ന്യൂഡല്‍ഹി•പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലും റാഫേല്‍ യുദ്ധവിമാന ഇടപാടിലും പ്രധാനമന്ത്രി തുടരുന്ന മൗനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ രണ്ട് വിഷയത്തെക്കുറിച്ചും പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്തി’ലൂടെ കേള്‍ക്കാന്‍ രാജ്യം ആഗ്രഹിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
Read also: രാജ്യത്ത് കൂടുതല്‍ പ്രതിരോധ ഇടനാഴികള്‍ : രണ്ടര ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മോദിയുടെ പ്രഖ്യാപനം
മോദിജി, നിങ്ങള്‍ കഴിഞ്ഞമാസം ‘മന്‍ കി ബാത്ത്’ ആത്മഭാഷണത്തില്‍ എന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു. നീരവ് മോദിയുടെ 22,000 കോടിയുടെ കൊള്ളയെക്കുറിച്ചും 58,000 കോടിയുടെ റാഫേല്‍ കുംഭകോണത്തെക്കുറിച്ചും നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ രാജ്യത്തെ ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നുവെന്ന് നിങ്ങളുടെ ഹൃദയത്തിനറിയാമെന്നിരിക്കെ എന്തിനാണ് ‘മന്‍ കി ബാത്തിന് വേണ്ടി ആശയങ്ങള്‍ ചോദിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
“നിങ്ങളുടെ പ്രഭാഷണത്തിനായി ഞാൻ കാത്തിരിക്കുകയാണ്”- മന്‍ കി ബാത്തിനായി ആശയങ്ങള്‍ ചോദിച്ചുകൊണ്ടുള്ള മോദിയുടെ ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ട് രാഹുല്‍ കുറിച്ചു.
ചൊവ്വാഴ്ച മേഘാലയയില്‍ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെയും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയ്ക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. നരേന്ദ്ര മോദി അടുത്ത വിദേശ സന്ദര്‍ശനത്തിന് പോകുമ്പോള്‍ നീരവ് മോദിയേയും ഒപ്പം തിരിച്ചുകൊണ്ടുവരണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
കഠിനാധ്വാനം ചെയ്ത പണം തിരികെ ലഭിക്കുന്നതിന് ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മൾ എല്ലാവരും വളരെ നന്ദിയുള്ളവരായിരിക്കുമെന്നും കോണ്‍ഗ്രസ് മേധാവി പറഞ്ഞു.
രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദിയേയും നീരവ് മോദിയെയും താരതമ്യം ചെയ്യുകയും ചെയ്തു.
“നീരവ് മോദി വജ്രങ്ങള്‍ വില്പന നടത്തി. സ്വപ്‌നങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഇത് കൊണ്ടാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. വാസ്തവത്തില്‍, സര്‍ക്കാര്‍ ഉള്‍പ്പടെ പലര്‍ക്കും സ്വപ്‌നങ്ങള്‍ വില വിറ്റു എന്ന് പറയാൻ കഴിയും. എന്നാല്‍ ഇവരെല്ലാം സന്തോഷത്തോടെ ഉറങ്ങുമ്പോള്‍ ഒരു മോദി ജനങ്ങള്‍ കഠിനാധ്വാനം ചെയ്ത പണവും കൊണ്ട് കടന്നുകളയുകയായിരുന്നു.”- രാഹുല്‍ ഗാന്ധി പറഞ്ഞു.
“കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു (പ്രധാനമന്ത്രി) മോദിയും ഇന്ത്യയിലെ ജനങ്ങള്‍ക്ക് സ്വപ്‌നങ്ങള്‍ വിറ്റു. ‘അച്ചേ ദിന്‍’, എല്ലാവരുടെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം, രണ്ടു കോടി തൊഴിലവസരങ്ങള്‍ എങ്ങനെ നിരവധി സ്വപ്‌നങ്ങള്‍”-രാഹുല്‍ പറഞ്ഞു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,300 കോടി രൂപയുടെ വയ്പ്പ തട്ടിപ്പ് നടത്തിയ സംഭവം പുറത്തുവരുന്നതിന് തൊട്ട് മുന്‍പാണ് നീരവ് രാജ്യം വിട്ടത്. തട്ടിപ്പിനെച്ചൊല്ലി ബി.ജെ.പിയും കോണ്‍ഗ്രസും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുകയാണ്.
Post Your Comments