾ തന്നെയാണ് അണികൾക്കു വിളിച്ചുകൊടുത്തത്. ‘കയ്യും കൊത്തും കാലും കൊത്തും, വേണ്ടിവന്നാൽ തലയും കൊത്തും’ എന്ന ഭീഷണിയും. ഏതെങ്കിലും ഒരു പാർട്ടിയിലെ മാത്രമല്ല, മിക്ക പാർട്ടി അണികളും ഇതുതന്നെയാണു ചെയ്യുന്നത്. ആകാശ് അറസ്റ്റ് ചെയ്യപ്പെട്ട രണ്ടാം നാൾ ഈ മുദ്രാവാക്യത്തിന്റെ വിഡിയോ ഗ്രൂപ്പിൽനിന്ന് അപ്രത്യക്ഷമായി. ജില്ലയിലെ പ്രാദേശിക സംഘർഷങ്ങളിൽ എതിരാളികളെ പേരെടുത്തു വിളിക്കുന്ന ഇത്തരം പ്രകോപന മുദ്രാവാക്യങ്ങൾക്കു വലിയ പങ്കുണ്ട്.
എതിരാളികൾക്കു നേരെയുള്ള അസഭ്യവർഷവും അശ്ലീല പ്രയോഗങ്ങളുമാണു പുതിയ മുദ്രാവാക്യങ്ങളിൽ കൂടുതലും. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനു നേരെയുണ്ടാകുന്ന സ്ഥിരം വെല്ലുവിളി മുദ്രാവാക്യം ഇങ്ങനെ: ‘ഒറ്റക്കയ്യൻ ജയരാജാ, മറ്റേക്കയ്യും വെട്ടും ഞങ്ങൾ.’ ആ മുദ്രാവാക്യം ആർഎസ്എസും യൂത്ത് കോൺഗ്രസും എസ്ഡിപിഐയും ഒരുപോലെ ഏറ്റുവിളിക്കാറുണ്ട്. പാർട്ടി പ്രവർത്തകരിൽ ആവേശമുണ്ടാക്കാമെങ്കിലും ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം വരികൾ പൊതുസമൂഹത്തിന് അംഗീകരിക്കാൻ കഴിയാതെ അനവസരത്തിലുള്ളതായിരുന്നു. എതിരാളിയുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും വരെ വിഷയമാക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നയിച്ച ജനരക്ഷാ യാത്രയിൽ ഈ മുദ്രാവാക്യം വിളിച്ചതിനെതിരെ ജയരാജൻ കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു.
Post Your Comments